മെഡിക്കൽ പി.ജി. സീറ്റുകളിൽ 11 ശതമാനം വർധനവ്; സീറ്റ് മാട്രിക്സ് പുറത്തുവിട്ട് എൻ.എം.സി.

ന്യൂഡൽഹി: 2026-27 അക്കാദമിക് വർഷത്തേക്കുള്ള ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള സീറ്റ് മാട്രിക്സ് നാഷണൽ മെഡിക്കൽ കമ്മീഷൻപുറത്തുവിട്ടു. എംഡി , എംഎസ്, ഡിപ്ലോമ സീറ്റുകളുടെ ആകെ എണ്ണം 58,000 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തെ 52,173 സീറ്റുകളിൽ നിന്ന് 11 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രധാന വിവരങ്ങൾ:
സ്വാശ്രയ/ഡീംഡ് കോളേജുകൾ: പ്രൈവറ്റ്, ഡീംഡ് സർവകലാശാലകളിലെ സീറ്റുകളിൽ 32 ശതമാനത്തിന്റെ വലിയ വർധനവുണ്ടായി.
സർക്കാർ കോളേജുകൾ: സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റുകളുടെ എണ്ണത്തിൽ 10 ശതമാനം വർധന രേഖപ്പെടുത്തി.
വിവിധ വിഭാഗങ്ങൾ: അനസ്ത്യേഷ്യ, ഒഫ്താൽമോളജി, ഇഎൻടി , പത്തോളജി, സൈക്യാട്രി, റെസ്പിറേറ്ററി മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ മൊത്തത്തിൽ സീറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
അപ്പീൽ കമ്മിറ്റിയുടെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ സീറ്റ് മാട്രിക്സിൽ മാറ്റങ്ങൾ വരുത്താമെന്ന് എൻഎംസി ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പിന്നീട് അംഗീകാരം ലഭിക്കുന്ന അധിക പിജി സീറ്റുകളോ കോഴ്‌സുകളോ ഉണ്ടെങ്കിൽ അവ ഉൾപ്പെടുത്തി പുതുക്കിയ സീറ്റ് മാട്രിക്സ് നാഷണൽ മെഡിക്കൽ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അംഗീകൃത സീറ്റുകളിലേക്ക് മാത്രമേ പ്രവേശനം നടത്താവൂ എന്ന് എല്ലാ മെഡിക്കൽ കോളേജുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
സീറ്റ് മാട്രിക്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും വ്യത്യാസങ്ങളോ വൈരുദ്ധ്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ കൗൺസിലിങ് കമ്മിറ്റികൾ വിഷയം ഉടൻ തന്നെ മെഡിക്കൽ അസസ്‌മെന്റ് ആൻഡ് റേറ്റിങ് ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്.
Content Highlights: Total PG medical seats increased to 58,000 for the 2026-27 academic year