കേന്ദ്രീയ വിദ്യാലയങ്ങളില്‍ അധ്യാപക, അനധ്യാപക തസ്തികകളില്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

കേന്ദ്രീയ വിദ്യാലയ(KVS), നവോദയ വിദ്യാലയ (NVS) എന്നിവിടങ്ങളിലെ വിവിധ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വിജ്ഞാപനം പുറത്തിറക്കി.
ഓൺലൈൻ അപേക്ഷകൾ 2025 നവംബർ 14-ന് ആരംഭിക്കും. ഡിസംബർ നാല് വരെ അപേക്ഷ സമർപ്പിക്കാം.. തസ്തികകളെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനം പിന്നീട് ബോർഡ് പുറത്തിറക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിവരങ്ങൾക്കും അപേക്ഷാ നടപടികൾക്കുമായി ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രം അപേക്ഷിക്കുക. ഔദ്യോഗിക വെബ്‌സൈറ്റുകൾ: cbse.gov.in, kvsangathan.nic.in, navodaya.gov.in.
പുതിയ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അനുമതി
- പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (കാബിനെറ്റ് കമ്മിറ്റി ഓൺ ഇക്കണോമിക് അഫയേർസ്) 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
- ഒമ്പത് വർഷത്തിനുള്ളിൽ 5,862.55 കോടി രൂപയാണ് പുതിയ കെവികളുടെ ഏകദേശ ചെലവായി കണക്കാക്കുന്നത്.
- പുതിയ വിദ്യാലയങ്ങളിൽ പ്രീ-പ്രൈമറി വിഭാഗങ്ങൾ ഉൾപ്പെടും. ഇവ 86,000-ത്തിലധികം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- നിലവിൽ രാജ്യത്ത് 1,288 കേന്ദ്രീയ വിദ്യാലയങ്ങളാണുള്ളത്.
വിദ്യാർഥികൾ കുറയുന്നു
കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥി പ്രവേശനത്തിൽ കുറവുണ്ടായതായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ പറയുന്നു.
തെലുഗുദേശം പാർട്ടിയിലെ ബി.കെ. പാർത്ഥസാരഥിയും കോൺഗ്രസിലെ സുധ ആർ ഉം ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവെയാണ് പ്രവേശനത്തിലെ കുറവ് ചൂണ്ടിക്കാട്ടിയത്.
2020-21 അധ്യയന വർഷത്തിൽ 13,87,763 ലക്ഷം വിദ്യാർത്ഥികൾ കെവികളിൽ പ്രവേശനം നേടിയപ്പോൾ, 2024-25 അധ്യയന വർഷം വരെ 13,50,518 ലക്ഷം വിദ്യാർത്ഥികളാണ് നിലവിൽ പഠിക്കുന്നത്.
ഈ രണ്ട് അധ്യയന വർഷങ്ങൾ താരതമ്യം ചെയ്യുമ്പോൾ, 37,245 ലക്ഷം വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്.
കെവികളിലെ പ്രവേശന നടപടിക്രമങ്ങൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പ്രതിരോധ ഉദ്യോഗസ്ഥരുടെയും മക്കൾക്കാണ് പരിഗണന നൽകുന്നത്. സീറ്റുകളുടെ ലഭ്യത അനുസരിച്ച് മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
Content Highlights: KVS & NVS announce teacher & non-teaching vacancies.