KTET; കേരളത്തിൽ ഹൈസ്കൂൾതലംവരെ അധ്യാപകരാകാൻ, പരീക്ഷകൾ ഫെബ്രുവരി 21-നും 23-നും

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

കേരളത്തിൽ പ്രൈമറിതലംമുതൽ ഹൈസ്കൂൾതലംവരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) 2025 ഡിസംബർ സെഷന് അപേക്ഷിക്കാം.

കേരളസർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകാരമുള്ള വിദ്യാലയങ്ങളിൽ അധ്യാപകരാകാൻ കെ-ടെറ്റ് യോഗ്യത നേടണം. ഇതൊരു യോഗ്യതാപരീക്ഷ മാത്രമാണ്. നിയമനത്തിനായി പരിഗണിക്കപ്പെടുന്നതിന് സർക്കാർ/നിയമ അധികാരികളുടെ അധ്യാപക നിയമന വിജ്ഞാപനപ്രകാരം ബന്ധപ്പെട്ടവർക്ക് അപേക്ഷ നൽകി തിരഞ്ഞെടുപ്പുപ്രക്രിയയിൽ പങ്കെടുക്കണം. സർക്കാരും നിയമന അധികാരികളും നിഷ്കർഷിച്ചിട്ടുള്ള മറ്റു യോഗ്യതാവ്യവസ്ഥകളും തിരഞ്ഞെടുപ്പുപ്രക്രിയയിൽ തൃപ്തിപ്പെടുത്തുകയും വേണം.

പരീക്ഷാ കാറ്റഗറികൾ

അധ്യാപകയോഗ്യതയ്ക്കായി നാലുവിഭാഗങ്ങളിലായാണ് കെ-ടെറ്റ് നടത്തുന്നത്.

• ലോവർ പ്രൈമറി സ്കൂൾ, അപ്പർ പ്രൈമറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർ യഥാക്രമം I, ll, III എന്നീ കാറ്റഗറികളിൽ/വിഭാഗങ്ങളിൽ പരീക്ഷയെഴുതണം.

• കാറ്റഗറി/വിഭാഗം IV, ഭാഷാധ്യാപകർ (അറബിക്, ഹിന്ദി, സംസ്കൃതം, ഉറുദു- യുപി തലംവരെ); സ്പെഷ്യലിസ്റ്റ് അധ്യാപകർ (ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നിവരാകാൻ ആഗ്രഹിക്കുന്നവർക്കാണ്

(വിജ്ഞാപനത്തിൽ കാറ്റഗറി 1, 2, 3, 4 എന്നും ഇവയെ പരാമർശിച്ചിട്ടുണ്ട്)

യോഗ്യതാ വ്യവസ്ഥകൾ

ആദ്യ മൂന്നു കാറ്റഗറികളിലായി കാറ്റഗറി അനുസരിച്ച് മാർക്ക് വ്യവസ്ഥയോടെ (ചില സംവരണവിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷാമാർക്കിൽ ഇളവുണ്ട്), ഹയർസെക്കൻഡറി/സീനിയർ സെക്കൻഡറി/ബിരുദം (ബിഎ/ബികോം/ബിഎസ്‌സി/ബിബിഎ) എന്നിവയ്ക്കൊപ്പം, നിശ്ചിത അധ്യാപന പരിശീലന കോഴ്സും (ടിടിസി/ഡിഎഡ്/ഡിഎൽഎഡ്/എൽടിടിസി/ബിഎൽഎഡ്/ഡിപ്ലോമ ഇൻ എജുക്കേഷൻ (സ്പെഷ്യൽ എജുക്കേഷൻ)/ബിഎഡ്/ബിഎഎഡ്/ബിഎസ്‌സിഎഡ് തുടങ്ങിയ യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം.

