ഗ്രേസ് മാർക്ക് പുതുക്കി ഉത്തരവിറങ്ങി; പത്രവായനയ്ക്ക് മാർക്ക് നൽകുന്നതിൽ തീരുമാനമായില്ല

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ശാസ്ത്രമാസിക മത്സരം ശാസ്ത്രോത്സവത്തിൽനിന്ന്‌ വേർതിരിച്ചതിനാൽ, അതിനായി പ്രത്യേക ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനതല വായനമത്സരം, ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ, സാമൂഹികശാസ്ത്ര ടാലന്റ സെർച്ച് പരീക്ഷ, ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ എന്നിവയ്ക്കു സമാനമായി സംസ്ഥാനതല മത്സരത്തിൽ ജേതാക്കളായവർക്കാണ് ഗ്രേസ് മാർക്ക്.

ഒന്നാംസ്ഥാനത്തിന് 20, രണ്ടാംസ്ഥാനം-17, മൂന്നാം സ്ഥാനം-14 എന്നിങ്ങനെ ഗ്രേസ് മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായിരുന്ന വൊക്കേഷണൽ എക്സ്‌പോ കേരള സ്കൂൾ നൈപുണ്യ മേള എന്നാക്കി പുനർനാമകരണം ചെയ്തു. 19 തത്സമയ ഇനങ്ങൾക്കുമാത്രമാണ് ഗ്രേസ് മാർക്ക്. എ ഗ്രേഡ്-20, ബി ഗ്രേഡ്-15, സി ഗ്രേഡ്-10 എന്നിങ്ങനെയാണ് മാർക്ക്.

പത്രവായനയ്ക്ക് ഉൾപ്പെടെ ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചെങ്കിലും ഇതിൽ ഉത്തരവായിട്ടില്ല. ഗ്രേസ് മാർക്ക് നൽകാനുള്ള മാർഗരേഖയും മത്സരരീതികളുമൊക്കെ നിശ്ചയിച്ചുമാത്രമേ ഇക്കാര്യത്തിൽ തുടർനടപടിയെടുക്കാനാവൂവെന്നാണ് വിശദീകരണം. ഏതുതലങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കണമെന്നതിൽ ധാരണയായിട്ടില്ല.

[object Object]

സംസ്ഥാനതല വായനമത്സരം നിലവിലുള്ളതിനാൽ, അതുമായി സംയോജിപ്പിക്കണമെന്നും ചർച്ചകളുണ്ട്. ഗ്രേസ് മാർക്കിൽ തീരുമാനമെടുക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത അധ്യയനവർഷത്തിന്റെ തുടക്കത്തിൽ മാർഗരേഖ നടപ്പാക്കിയശേഷമേ ഗ്രേസ് മാർക്ക് നിശ്ചയിക്കൂ.