ഇതരസംസ്ഥാന വിദ്യാർഥികളുടെ പഠനം; അവർ നമ്മോടൊപ്പം മുന്നേറുന്നുണ്ടോ ?

#ഡോ. രാജീവ് കുമരംകണ്ടത്ത്, ഫ്രാങ്കിൾ ബി.ആർ.
പ്രതീകാത്മക ചിത്രം| ഫോട്ടോ: മധുരാജ്
പ്രതീകാത്മക ചിത്രം| ഫോട്ടോ: മധുരാജ്

`കുറച്ചു ദിവസങ്ങൾക്കുമുൻപാണു കഞ്ചിക്കോട്ടെ ഒരു സ്കൂളിൽ സഹോദരങ്ങളായ രണ്ട്‌ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് അധ്യാപികയുടെ കടുത്ത അവഗണന കാരണം പഠനം ഉപേക്ഷിക്കേണ്ടിവന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും സംസ്ഥാനത്തു പലയിടങ്ങളിലും ഇതരസംസ്ഥാന വിദ്യാർഥികളുടെ വിദ്യാഭ്യാസം പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ട്.

ഉൾച്ചേരലിന്റെ മാതൃകകളും ന്യൂനതകളും

ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള സൗഹാർദ സമീപനത്തിൽ ഇന്ത്യയിൽ മുന്നിട്ടുനിൽക്കുന്നതു കേരളമാണ്. ഇതരസംസ്ഥാന വിദ്യാർഥികളെ ഭാഷാപരമായും സാംസ്കാരികമായും ഉൾക്കൊള്ളിക്കാനായി റോഷ്നി പ്രോജക്ടും ഇൻക്ലൂസീവ് അസംബ്ലിയും (തിരുവനന്തപുരം വിറകുപുരക്കോട്ട സ്കൂൾ ഇവിടെ പ്രത്യേക പരാമർശമർഹിക്കുന്നുണ്ട്) പോലുള്ള പല പദ്ധതികളും ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നുണ്ട്. എന്നാൽ, സംസ്ഥാനത്ത് പലഭാഗങ്ങളിലും ഇവരുടെ വിദ്യാഭ്യാസം, പ്രവേശനംമുതൽ അർഥവത്തായ രീതിയിൽ അവരെ വിദ്യാഭ്യാസ പദ്ധതികളിൽ ഉൾക്കൊള്ളിക്കുന്നത് (meaningful inclusion) വരെ ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്നുണ്ട്. പലർക്കും ജനനസർട്ടിഫിക്കറ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും പലപ്പോഴും ആധാർ പോലുള്ള നിർണായകരേഖകൾ പോലുമുണ്ടാകാറില്ല. വിദ്യാഭ്യാസാവകാശ നിയമപ്രകാരം മതിയായ രേഖകളില്ലാത്തതുകൊണ്ട്‌ ഒരു വിദ്യാർഥിക്കും പ്രവേശനം നിഷേധിക്കാൻ പാടുള്ളതല്ല.

കേരളത്തിൽ തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനത്തൊഴിലാളികളിൽ പലരുടെയും മക്കൾ തങ്ങളെത്തിപ്പെട്ട ലോകവുമായി പൊരുത്തപ്പെടാനും ആശയവിനിമയം ചെയ്യാനും സാധിക്കാതെ ഒറ്റപ്പെട്ടുപോകുന്നത് ഒരസാധാരണ കാഴ്ചയല്ല. പലപ്പോഴും സ്കൂളിലെ മറ്റ് ഇതരസംസ്ഥാന വിദ്യാർഥികളുമായിമാത്രം ചങ്ങാത്തം കൂടുകയും അതുവഴി തങ്ങളുടേതായ മറ്റൊരു ലോകം സൃഷ്ടിക്കുകയും ചെയ്താണ് ഇവർ ഇതിനെ മറികടക്കുന്നത്. ഇവിടെ ഭാഷയ്ക്കുപുറമേ വിദ്യാർഥികൾക്കിടയിൽ സാംസ്കാരികമായ അന്തരങ്ങൾ സൃഷ്ടിക്കപ്പെടുന്നതായും കാണാം.

ചില അധ്യാപകരുടെയും സ്കൂളുകളുടെയും ക്രിയാത്മക ഇടപെടലുകൾക്കുമപ്പുറത്ത്‌ ഈ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായി സർക്കാർതലത്തിൽ ഭാഷാപിന്തുണ ബ്രിഡ്ജ് കോഴ്സുകൾ, അധികപഠനസഹായം, ബഹുഭാഷാ പഠനസാമഗ്രികൾ, അധ്യാപകർക്ക് പ്രത്യേക പരിശീലനം എന്നിവ ശക്തിപ്പെടുത്തേണ്ടതുണ്ട്.

