യു.പി.എസ്.ടി.: റാങ്കുപട്ടിക വന്ന് 10 മാസം, വെറും ഏഴുനിയമനം; സപ്ലിമെന്ററി ഉൾപ്പെടെ പട്ടികയിൽ 8522 പേർ

കോഴിക്കോട്: യു.പി. സ്കൂൾ അധ്യാപക (യു.പി.എസ്.ടി.) റാങ്ക് പട്ടിക നിലവിൽവന്ന് 10 മാസമായിട്ടും പ്രധാന പട്ടികയിൽനിന്ന് നടന്നത് ആകെ ഏഴ് നിയമനം മാത്രം. 12 ജില്ലകളിൽ ഒന്നാം റാങ്കുകാർക്കു പോലും നിയമനമായില്ല. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ഒരൊഴിവുപോലും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തില്ലെന്നാണ് വിവരം. 2025 ഒക്ടോബറിലാണ് പട്ടിക നിലവിൽവന്നത്. 8522 പേർ വിവിധ ജില്ലകളിൽ മെയിൻ, സപ്ലിമെന്ററി, ഭിന്നശേഷി പട്ടികകളിലുണ്ട്.
ഭിന്നശേഷിക്കാരുടെ പട്ടികയിൽനിന്ന് 13 ജില്ലകളിലായി 46 പേർക്ക് നിയമനം ലഭിച്ചു. അതിൽ ഭൂരിഭാഗവും കഴിഞ്ഞതവണ ഒഴിവുള്ള ഭിന്നശേഷി തസ്തികകളിൽ നിന്നാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പ്രധാന പട്ടികയിലും ഭിന്നശേഷി പട്ടികയിലും ഉൾപ്പെട്ട 66 പേർക്കേ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂവെന്നും ഇവർ പറയുന്നു. നിയമന ശുപാർശ നല്കിയിട്ടുണ്ടെങ്കിലും ഒഴിവില്ലാത്തതിനാൽ മിക്കവർക്കും ജോലിയിൽ ചേരാനായിട്ടില്ല.
തൊട്ടുമുമ്പത്തെ പട്ടികയിൽനിന്ന് 3159 പേർക്ക് നിയമനം ലഭിച്ചിരുന്നു. നിയമനങ്ങൾ നടക്കാത്തതിൽ പ്രതിഷേധിച്ച് ഓൾ കേരള യു.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുൻപിൽ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. എൽ.പി.എസ്.ടി. ഉദ്യോഗാർഥികളും ഇതേ ആവശ്യമുന്നയിച്ച് സമരത്തിലാണ്.
കുട്ടികൾ കുറഞ്ഞു, തസ്തികയും
ഉദ്യോഗാർഥികൾ ശേഖരിച്ച വിവരങ്ങൾ പ്രകാരം 735 യു.പി.എസ്.ടി. തസ്തികകളാണ് ഒഴിവുള്ളത്. തസ്തിക നിർണയത്തിൽ കുട്ടികളില്ലാത്തതിനാൽ ഇതിൽ 528 തസ്തികകൾ നഷ്ടപ്പെട്ടതായി ഉദ്യോഗാർഥികൾ പറഞ്ഞു. ബാക്കിയുള്ള 207 തസ്തികകളിൽനിന്ന് കഴിഞ്ഞ റാങ്ക് പട്ടികയിൽ നിന്ന് ഡിവിഷൻ ഫാൾ കാരണം അധ്യാപക തസ്തികയില്ലാതെ എച്ച്.ടി.വി. തസ്തികയിൽ കഴിയുന്ന അധ്യാപകർക്ക് നിയമനം നൽകേണ്ടിയും വരും. അഞ്ചാംക്ലാസിൽ 1:30, ആറും ഏഴും ക്ലാസുകളിൽ 1:35 അനുപാതത്തിലാണ് തസ്തികകൾ നിർണയിക്കുന്നത്. ഇത് 1:25, 1:30 അനുപാതത്തിലാക്കിയാൽ കൂടുതൽ തസ്തികകൾ സൃഷ്ടിക്കാനാകുമെന്ന് ആലപ്പുഴ ജില്ലാ യു.പി.എസ്.ടി. പ്രധാന പട്ടികയിലെ ഒന്നാം റാങ്കുകാരനായ എം.ആർ. രോഹിത്ത് പറഞ്ഞു.
Content Highlights: Despite 10 months passing since the publication of the UPST rank list in Kerala, only seven appointments have been made from the main list, prompting indefinite hunger strikes by aggrieved candidates outside the Secretariat.