ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷ: തോറ്റവർക്ക് ആശ്വാസമായി എൻ.എം.സി; ഒറ്റത്തവണ 'മേഴ്സി അറ്റംപ്റ്റ്'

ന്യൂഡൽഹി: ഒന്നാം വർഷ എം.ബി.ബി.എസ് പരീക്ഷ ഇതുവരെ പാസാകാൻ കഴിയാത്ത വിദ്യാർഥികൾക്ക് ആശ്വാസവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. യോഗ്യരായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതിയെടുക്കാൻ ഒറ്റത്തവണ ഇളവായി മേഴ്സി അറ്റംപ്റ്റ് നൽകാൻ കമ്മീഷൻ തീരുമാനിച്ചു.
2019-20 അക്കാദമിക് വർഷം മുതൽ പ്രവേശനം നേടിയതും നിർദിഷ്ട ശ്രമങ്ങൾക്കുള്ളിൽ ഒന്നാം വർഷ പരീക്ഷ ജയിക്കാൻ സാധിക്കാത്തതുമായ വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.
തീരുമാനം പരീക്ഷാ ചട്ടങ്ങളിലെ സ്ഥിരമായ മാറ്റമല്ലെന്നും നിലവിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർഥികൾക്ക് മാത്രമുള്ള ഒറ്റത്തവണ റിലാക്സേഷൻ ആണെന്നും എൻ.എം.സി വ്യക്തമാക്കി. അഡീഷണൽ അറ്റംപ്റ്റ് അനുവദിച്ചെങ്കിലും എം.ബി.ബി.എസ് കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള പരമാവധി സമയപരിധിയായ 10 വർഷത്തിൽ മാറ്റമുണ്ടാകില്ല. പ്രവേശനം നേടിയ തീയതി മുതൽ 10 വർഷത്തിനുള്ളിൽ തന്നെ കോഴ്സ് പൂർത്തിയാക്കേണ്ടതുണ്ട്.