KUHS-ൽ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് അവസരം; അപേക്ഷകൾ ഓഗസ്റ്റ് 17 വരെ

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമിലേക്ക് കേരള ആരോഗ്യശാസ്ത്ര സർവകലാശാല അപേക്ഷ ക്ഷണിച്ചു. പൊതുജനാരോഗ്യമേഖലയിലെ ആധുനിക വെല്ലുവിളികളെ ശാസ്ത്രീയമായി നേരിടാൻ പ്രാപ്തരായ വിദഗ്ധരെ വാർത്തെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. തിരുവനന്തപുരത്തെ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലാണ് രണ്ടുവർഷ മുഴുവൻസമയ പ്രോഗ്രാം.
ഹെൽത്ത് സിസ്റ്റം മാനേജ്മെന്റ്, എപ്പിഡമിയോളജി, ഗ്ലോബൽ ഹെൽത്ത് എന്നിവയാണ് പഠനമേഖലകൾ. പൊതുജനാരോഗ്യസംവിധാനങ്ങൾ ശക്തിപ്പെടുത്തുക, രോഗനിരീക്ഷണം, ആരോഗ്യ നയരൂപവത്‌കരണം, ആരോഗ്യസംവിധാന മാനേജ്മെന്റ്, പകർച്ചവ്യാധി നിയന്ത്രണം, ആഗോള ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ വിദഗ്ധരുടെ ആവശ്യകത ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് മുഴുവൻസമയ അക്കാദമിക് പ്രോഗ്രാം ആരംഭിക്കുന്നത്.
യോഗ്യത:
മെഡിക്കൽ, ഡെന്റൽ, ആയുർവേദം, യുനാനി, സിദ്ധ, ഹോമിയോപ്പതി, നഴ്സിങ്, ഫാർമസി, അലൈഡ് ഹെൽത്ത് സയൻസ് എന്നീ ആരോഗ്യശാസ്ത്ര വിഭാഗങ്ങളിലെ ബിരുദധാരികൾക്കും സർവകലാശാല അംഗീകരിക്കുന്ന തത്തുല്യയോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
കൂടാതെ വെറ്ററിനറി സയൻസ്, ഫിഷറീസ്, അഗ്രിക്കൾച്ചറൽ സയൻസ് ബിരുദധാരികൾക്കും ഡി.എം.ഇ., ഡി.എച്ച്.എസ്., ഇ.എസ്.ഐ. എന്നിവിടങ്ങളിലെ ഇൻ-സർവീസ് ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. പ്രവേശന പരീക്ഷ സെപ്റ്റംബർ ആദ്യവാരത്തിലും ക്ലാസുകൾ ഒക്ടോബർ ആദ്യവാരത്തിലും ആരംഭിക്കും.
അപേക്ഷാ നടപടിക്രമം, പ്രവേശന യോഗ്യത, ഫീസ്, സീറ്റ് സംവരണം എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക് www.kuhs.ac.in കാണുക.
Content Highlights: Kerala University of Health Sciences (KUHS) has invited applications for its two-year full-time Master of Public Health (MPH) program at the School of Public Health, Thiruvananthapuram, with the application deadline set for August 17.