ചില പ്രത്യേക വ്യവസ്ഥകൾ

• ബിരുദാനന്തര ബിരുദത്തിന് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ബിഎഡ് അഡ്മിഷൻ നേടി വിജയിച്ചവർക്ക് അപേക്ഷിക്കാം

• കേരളത്തിൽ കെ-ടെറ്റ് നടപ്പാക്കുംമുൻപ്‌ എസ്എസ്എൽസി, ടിടിസി യോഗ്യത നേടുകയും പിന്നീട് സർവീസിൽ പ്രവേശിക്കുകയും ചെയ്തവർക്ക് കാറ്റഗറി-I പരീക്ഷയ്ക്ക് അപേക്ഷിക്കാം

• കേരളസർക്കാർ/പരീക്ഷാ ബോർഡ്/എൻസിടിഇ/സർവകലാശാലകൾ തുടങ്ങിയവ അംഗീകരിച്ച അധ്യാപന ഡിഗ്രി യോഗ്യത ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാം

• ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം എന്നീ വിഷയങ്ങളിൽ ഡിഗ്രി നേടിയവർക്ക് 50 ശതമാനം മാർക്കിൽ കുറയാതെ, എൻസിഇആർടി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനി(ആർഐഇ)ൽനിന്ന് നേടിയ അതേ വിഷയത്തിലുള്ള എംഎസ്‌സി എജുക്കേഷൻ ബിരുദം ഉണ്ടെങ്കിൽ കാറ്റഗറി-III-ന് അപേക്ഷിക്കാം

• സസ്യ/ജന്തുശാസ്ത്ര വിഭാഗക്കാർക്ക് 50 ശതമാനം മാർക്കിൽ കുറയാതെ, എൻസിഇആർടി റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനി(ആർഐഇ)-ൽനിന്ന് നേടിയ, ലൈഫ് സയൻസിലുള്ള എംഎസ്‌സി എജുക്കേഷൻ ബിരുദം ഉണ്ടെങ്കിൽ കാറ്റഗറി-III-ന് അപേക്ഷിക്കാം

• കുറഞ്ഞത് 45 ശതമാനം മാർക്കോടെ ബിഎ/തത്തുല്യ യോഗ്യതയും എൽടിടിസി/ഡിഎൽഎഡ് യോഗ്യതയും ഉള്ളവർക്ക് കാറ്റഗറി-III-ന് അപേക്ഷിക്കാം

• ഏതെങ്കിലും വിഷയത്തിൽ കേരളസർക്കാർ/പരീക്ഷാ ബോർഡ്/എൻസിടിഇ/സർവകലാശാലകൾ അംഗീകരിച്ച സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി ഇൻ ടീച്ചിങ് യോഗ്യത ഉള്ളവർക്ക് കെ-ടെറ്റ് IV-ന് അപേക്ഷിക്കാം

• ബിഎഡ്/ഡിഎഡ്/ഡിഎൽഎഡ് കോഴ്‌സ് അവസാനവർഷത്തിൽ/സെമസ്റ്റർ 3/4-ൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പക്ഷേ, ഇവർ കോഴ്സ് പൂർത്തിയാക്കി പരീക്ഷ വിജയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കേ കെ-ടെറ്റ് സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ.

പരീക്ഷ അഭിമുഖീകരിക്കാൻ പ്രായപരിധിയില്ല.

ഒരുതവണ കെ-ടെറ്റ് ജയിച്ചവർക്ക് അതേ കാറ്റഗറിയിൽ പരീക്ഷ വീണ്ടും എഴുതാൻ കഴിയില്ല.

കെ-ടെറ്റ് യോഗ്യത-ഒഴിവാക്കപ്പെട്ടവർ

ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യത നേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്.

• പ്രൈമറി ഘട്ടത്തിനുള്ള സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (സി-ടെറ്റ്) യോഗ്യതയുള്ളവരെ കെ-ടെറ്റ് കാറ്റഗറി I യോഗ്യത നേടുന്നതിൽനിന്നും; എലമെന്ററി ഘട്ട സി-ടെറ്റ് യോഗ്യതയുള്ളവരെ കെ-ടെറ്റ് കാറ്റഗറി II യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

• ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സർവകലാശാല അധ്യാപക നിയമനത്തിനുമായുള്ള നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റർ ഓഫ് ഫിലോസഫി (എംഫിൽ), ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്ഡി), മാസ്റ്റർ ഓഫ് എജുക്കേഷൻ (എംഎഡ്-ബന്ധപ്പെട്ട വിഷയത്തിൽ ആകണമെന്നില്ല) തുടങ്ങിയ യോഗ്യതയുള്ളവരെ കെ-ടെറ്റ് I മുതൽ IV വരെ കാറ്റഗറികളിൽ യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

