മലയാളി വിദ്യാർഥികൾക്ക് പ്രിയം കർണാടക; വിദേശത്തേക്ക് ചേക്കേറുന്നവർ ഒരു ദശാബ്ദത്തിനിടെ ഇരട്ടിയായി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന് മലയാളികൾ മറ്റു സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രിയം കർണാടകയിലെ കോളേജുകൾ. ആഭ്യന്തര വിദ്യാർഥി കുടിയേറ്റത്തിൽ പകുതിയിലേറെയും കർണാടകയിലേക്കാണെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് ശേഖരിച്ച കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടിയായെന്ന് കേന്ദ്രസർക്കാരിനു കീഴിലെ നിതി ആയോഗിന്റെ കണക്കുകളിലെ വെളിപ്പെടുത്തൽ.
2023-ൽ 1.32 ലക്ഷം മലയാളി വിദ്യാർഥികളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് ഉന്നത പഠനത്തിനായി പോയത്. ഇതിൽ 67,195 പേർ തിരഞ്ഞെടുത്തത് കർണാടകയിലെ കോളേജുകളായിരുന്നു, 50.8 ശതമാനം പേർ.
തമിഴ്‌നാട്ടിലേക്ക് 27,696 പേർ (20.96%), മഹാരാഷ്ട്ര-7,429 (5.6%), ന്യൂഡൽഹി-6983 (5.3%), ആന്ധ്രാപ്രദേശ് - 5767 (4.4%) എന്നിങ്ങനെയാണ് മറ്റുള്ള പ്രധാന കണക്ക്. പഞ്ചാബ്, ഉത്തർപ്രദേശ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലേക്കും കുടിയേറ്റം നടന്നു.
2016-ൽ വിദേശത്തു പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 6.8 ലക്ഷമായിരുന്നു. ഇപ്പോഴത് 13.35 ലക്ഷമായെന്നാണ് നിതി ആയോഗിന്റെ കണക്ക്. 2024-ൽ 4.27 ലക്ഷം പേർ കാനഡയിലെത്തി. അമേരിക്ക-3.37 ലക്ഷം, ബ്രിട്ടൻ-1.85 ലക്ഷം, ഓസ്‌ട്രേലിയ-1.22 ലക്ഷം, ജർമനി-43,000 പേർ എന്നിങ്ങനെയാണ് വിദേശങ്ങളിലേക്ക് വിദ്യാഭ്യാസത്തിനുപോയ ഇന്ത്യൻ വിദ്യാർഥികൾ.
കേരളത്തിൽ സീറ്റ് ക്ഷാമമില്ല
ഈ വർഷം സി.ബി.എസ്.ഇ.യിലും സംസ്ഥാന സിലബസിലുമായി മൂന്നര ലക്ഷം വിദ്യാർഥികൾ ഉന്നത പഠനത്തിന് യോഗ്യതനേടി. ഇവർക്കെല്ലാം പഠിക്കാൻ വിവിധ കോഴ്‌സുകളിലായി നാലു ലക്ഷത്തിലേറെ സീറ്റുകൾ കേരളത്തിൽ തന്നെയുണ്ട്. ഇവരെല്ലാം കേരളത്തിലെ കോളേജുകളിൽ ചേരുമെന്ന് ഉറപ്പില്ല. എങ്കിൽ, സീറ്റുകൾ ഇത്തവണ വൻതോതിൽ ഒഴിഞ്ഞുകിടക്കും.
Content Highlights: Data from the Higher Education Department and Niti Aayog reveals that over half of Kerala's domestic student migrants choose Karnataka for higher education, while Indian student migration abroad has doubled over the past decade despite an abundance of college seats within Kerala.