10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ലെന്ന് എൻ.സി.ഇ.ആർ.ടി

ന്യൂഡൽഹി: പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഈ അധ്യായന വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിആർടി) അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങൾ 2027-28 അധ്യായന വർഷം മുതൽ മാത്രമേ ക്ലാസുകളിൽ അവതരിപ്പിക്കുകയുള്ളൂ.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
1 മുതൽ 8 വരെ ക്ലാസുകൾ: പുതിയ പാഠപുസ്തകങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇവ പ്രിന്റ് രൂപത്തിലും ഡിജിറ്റലായും ലഭ്യമാണ്.
9-ാം ക്ലാസ്: ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 2026-27 അധ്യായന വർഷം മുതൽ ഇവ പ്രാബല്യത്തിൽ വരും. കരട് സിലബസ് ഇപ്പോൾ എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ ലഭ്യമാണ്.
10, 11 ക്ലാസുകൾ: പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത് 2027-28 ലേക്ക് മാറ്റി.
9-ാം ക്ലാസിലെ പുതിയ ഇംഗ്ലീഷ് പാഠപുസ്തകം 'കാവേരി'
ഒമ്പതാം ക്ലാസിലെ പഴയ പാഠപുസ്തകങ്ങളായ ബീഹൈവ്, മൊമെന്റ്‌സ് എന്നിവയ്ക്ക് പകരം കാവേരി എന്ന പുതിയ ഒറ്റ പാഠപുസ്തകം എൻ.സി.ഇ.ആർ.ടി അവതരിപ്പിച്ചു.
പ്രധാന മാറ്റങ്ങൾ:
പാഠഭാഗങ്ങളുടെ എണ്ണം കുറച്ചു: നേരത്തെ ഉണ്ടായിരുന്ന 29 പാഠഭാഗങ്ങൾക്ക് പകരം 16 പാഠങ്ങൾ മാത്രമാണ് പുതിയ പുസ്തകത്തിലുള്ളത്. പാഠ്യപദ്ധതി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പഴയ പുസ്തകത്തിൽ ഉണ്ടായിരുന്ന 29 പാഠങ്ങളിൽ 15 എണ്ണവും വിദേശ എഴുത്തുകാരുടേതായിരുന്നു. എന്നാൽ പുതിയ പുസ്തകത്തിൽ ഇന്ത്യൻ, വിദേശ എഴുത്തുകാർക്ക് തുല്യ പ്രാധാന്യം നൽകുന്നു.
സുധാ മൂർത്തി, സുബ്രഹ്മണ്യ ഭാരതി, രവീന്ദ്രനാഥ ടാഗോർ, തെംസുല അഒ, മിത്ര ഫുകൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധാ മൂർത്തിയുടെ ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ ടു റീഡ് എന്ന കഥയാണ് പുസ്തകം ആരംഭിക്കുന്നത്.
പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കുമായി നടത്തിയ അഭിമുഖം ഉൾപ്പടെ പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശ എഴുത്തുകാരായ ഡേവിഡ് റോത്ത്, ചാൾസ് സ്വെയ്ൻ തുടങ്ങിയവരുടെ രചനകളും ഇതിലുണ്ട്.
Content Highlights: NCERT defers new textbooks for Classes 10 and 11 to the 2027-28 academic year.