• കെ-ടെറ്റ് കാറ്റഗറി III ജയിച്ചവരെ കാറ്റഗറി II യോഗ്യത നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്

• കാറ്റഗറി l, Il എന്നിവയിലൊന്നിൽ കെ-ടെറ്റ് യോഗ്യതയുള്ളവരെ ലോവർ പ്രൈമറി/അപ്പർ പ്രൈമറി അധ്യാപക നിയമനത്തിന് പരിഗണിക്കും

• കാറ്റഗറി III വിജയിച്ച ഭാഷാധ്യാപകരെ കാറ്റഗറി IV യോഗ്യത നേടുന്നതിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്

• സുപ്രീംകോടതിയുടെ 2025 സെപ്റ്റംബർ 1-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങൾക്കു വിധേയമാണ് സൂചിപ്പിച്ച ഇളവുകൾ.

പരീക്ഷ

ഫെബ്രുവരി 21-നും 23-നും പരീക്ഷ നടത്തും. എല്ലാ വിഭാഗങ്ങളിലെയും പരീക്ഷകൾക്ക് മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള ചോദ്യങ്ങളുള്ള ഒരു പേപ്പർ ഉണ്ടാകും. പരീക്ഷകളുടെ ദൈർഘ്യം രണ്ടരമണിക്കൂറാണ്. ഓരോ ദിവസവും രണ്ടു സെഷൻ. രാവിലെ 10 മുതൽ 12.30 വരെ, ഉച്ചയ്ക്ക് രണ്ടുമുതൽ 4.30 വരെ. കാറ്റഗറി-I, കാറ്റഗറി-II പരീക്ഷകൾ 21-ന് യഥാക്രമം രാവിലെയും ഉച്ചയ്ക്കും കാറ്റഗറി-III, കാറ്റഗറി-IV പരീക്ഷകൾ 23-ന് യഥാക്രമം രാവിലെയും ഉച്ചയ്ക്കും നടത്തും.

പരമാവധി മാർക്ക് 150. നെഗറ്റീവ് മാർക്ക് രീതി ഇല്ല.

കാറ്റഗറി I, ll, IV (ഭാഷ ഒഴികെ) ചോദ്യക്കടലാസുകൾ മലയാളം, ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിൽ ഉണ്ടായിരിക്കും. കാറ്റഗറി III-ന്റെ ചോദ്യങ്ങൾ (ഭാഷാവിഷയങ്ങൾ ഒഴികെ) ഇംഗ്ലീഷിൽ മാത്രമായിരിക്കും നൽകുക.

യോഗ്യത നേടാൻ

യോഗ്യത നേടാൻ പരീക്ഷയിൽ 60 ശതമാനം മാർക്ക് (90) വേണം. പട്ടിക/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55 ശതമാനവും (82), ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനവും (75) മാർക്ക് വേണം.

അപേക്ഷ

ktet.kerala.gov.in വഴി അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ കാറ്റഗറികളിൽ പരീക്ഷ അഭിമുഖീകരിക്കാൻ യോഗ്യതയുള്ളവർ, എത്ര കാറ്റഗറി അഭിമുഖീകരിക്കാൻ ഉദ്ദേശിച്ചാലും ഒരു അപേക്ഷയേ നൽകാവൂ. ഓരോ കാറ്റഗറിക്കും പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. എന്നാൽ, ഓരോ കാറ്റഗറിക്കും പ്രത്യേകം അപേക്ഷാഫീസ് അടയ്ക്കണം.

ഓരോ വിഭാഗത്തിനും അപേക്ഷിക്കാൻ 500 രൂപയാണ് ഫീസ്. പട്ടിക/ഭിന്നശേഷിക്കാർക്ക് 250 രൂപയും. ഫീസ് ഓൺലൈനായി (നെറ്റ് ബാങ്കിങ്‌, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്) അടയ്ക്കണം.

അപേക്ഷ നൽകാനും അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കാനും അപേക്ഷയുടെ ഫൈനൽ പ്രിൻറ് എടുക്കാനും ഡിസംബർ 30 വരെ സമയമുണ്ടാകും. പ്രിൻറൗട്ടോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.

വിവരങ്ങൾക്ക്: ktet.kerala.gov.in

Content Highlights: Apply for Kerala Teacher Eligibility Test (KTET) 2025 December session.