ചോദ്യപേപ്പർ ചോർച്ചയ്ക്ക് 10 കോടി പിഴയും തടവും; കർശന നിയമവുമായി മഹാരാഷ്ട്ര

മുംബൈ: മത്സരപ്പരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കുമെതിരെ നിയമനടപടികൾ ശുപാർശ ചെയ്ത് മഹരാഷ്ട്ര സർക്കാർ നിയോഗിച്ച സമിതി. തട്ടിപ്പുകളിൽ ഏർപ്പെടുന്നവർക്ക് ഏഴ് മുതൽ 10 വർഷം വരെ തടവും കുറഞ്ഞത് 10 കോടി രൂപ പിഴയും ചുമത്തണമെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി വി. രാധ അധ്യക്ഷയായ സമിതിയുടെ നിർദ്ദേശം. നിലവിൽ ഇത് അഞ്ച് മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ്.
നവംബർ 23-ന് സർക്കാരിന് സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് നിയമത്തിൽ ഭേദഗതികൾ വരുത്താൻ സമിതി ശുപാർശ ചെയ്തിരിക്കുന്നത്. തട്ടിപ്പിലൂടെ ഉണ്ടാകുന്ന നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്യണം. ഭൂമി, കെട്ടിടങ്ങൾ, വസ്തുവകകൾ എന്നിവയ്ക്കൊപ്പം ബൗദ്ധിക സ്വത്തവകാശങ്ങൾ, ഡിജിറ്റൽ ആസ്തികൾ, വെർച്വൽ ആസ്തികൾ എന്നിവയും കണ്ടുകെട്ടലിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് നിർദ്ദേശങ്ങൾ:
ഏജൻസികൾ: ക്രമക്കേടുകളിൽ പങ്കാളികളാകുന്ന ഏജൻസികൾക്ക് അഞ്ച് കോടി രൂപ വരെ പിഴയും എട്ട് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തണം. ഡയറക്ടർമാർക്കും മാനേജർമാർക്കും അഞ്ച് മുതൽ 10 വർഷം വരെ തടവും അഞ്ച് കോടി രൂപ വരെ പിഴയും ലഭിക്കാം.
പരീക്ഷാർത്ഥികൾ: പരീക്ഷയിൽ കൃത്രിമം കാട്ടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും (നിലവിൽ 3-5 വർഷം തടവും 10 ലക്ഷം രൂപ പിഴയും).
അന്വേഷണവും കോടതിയും: പോലീസ് ഉദ്യോഗസ്ഥരും ടാസ്ക് ഫോഴ്സും കേസുകൾ അന്വേഷിക്കണം. വിചാരണയ്ക്കായി കോടതികൾ രൂപീകരിക്കുകയും നിലവിലുള്ള കേസുകൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കുകയും വേണം.
കൺട്രോൾ സെന്ററുകൾ: ആസ്ഥാനത്തും ജില്ലകളിലും പരീക്ഷാ ദിവസങ്ങളിൽ ഓരോ കേന്ദ്രത്തിലുമായി കൺട്രോൾ സെന്ററുകൾ സ്ഥാപിക്കും. ജില്ലകളിൽ പരീക്ഷാ വിഭാഗവും 'വെന്യു ബാങ്കും' രൂപീകരിക്കും.
നാഗ്പൂർ സമ്മേളനത്തിൽ നിയമം കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ചോദ്യപ്പേപ്പർ ചോർച്ച നേരിടുമെന്നും പരീക്ഷാ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകുന്ന നിർദ്ദേശം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിൽ പ്രഖ്യാപിച്ച് സെപ്റ്റംബർ നാലിന് രൂപീകരിച്ച സമിതി നാല് ഘട്ടങ്ങളായാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഗ്രൂപ്പ്-സി തസ്തികകൾ 16,000-ലധികമായി ഉയർത്താനും പ്രായപരിധിയിൽ ഒരു വർഷത്തെ ഇളവ് നൽകാനും ആദ്യ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. ഇത് സർക്കാർ അംഗീകരിച്ചിരുന്നു.
Content Highlights: How Maharashtra Plans to Stop Exam Paper Leaks