എംസിസി നീറ്റ് പിജി കൗണ്‍സലിങ്: ഓരോ റൗണ്ടിലേക്കും പുതിയ ചോയ്സ്, വിശദവിവരങ്ങള്‍ അറിയാം

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി) നീറ്റ് പിജി മെഡിക്കല്‍ 2025 അടിസ്ഥാനമാക്കി ദേശീയതലത്തില്‍ നടത്തുന്ന എംഡി/എംഎസ്/ഡിപ്ലോമ/ഡിഎന്‍ബി കൗണ്‍സലിങ്ങില്‍ ഓരോ റൗണ്ടിലേക്കും പുതിയ ചോയ്സുകള്‍ നല്‍കണം. ഒരു റൗണ്ടിലേക്കു നല്‍കുന്ന ചോയ്സുകള്‍ ഒരു റൗണ്ടിനുശേഷം അവശേഷിക്കുന്ന ചോയ്സുകള്‍ എന്നിവ തുടര്‍ റൗണ്ടില്‍ പരിഗണിക്കില്ല.
ആദ്യ റൗണ്ടില്‍ 'ഫ്രീ എക്‌സിറ്റ്'
ആദ്യ റൗണ്ടില്‍ അലോട്മെന്റ് കിട്ടുന്നവര്‍ക്ക്, വേണമെങ്കില്‍ ആ അലോട്മെന്റ് വേണ്ടെന്നുവെക്കാം. സീറ്റ് സ്വീകരിക്കാതിരിക്കാം. ഡിപ്പോസിറ്റ് നഷ്ടപ്പെടില്ല. രണ്ടാം റൗണ്ടില്‍ അവര്‍ക്ക് പങ്കെടുക്കാനും കഴിയും. അതിനായി പുതിയ രജിസ്‌ട്രേഷനും നടത്തേണ്ടതില്ല. പ്രവേശനം നേടിയശേഷം ആദ്യ റൗണ്ട് സീറ്റില്‍നിന്ന് രാജിവെച്ചവര്‍ക്കും വീണ്ടും രജിസ്റ്റര്‍ ചെയ്യാതെ രണ്ടാം റൗണ്ടില്‍ പങ്കെടുക്കാം. ഇവരെല്ലാം പുതിയ ചോയ്സുകള്‍ യഥാസമയം നല്‍കണം. ആദ്യറൗണ്ടില്‍ സീറ്റ് ലഭിക്കാത്തവരും രണ്ടാം റൗണ്ടില്‍ പങ്കെടുക്കാന്‍ പുതിയ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. എന്നാല്‍, രണ്ടാം റൗണ്ടിലേക്ക് പുതിയ ചോയ്സുകള്‍ നല്‍കണം.
ആദ്യറൗണ്ടില്‍ പ്രവേശനം നേടിയാല്‍
ആദ്യറൗണ്ട് അലോട്മെന്റ് പ്രകാരം ഒരു കോളേജില്‍ പ്രവേശനം നേടുന്നവര്‍ രണ്ടാം റൗണ്ടില്‍ എങ്ങനെ, തന്നെ പരിഗണിക്കണമെന്ന്, പ്രവേശനം നേടുന്ന വേളയില്‍ വ്യക്തമാക്കണം. മെച്ചപ്പെട്ട ഒരു ചോയ്സിലേക്ക് രണ്ടാം റൗണ്ടില്‍ താത്പര്യമുണ്ടെങ്കില്‍ ആദ്യറൗണ്ട് പ്രവേശനം നേടുമ്പോള്‍ത്തന്നെ, 'അപ്ഗ്രഡേഷന്‍' ഓപ്ഷന്‍ നല്‍കാം. ഈ ഓപ്ഷന്‍ നല്‍കണമെങ്കില്‍ ആദ്യ -റൗണ്ട് അലോട്‌മെന്റ് പ്രകാരം കോളേജില്‍ പ്രവേശനം നേടണം. കിട്ടിയ സീറ്റില്‍ പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍, മറ്റൊരു മാറ്റം ആഗ്രഹിക്കുന്നില്ലെങ്കില്‍ 'അപ്ഗ്രഡേഷന്‍' സൗകര്യം വേണ്ടെന്നു വെക്കാം. അങ്ങനെ ചെയ്താല്‍, പ്രവേശനം നേടിയ സീറ്റില്‍ തുടരാം.
