CBSE ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകം; രണ്ട് പുസ്തകങ്ങൾക്ക് പകരം കാവേരി എന്ന ഒരൊറ്റ പുസ്തകം

ന്യൂഡൽഹി: സിബിഎസ്ഇ ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ മാറ്റങ്ങളുമായി എൻസിഇആർടി. കാവേരി എന്ന് പേരിട്ടിരിക്കുന്ന പുതിയ പാഠപുസ്തകം ഇന്ത്യൻ എഴുത്തുകാർക്കും പ്രാധാന്യം നൽകുന്നതാണ്.
നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എഡ്യൂക്കേഷൻ (NCF-SE) 2023-ന്റെ അടിസ്ഥാനത്തിലാണ് പുതിയ പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ നിലവിലുണ്ടായിരുന്ന ബീഹൈവ്, മൊമെന്റ്സ് എന്നീ രണ്ട് പാഠപുസ്തകങ്ങൾക്ക് പകരമായി ഇനിമുതൽ ഒരു പുസ്തകം മാത്രമേ ഉണ്ടാകൂ.
പ്രധാന മാറ്റങ്ങൾ:
പാഠഭാഗങ്ങളുടെ എണ്ണം കുറച്ചു: നേരത്തെ ഉണ്ടായിരുന്ന 29 പാഠഭാഗങ്ങൾക്ക് പകരം 16 പാഠങ്ങൾ മാത്രമാണ് പുതിയ പുസ്തകത്തിലുള്ളത്. പാഠ്യപദ്ധതി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പഴയ പുസ്തകത്തിൽ ഉണ്ടായിരുന്ന 29 പാഠങ്ങളിൽ 15 എണ്ണവും വിദേശ എഴുത്തുകാരുടേതായിരുന്നു. എന്നാൽ പുതിയ പുസ്തകത്തിൽ ഇന്ത്യൻ, വിദേശ എഴുത്തുകാർക്ക് തുല്യ പ്രാധാന്യം നൽകുന്നു.
സുധാ മൂർത്തി, സുബ്രഹ്മണ്യ ഭാരതി, രവീന്ദ്രനാഥ ടാഗോർ, തെംസുല അഒ, മിത്ര ഫുകൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ എഴുത്തുകാരുടെ രചനകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുധാ മൂർത്തിയുടെ ഹൗ ഐ ടോട്ട് മൈ ഗ്രാൻഡ് മദർ ടു റീഡ് എന്ന കഥയാണ് പുസ്തകം ആരംഭിക്കുന്നത്.
പാരാലിമ്പിക് അത്‌ലറ്റ് ദീപ മാലിക്കുമായി നടത്തിയ അഭിമുഖം ഉൾപ്പടെ പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശ എഴുത്തുകാരായ ഡേവിഡ് റോത്ത്, ചാൾസ് സ്വെയ്ൻ തുടങ്ങിയവരുടെ രചനകളും ഇതിലുണ്ട്.