നിർദേശത്തിൽ രാഷ്ട്രീയമില്ല, വേടന്റെ പാട്ടുകൾ ഇഷ്ടത്തോടെ കേൾക്കുന്ന ആളാണ് ഞാൻ- ഡോ. എം.എം. ബഷീർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സിലബസില്‍നിന്ന് റാപ്പര്‍ വേടന്റെയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാനുള്ള വിദഗ്ധസമിതി ശുപാര്‍ശയില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് മലയാളം ബിരുദ ബോര്‍ഡിനയച്ചിട്ടുണ്ട്. ബോര്‍ഡാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
മലയാളബിരുദം മൂന്നാം സെമസ്റ്റര്‍ താരതമ്യപഠന പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരേ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ റിട്ട. പ്രൊഫസര്‍ ഡോ. എം.എം. ബഷീറിനെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹമാണ് പാട്ടുകള്‍ ഒഴിവാക്കണമെന്ന ശുപാര്‍ശയോടെ റിപ്പോര്‍ട്ട് നല്‍കിയത്.
പരാതികളുടെ അടിസ്ഥാനത്തിലല്ല തന്റെ ശുപാര്‍ശകളെന്ന് ഡോ. എം.എം. ബഷീര്‍ വ്യക്തമാക്കി. തന്റെ നിര്‍ദ്ദേശങ്ങളില്‍ രാഷ്ട്രീയമില്ലെന്നും വേടന്റെ പാട്ടുകള്‍ ഇഷ്ടത്തോടെ കേള്‍ക്കുന്ന ഒരാളാണ് താനെന്നും ഡോ. ബഷീര്‍ പറഞ്ഞു.
കഥകളി സംഗീതവും ശാസ്ത്രീയസംഗീതവും താരതമ്യപ്പെടുത്തുന്നത് ബിഎ മലയാളം വിദ്യാര്‍ഥികള്‍ക്ക് കഠിനമാകും, മൈക്കിള്‍ ജാക്‌സണിന്റെ 'ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന ഗാനവും വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിട'വും സംഗീതപരമായി താരതമ്യംചെയ്യുക വിദ്യാര്‍ഥികള്‍ക്ക് അപ്രാപ്യമാകും എന്നിങ്ങനെയൊണ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍. ഒപ്പം ഈ ഭാഗങ്ങള്‍ ഒഴിവാക്കി അനുയോജ്യമായ മറ്റു പാഠഭാഗങ്ങള്‍ ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്.
ബിജെപി സിന്‍ഡിക്കേറ്റംഗം എ.കെ. അനുരാജ്, ബിജെപി സെനറ്റംഗം എ.വി. ഹരീഷ്, സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി എന്നിവരുടെ പരാതികള്‍ ഉള്‍പ്പെടെ അഞ്ച് പരാതികളാണ് വിസിക്ക് ലഭിച്ചത്.
വേടനോടും ഗൗരിലക്ഷ്മിയോടുമുള്ള ചിലരുടെ ഭയം അവരുടെ ജനിതകഘടനയിലുള്ളതാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചു. സര്‍വകലാശാലകളിലെ കാവിവത്കരണ അജന്‍ഡയുടെ ഭാഗമായാണ് വേടന്റെ പാട്ട് സിലബസില്‍ നിന്നൊഴിവാക്കുന്നത് എന്നാണ് എസ്എഫ്‌ഐയുടെ പ്രതികരണം.
Content Highlights: MM Basheer on recommendation of removing Vedan Gowry Lekshmi songs from Calicut university syllabus