'പ്രതിഷേധവും വിയോജിപ്പും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം': നീറ്റ് ടോപ്പർ ആര്യൻ ഗുപ്ത

ന്യൂഡൽഹി: പ്രതിഷേധവും വിയോജിപ്പും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്ന് നീറ്റ് യു.ജി ഒന്നാം റാങ്ക് ജേതാവ് ആര്യൻ ഗുപ്ത. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങളെക്കുറിച്ച് എഎൻഐയോട് സംസാരിക്കവേയാണ് പരീക്ഷാ സംവിധാനത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ആര്യൻ പങ്കുവെച്ചത്.
‘സംവിധാനങ്ങളിൽ പോരായ്മകളുണ്ട്. ചോദ്യപേപ്പർ ചോർച്ചയോ സമാനമായ സംഭവങ്ങളോ ഇനി ആവർത്തിക്കാതിരിക്കാൻ പരീക്ഷാ രീതിയിൽ സമഗ്രമായ പരിഷ്കാരങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്’- വിദ്യാർത്ഥികളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ആര്യൻ പറഞ്ഞു.
'ദിവസവും 16-17 മണിക്കൂർ പഠനം, ലക്ഷ്യം ഓങ്കോളജി'; NEET UG പുനപരീക്ഷയിൽ ഒന്നാം റാങ്കുമായി ആര്യൻ ഗുപ്ത
പുനഃപരീക്ഷയിൽ 720-ൽ 715 മാർക്ക് നേടിയാണ് ആര്യൻ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ആദ്യഘട്ടത്തിൽ പരീക്ഷ റദ്ദാക്കിയപ്പോൾ ഉണ്ടായ കടുത്ത നിരാശയെക്കുറിച്ചും സംസാരിച്ചു.
‘പരീക്ഷ റദ്ദാക്കിയെന്ന് അറിഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി, ഒരുപാട് കരഞ്ഞു. എന്നാൽ ഏകദേശം 22 ലക്ഷത്തോളം വിദ്യാർഥികൾ ഇതേ സാഹചര്യം നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ, ഇതിനെ വീണ്ടും ലഭിച്ചൊരു അവസരമായി കണ്ട് തൊട്ടടുത്ത ദിവസം മുതൽ പഠനം തുടരുകയായിരുന്നു’- ആര്യൻ ഓർത്തെടുത്തു.
തന്റെ വിജയത്തിന് പിന്നിൽ ഡോക്ടർമാരായ മാതാപിതാക്കളുടെയും (ഡോ. സചിൻ ഗുപ്ത, ഡോ. റീനു ഗുപ്ത) എം.എ.എം.സിയിൽ പഠിക്കുന്ന ജ്യേഷ്ഠന്റെയും അധ്യാപകരുടെയും പിന്തുണയാണെന്നും ആര്യൻ കൂട്ടിച്ചേർത്തു.
Content Highlights: NEET UG re-exam All India Rank 1 holder Aryan Gupta, who scored 715/720 after studying 16 to 17 hours a day to pursue oncology, emphasized that student protests against paper leaks are essential for democracy while advocating for comprehensive reforms in the exam system.