അപ്ഗ്രഡേഷന്‍ കൊടുത്താല്‍
രണ്ടാം റൗണ്ടിലേക്ക് അപ്ഗ്രഡേഷന്‍ ഓപ്റ്റു ചെയ്യുന്ന ആള്‍ പുതിയ ചോയ്സുകള്‍ നല്‍കണം (പുതിയ രജിസ്‌ട്രേഷന്‍ വേണ്ട, അവശേഷിക്കുന്ന ആദ്യ റൗണ്ട് ചോയ്സുകള്‍ നിലനില്‍ക്കില്ല). അതില്‍ ഒന്ന് ലഭിക്കുന്ന പക്ഷം, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും (കാരണം, മറ്റൊരാള്‍ക്ക് അത് അനുവദിച്ചിരിക്കും). പുതിയ സീറ്റില്‍ പ്രവേശനം നേടുന്നില്ലെങ്കില്‍, ആ സീറ്റ് നഷ്ടപ്പെടും. സെക്യൂരിറ്റി തുകയും നഷ്ടപ്പെടും. രണ്ടാം അലോട്‌മെന്റില്‍ മാറ്റം വരുന്നില്ലെങ്കില്‍ ആദ്യ അഡ്മിഷന്‍ നിലനില്‍ക്കും. അപ്ഗ്രഡേഷന്‍ തിരഞ്ഞെടുത്ത ശേഷം രണ്ടാം റൗണ്ടിലേക്ക് ചോയ്സ് ഫില്ലിങ് നടത്താതിരുന്നാല്‍ ആദ്യ റൗണ്ട് പ്രവേശനം നിലനില്‍ക്കും.
രണ്ടാം റൗണ്ടിന്റെ പ്രാധാന്യം
രണ്ടാം റൗണ്ടില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടാതിരുന്നാല്‍ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. പ്രവേശനം നേടി രാജിവെച്ചാലും സെക്യൂരിറ്റിത്തുക നഷ്ടപ്പെടും. എംസിസി മൂന്നാം റൗണ്ടില്‍ ഈ രണ്ട് വിഭാഗക്കാര്‍ക്ക് പങ്കെടുക്കണമെങ്കില്‍ പുതിയ രജിസ്‌ട്രേഷന്‍ നടത്തി, ഫീസ് അടയ്ക്കണം. ഇവര്‍ക്ക് മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിച്ചാല്‍, അതു സ്വീകരിക്കാതിരുന്നാലും സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാനും അര്‍ഹത ഉണ്ടാകില്ല.
