തമിഴ്-മലയാളം നിഘണ്ടു അച്ചടി പൂര്‍ത്തിയാക്കാതെ കേരള സര്‍വകലാശാല

തിരുവനന്തപുരം: മലയാളത്തില്‍ ആദ്യമായി തയ്യാറാക്കിയ തമിഴ്-മലയാളം നിഘണ്ടുവിന്റെ അച്ചടി പൂര്‍ത്തിയാക്കാതെ കേരള സര്‍വകലാശാല. നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ എഡിഷന്‍കൂടി തയ്യാറാക്കാനുള്ള നിര്‍ദേശവും കടലാസില്‍ ഒതുങ്ങി.
മൂന്നു വര്‍ഷം മുന്‍പ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔദ്യോഗികമായി പ്രകാശനംചെയ്ത നിഘണ്ടുവാണിത്. 11 ലക്ഷം രൂപ മുടക്കിയാണ് 1600 പേജും 40,000 പദങ്ങളുമുള്ള നിഘണ്ടു തയ്യാറാക്കിയത്. സര്‍വകലാശാലയുടെ തമിഴ് ഭാഷാവിഭാഗം പ്രൊഫസര്‍ ഡോ. ടി വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ എട്ടു വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
തമിഴ് ഭാഷ പഠിക്കാന്‍ സഹായകമായ തമിഴ്-മലയാളം നിഘണ്ടു ആദ്യമായി തയ്യാറാക്കിയ പ്രൊഫ. വിജയലക്ഷ്മിയെ ആദരിക്കുന്നതിന് 11-ന് തമിഴ്നാട് ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുകയുമായാണ്.
കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസിക്കല്‍ തമിഴ് ഇന്‍സ്റ്റിറ്റ്യൂട്ട് മൂന്നു വര്‍ഷം മുന്‍പ് കേരള സര്‍വകലാശാലയുമായി സഹകരിച്ച് നിഘണ്ടുവിന്റെ അച്ചടിയും വിതരണവും ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. അതു നിരസിച്ച സര്‍വകലാശാലയാണ് ഇപ്പോള്‍ നിഘണ്ടു അച്ചടിക്കാന്‍ വൈമുഖ്യം കാണിക്കുന്നത്.
ആറു ദശാബ്ദം മുമ്പ് ഡോ. ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ച മലയാളം ലെക്സിക്കണ്‍ തയ്യാറാക്കലും അഞ്ചു വര്‍ഷമായി നിലച്ചിരിക്കുകയാണ്.
Content Highlights: Kerala University`s first Tamil-Malayalam dictionary, released 3 years ago, remains unprinted. Online edition plans also stalled.