നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ മൊഹാലിയിലുള്ള സ്വയംഭരണസ്ഥാപനമായ, നാഷണൽ അഗ്രി-ഫുഡ് ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എ.ബി.ഐ.) ബയോടെക്നോളജി പിഎച്ച്.ഡി. പ്രോഗ്രാം 2024 ജൂലായ് സെഷൻ പ്രവേശനത്തിന് അപേക്ഷക്ഷണിച്ചു.
ഗവേഷണമേഖലകൾ
അഗ്രിക്കൾച്ചറൽ ബയോടെക്നോളജി, ഫുഡ് ബയോടെക്നോളജി, ന്യൂട്രീഷ്യൻ ബയോടെക്നോളജി, പ്ലാൻറ്‌് മോളിക്യുലാർ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, നാനോബയോസയൻസസ്, പോസ്റ്റ് ഹാർവസ്റ്റ് ടെക്നോളജി, ഫങ്ഷണൽ ഫുഡ്സ്, ജനോമിക്സ്, കംപ്യൂട്ടേഷണൽ ബയോളജി. ഗവേഷണം എൻ.എ.ബി.ഐ.യിൽ നടക്കും. ദേശീയപ്രാധാന്യമുള്ള, ഫരീദാബാദിലെ റീജണൽ സെൻറർ ഫോർ ബയോടെക്നോളജിയാകും ബിരുദം നൽകുക (www.rcb.res.in).കോഴ്സ് ദൈർഘ്യം അഞ്ചുവർഷം. പരമാവധി ഏഴുവർഷംവരെ ലഭിക്കും.
യോഗ്യത
ലൈഫ് സയൻസസിന്റെ ഏതെങ്കിലുംമേഖലയിൽ എം.എസ്‌സി./എം.ടെക്. ബിരുദം, അല്ലെങ്കിൽ എം.ഫാർമ./എം.വി.എസ്‌സി./എം.ബി.ബി.എസ്./തത്തുല്യ ബിരുദം 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക്) വേണം.
യു.ജി.സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.എസ്.ടി./ഡി.ബി.ടി./സർക്കാർ അംഗീകൃത ഏജൻസിയുടെ ഗവേഷണത്തിനുള്ള ഫെലോഷിപ്പ്/പ്രവേശന എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത വേണം.ഗേറ്റ്, മറ്റേതെങ്കിലും ദേശീയതല പരീക്ഷ എന്നിവയിൽ യോഗ്യതനേടിയവരെ ‘എൻ.എ.ബി.ഐ. കോർ ഗ്രാൻറ്് ’ പദ്ധതിപ്രകാരമുള്ള ഫെലോഷിപ്പിന് പരിഗണിക്കും.
യോഗ്യതാകോഴ്സിന്റെ അന്തിമവർഷ/ അന്തിമ സെമസ്റ്റർ പരീക്ഷ അഭിമുഖീകരിച്ച് ഫലംകാത്തിരിക്കുന്നവർ, അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്കും പ്രവേശനവേളയിൽ യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കുവിധേയമായി അപേക്ഷിക്കാം.
അപേക്ഷ
വിശദാംശങ്ങൾ nabi.res.in/site/career-ലെ പ്രവേശന വിജ്ഞാപനത്തിലുണ്ട്. അപേക്ഷ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള ലിങ്ക് വഴി ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് 5.30 വരെ.
Content Highlights: National agri food biotechnology