രണ്ടാം റൗണ്ടിനുശേഷവും അപ്ഗ്രഡേഷന്‍
രണ്ടാം റൗണ്ടില്‍ പ്രവേശനം നേടുന്നവര്‍ക്ക്, മെച്ചപ്പെട്ട ഒരു ചോയ്സ് മൂന്നാം റൗണ്ടില്‍ വേണമെന്നുണ്ടെങ്കില്‍, രണ്ടാം റൗണ്ട് പ്രവേശനം നേടുമ്പോള്‍ത്തന്നെ മൂന്നാം റൗണ്ടിലേക്കുള്ള അപ്ഗ്രഡേഷന്‍ താത്പര്യം സ്ഥാപനത്തില്‍ അറിയിക്കണം. അപ്ഗ്രഡേഷന്‍ വേണ്ടെന്ന് ഓപ്റ്റ് ചെയ്താല്‍ തുടര്‍ റൗണ്ടില്‍ മാറ്റം ഉണ്ടാകില്ല. ഇവിടെയും മൂന്നാം റൗണ്ടില്‍ അപ്ഗ്രഡേഷന്‍ ലഭിച്ചാല്‍ അത് സ്വീകരിക്കണം. രണ്ടാം റൗണ്ടിനു ശേഷമുള്ള സീറ്റ് നഷ്ടപ്പെടും. സ്വീകരിച്ചില്ലെങ്കില്‍ മൂന്നാം റൗണ്ട് സീറ്റും നഷ്ടപ്പെടും. ഡിപ്പോസിറ്റ്' നഷ്ടപ്പെടും. സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ കഴിയില്ല. മൂന്നാം റൗണ്ടില്‍ ആദ്യമായി സീറ്റ് ലഭിക്കുന്നവരും അത് സ്വീകരിക്കണം. ഇല്ലെങ്കില്‍ അവര്‍ക്ക് സെക്യൂരിറ്റിത്തുക നഷ്ടമാകും. സ്‌ട്രേ വേക്കന്‍സി റൗണ്ടില്‍ പങ്കെടുക്കാന്‍ കഴിയില്ല. മൂന്നാം റൗണ്ടില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് സീറ്റ് ലഭിക്കാത്തവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.
മുന്നാം റൗണ്ട് കഴിയുമ്പോള്‍ എംസിസി വഴി, എവിടെയെങ്കിലും ഒരു അഡ്മിഷന്‍ ഉള്ളവര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യാനോ രാജിവെക്കാനോ മറ്റൊരു അലോട്‌മെന്റ് പ്രക്രിയയില്‍ പങ്കെടുക്കാനോ കഴിയില്ല. ഇപ്രകാരം അഡ്മിഷന്‍ ഉള്ളവരുടെ പട്ടിക, എംസിസി, സംസ്ഥാന ഏജന്‍സികള്‍ക്കു കൈമാറും. അവരെ അഖിലേന്ത്യാ സ്‌ട്രേ അലോട്‌മെന്റില്‍നിന്ന് ഒഴിവാക്കും. സംസ്ഥാനങ്ങളുടെ മൂന്നാം റൗണ്ട് കഴിയുമ്പോള്‍ അവിടെ ഒരു സീറ്റ് ഉള്ളവര്‍ക്ക് എംസിസി സ്‌ട്രേ റൗണ്ടിലേക്ക് അര്‍ഹത ഉണ്ടാകില്ല.
സ്‌ട്രേ റൗണ്ടില്‍ പുതിയ രജിസ്‌ട്രേഷന്‍/ചോയ്‌സ് ഫില്ലിങ് ഉണ്ടായിരിക്കും. ഒരു സീറ്റും അപ്പോള്‍ ഇല്ലാത്തവര്‍, എംസിസി ആദ്യ മൂന്നു റൗണ്ടുകളിലും പങ്കെടുക്കാത്തവര്‍ എന്നിവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാം. എംസിസി പിജി കൗണ്‍സലിങ് മുന്നാംറൗണ്ടില്‍ പ്രവേശനം നേടിയവര്‍/സീറ്റ് ഉള്ളവര്‍, മൂന്നാം റൗണ്ടില്‍ അലോട്‌മെന്റ് ലഭിച്ചെങ്കിലും പ്രവേശനം നേടാത്തവര്‍, സ്റ്റേറ്റ് അലോട്‌മെന്റ് ഏജന്‍സി നല്‍കുന്ന ഡേറ്റ പ്രകാരം, സ്‌ട്രേ വേക്കന്‍സി റൗണ്ട് സമയത്ത് സ്റ്റേറ്റ് ക്വാട്ടയില്‍ പ്രവേശനം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് സ്‌ട്രേ റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല. സ്‌ട്രേ റൗണ്ടില്‍ അലോട്മെന്റ് ലഭിക്കുന്നവര്‍ പ്രവേശനം നേടണം. നേടിയില്ലെങ്കില്‍ സെക്യൂരിറ്റിത്തുക നഷ്ടപ്പെടും.