അതിഥിത്തൊഴിലാളികളുടെ കുടുംബങ്ങളുമായി സ്ഥിരമായി ആശയവിനിമയം നടത്തുകയും അവരുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ മനസ്സിലാക്കുകയും വേണം. ബഹുഭാഷാ സാഹചര്യങ്ങളിലും ചലനാത്മകരായ വിദ്യാർഥികളുടെ (floating/mobile student community) പ്രത്യേക സാഹചര്യങ്ങൾ തിരിച്ചറിഞ്ഞും അധ്യാപനം നടത്താൻ പരിശീലനം നേടിയ അധ്യാപകർ കേരളത്തിലിപ്പോഴും തുലോം വിരളമാണ്.

ഇതിനോടൊപ്പംതന്നെ മനസ്സിലാക്കേണ്ട മറ്റൊരു പ്രധാന വസ്തുത, ഉത്തര, ഉത്തര-പൂർവ സംസ്ഥാനങ്ങളിൽനിന്ന്‌ വരുന്ന ഈ വിദ്യാർഥികളിൽ ഭൂരിഭാഗം പേർക്കും സംസ്ഥാനസർക്കാരിന്റെ സംവരണ ആനുകൂല്യങ്ങൾ ലഭിക്കാറില്ല എന്നതാണ്‌. ദാരിദ്രരേഖയ്ക്കുതാഴെ നിൽക്കുന്ന ഇവരിൽ വലിയൊരു വിഭാഗക്കാർക്കും ഈ ആനുകൂല്യങ്ങൾ വിദ്യാഭ്യാസത്തിനും തുടർപഠനത്തിനും അത്യന്താപേക്ഷിതമായ ഘടകങ്ങളാണ്.

ഒരു നവമാതൃക

നാമമാത്രമായ ഉൾച്ചേർക്കലിൽനിന്ന്‌ അർഥപൂർണമായ ഉൾച്ചേർക്കലിലേക്കു നമ്മുടെ സ്കൂൾവിദ്യാഭ്യാസം എത്തിച്ചേരാൻ ഇനിയും ദൂരങ്ങൾ ബാക്കിയുണ്ട്. അതിഥിത്തൊഴിലാളികളുടെ കുട്ടികൾ നമ്മുടെ വിദ്യാഭ്യാസപദ്ധതികളുടെ ഒരു അവിഭാജ്യഭാഗമാവുക എന്നതു അതിലെ ഒരു പ്രധാനഘട്ടമാണ്‌. റോഷ്നി പദ്ധതിയെ സംസ്ഥാനത്തുടനീളം ജ്യോതിപദ്ധതിയെന്ന പേരിൽ നടപ്പാക്കുന്നത് അഭിനന്ദനീയമാണ്, പക്ഷേ ‘അവരുടെ’ കുട്ടികൾ എന്ന അടിസ്ഥാനശിലയിൽ നിന്നു വ്യതിചലിച്ച് അവരെ ഇവിടത്തെ വിദ്യാഭ്യാസവ്യവസ്ഥയുടെ തുല്യ അവകാശികളായി അംഗീകരിക്കേണ്ടതുണ്ട്. അവരുടെ സവിശേഷമായ ആവശ്യങ്ങളോട് സംവേദനക്ഷമമായി പ്രതികരിക്കുന്ന തരത്തിൽ നമ്മുടെ വിദ്യാലയങ്ങളെയും വിദ്യാഭ്യാസസങ്കല്പങ്ങളെയും പുനഃക്രമീകരിക്കുകയുംകൂടി ചെയ്യുമ്പോഴേ യഥാർഥ ഉൾച്ചേർക്കൽ സാധ്യമാവുകയുള്ളൂ.

തിരുവനന്തപുരം ലൊയോള കോളേജിൽ ഫാക്കൽറ്റിയും സെന്റർ ഫോർ റിസർച്ച്, ഇന്റർവെൻഷൻ ആൻഡ്‌ പൊളിസി, കൊച്ചിയുടെ പ്രധാന ഗവേഷകനുമാണ് രാജീവ് , ഫ്രാങ്കിൾ സി.ആർ.ഐ.പി.യിലെ ഗവേഷണ അസോസിയേറ്റാണ്

തൊഴിൽ തേടിയെത്തുന്ന ഇതരസംസ്ഥാനത്തൊഴിലാളികളിൽ പലരുടെയും മക്കൾ തങ്ങളെത്തിപ്പെട്ട ലോകവുമായി പൊരുത്തപ്പെടാനും ആശയവിനിമയം ചെയ്യാനും സാധിക്കാതെ ഒറ്റപ്പെട്ടുപോകുന്നത് ഒരസാധാരണ കാഴ്ചയല്ല

Content Highlights: Migrant students in Kerala face severe educational exclusion and lack of basic documents like birth certificates and Aadhaar.