‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ’; 30 ശതമാനം മാര്‍ക്ക് നിബന്ധനയില്‍ സര്‍ക്കാരിനെതിരേ പരിഷത്ത് തെരുവില്‍

കോഴിക്കോട്: എസ്.എസ്.എൽ.സി. വിജയത്തിന് എഴുത്തുപരീക്ഷയിൽ ഓരോവിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കുന്നതിനെതിരേ കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രചാരണം ശക്തമാക്കുന്നു. ‘തോൽപ്പിച്ചാൽ നിലവാരംകൂടുമോ’ എന്ന ചോദ്യമാണ് പരിഷത്ത് ഉയർത്തുന്നത്. സംസ്ഥാനതലത്തിൽ വിദ്യാഭ്യാസജാഥ നടത്തിയാണ് സർക്കാർ നിലപാടിനെതിരേ പരിഷത്ത് ജനങ്ങളോട് സംവദിക്കുന്നത്. ശിശുദിനത്തിൽ കാസർകോട്ടുനിന്ന് തുടങ്ങിയ വിദ്യാഭ്യാസജാഥ മനുഷ്യാവകാശദിനമായ ഡിസംബർ 10-ന് തിരുവനന്തപുരത്താണ് സമാപിക്കുക.
ഓരോവിഷയത്തിനും 30 ശതമാനം മാർക്ക് വാങ്ങണമെന്ന നിബന്ധന ഇക്കൊല്ലം എട്ടാംക്ലാസിലാണ് നടപ്പാക്കുക. അടുത്ത രണ്ടുവർഷങ്ങളിലായി ഒൻപതിലും പത്തിലും നടപ്പാക്കുമെന്നാണ് സർക്കാർ ഉത്തരവ്. പ്രത്യക്ഷത്തിൽ ഗുണകരമെന്ന് തോന്നാമെങ്കിലും കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ല ഈ നിർദേശമെന്നാണ് പരിഷത്തിന്റെ നിലപാട്.
സമൂഹത്തിലെ പിന്നാക്ക, ദുർബലവിഭാഗക്കാരെയാണ് മാർക്ക് നിബന്ധന ബാധിക്കുകയെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. കെ.എസ്.ടി.എ, ബാലസംഘം എന്നിവയുൾപ്പെടെ സി.പി.എമ്മുമായി ബന്ധമുള്ള സംഘടനകൾ നേരത്തേ ഈ പരിഷ്കാരത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രി 30 ശതമാനം മാർക്ക് നിബന്ധനയെ ശക്തമായി ന്യായീകരിച്ചതോടെ അവർ പരസ്യനിലപാടിൽനിന്ന് പിന്നാക്കം പോയി. ഈ സാഹചര്യത്തിലാണ് പരിഷത്തിന്റെ വിദ്യാഭ്യാസജാഥ ശ്രദ്ധേയമാകുന്നത്. ജാഥയ്ക്ക് ഇടതുസംഘടനകളുമായി ബന്ധമുള്ളവരിൽനിന്ന് നല്ലസഹകരണമാണ് ലഭിക്കുന്നതെന്ന് പരിഷത്ത് സംസ്ഥാന പ്രസിഡന്റും ജാഥാക്യാപ്റ്റനുമായ ടി.കെ. മീരാഭായ് പറഞ്ഞു.
Content Highlights: Kerala Sasthra Sahithya Parishad protests the new 30% pass mark rule for SSLC