അലോട്‌മെന്റ് ലെറ്റര്‍
ഓരോ ഘട്ടത്തിലും അലോട്‌മെന്റ് ലഭിക്കുന്നവര്‍, അലോട്‌മെന്റ് ലെറ്റര്‍ എംസിസി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. പ്രവേശനം നേടാന്‍ അസല്‍ രേഖകള്‍ സഹിതം സമയപരിധിക്കകം സ്ഥാപനത്തില്‍ നേരിട്ടു ഹാജരാകണം. കൈവശം കരുതേണ്ട രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ പുറം 45, 46-ല്‍ നല്‍കിയിട്ടുണ്ട്.
പ്രവേശനം നേടിയശേഷം സീറ്റ് ഉപേക്ഷിക്കല്‍/രാജിവെക്കല്‍ തുടങ്ങിയവ ഓണ്‍ലൈനായി പൂര്‍ത്തിയാക്കണം. അപ്ഗ്രഡേഷന്‍ ലഭിക്കുന്നവര്‍ തൊട്ടുതലേ റൗണ്ട് പ്രവേശനത്തില്‍നിന്ന് ഓണ്‍ലൈനായി രൂപപ്പെടുത്താവുന്ന റിലീവിങ് ലെറ്റര്‍ എടുത്ത് പുതിയ സ്ഥാപനത്തില്‍ പ്രവേശനം നേടണം.
കാറ്റഗറി മാറ്റം വഴി, ഒരു റൗണ്ടില്‍ പ്രവേശനം നേടിയ സ്ഥാപനത്തിലേക്കു തന്നെ തുടര്‍ റൗണ്ടില്‍ അപ്ഗ്രഡേഷന്‍ ലഭിച്ചാലും തൊട്ടുതലേ റൗണ്ട് പ്രവേശനത്തില്‍ നിന്ന് ഓണ്‍ലൈനായി റിലീവിങ് ലെറ്റര്‍ എടുത്ത് അതേ സ്ഥാപനത്തില്‍ പുതിയ കാറ്റഗറിയില്‍ പ്രവേശനം നേടണം.
സെക്യൂരി ഡിപ്പോസിറ്റ് തിരികെലഭിക്കും
എല്ലാ റൗണ്ടുകളും കഴിഞ്ഞിട്ടും ഒരു അലോട്‌മെന്റും ഇല്ലാത്തവര്‍, അലോട്മെന്റ് സ്വീകരിച്ചവര്‍ എന്നിവര്‍ക്ക് സെക്യൂരിറ്റിത്തുക തിരികെക്കിട്ടും. ഏത് അക്കൗണ്ട് വഴിയാണോ തുക അടച്ചത്, ആ അക്കൗണ്ടിലേക്കു മാത്രമേ തുക റീഫണ്ട് ചെയ്യൂ.
സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും
രണ്ട് മൂന്ന്/സ്‌ട്രേ റൗണ്ടുകളില്‍ അലോട്‌മെന്റ് ലഭിക്കുന്നവര്‍, പ്രവേശനം നേടാത്തപക്ഷം അവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും. രജിസ്‌ട്രേഷന്‍ വേളയില്‍ തെറ്റായ വിവരം നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒരു സീറ്റ് അനുവദിക്കുകയും ചെയ്യപ്പെടുന്നവര്‍ക്ക് പ്രവേശനവേളയില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍, അവര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് നഷ്ടപ്പെടും.
പുതിയ സമയക്രമം
വിവിധ റൗണ്ടുകള്‍ക്കുള്ള പുതുക്കിയ സമയക്രമം, സീറ്റ് മെട്രിക്‌സ് എന്നിവ എംസിസി വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം സംസ്ഥാന കൗണ്‍സലിങ്ങിന്റെ പുതുക്കിയ സമയക്രമവും പ്രതീക്ഷിക്കാം.
Content Highlights: Understand MCC NEET PG counselling rules: new choices each round, free exit in Round 1, and upgrade options.