കൈകൊണ്ട് തൊടാതെ മാർക്കിടൽ; ആറാം വർഷത്തിലും വിജയക്കുതിപ്പിൽ ആരോഗ്യ സർവകലാശാല

#ജി. രാജേഷ് കുമാർ

പത്തനംതിട്ട: സ്‌കാൻചെയ്ത ഉത്തരക്കടലാസുകൾ സ്‌ക്രീനിൽ മൂല്യനിർണയം നടത്തിയതിലെ (ഓൺ സ്‌ക്രീൻ മാർക്കിങ്-ഒ.എസ്.എം.) താളപ്പിഴ സി.ബി.എസ്.ഇ.യിലൂടെ പുറത്തുവരുമ്പോൾ രാജ്യത്തിന് അഭിമാനമായി കേരളത്തിൽ നിന്നൊരു മാതൃക. ഒ.എസ്.എമ്മിലൂടെ അതിവേഗം ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ ആറാം വർഷത്തിലാണ് ആരോഗ്യ സർവകലാശാല. കോവിഡ് കാലത്ത് ഉത്തരക്കടലാസുകൾ സ്പർശിച്ച് മാർക്കിടുന്നത് പന്തികേടാണെന്നതിൽനിന്ന് രൂപപ്പെട്ടതാണിത്. സ്വന്തം ജീവനക്കാരെ മാത്രം ആശ്രയിച്ചാണിത് നടത്തുന്നത്.

2020-ൽ തുടങ്ങിയപ്പോൾ കർണാടകയിൽ രാജീവ്ഗാന്ധി സർവകലാശാലയിലും ഈ രീതി ഉണ്ടായിരുന്നു. എന്നാൽ അവർ സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുകയായിരുന്നു. ബാഹ്യ ഇടപെടലുകൾ വേണ്ടെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലാണ് നിലപാടെടുത്തത്. 2022-ൽ അദ്ദേഹത്തിന് കേരള സർവകലാശാലയുടെ ചുമതലകൂടി കിട്ടിയപ്പോൾ അവിെടയും ബിരുദാനന്തരബിരുദത്തിന് ഈ രീതി നടപ്പാക്കി.

ഓൺ സ്‌ക്രീൻ മാർക്കിങ്

• മെഡി. കോളേജുകളിൽനിന്ന് ഉത്തരക്കടലാസ് തപാൽവഴി തൃശ്ശൂരിലെ സർവകലാശാലയിലേക്ക് അയയ്ക്കും.

• അവിടെ കിട്ടിയാലുടൻ എല്ലാം സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യും.

• എല്ലാ മെഡിക്കൽ കോളേജുകളിലും മൂല്യനിർണയ ക്യാമ്പുകളുണ്ട്.

• ഓരോ കോളേജിലും സൂപ്പർവൈസർമാരുമുണ്ട്. മൂല്യനിർണയത്തിനുള്ള അധ്യാപകർക്കും സൂപ്പർവൈസർക്കും നൽകിയ പാസ് വേഡ് ഉപയോഗിച്ചാലേ സ്‌കാൻ കോപ്പി കിട്ടൂ.

• ഒരു ഉത്തരക്കടലാസ് രണ്ട് അധ്യാപകർ മാർക്കിടും. ഇതിനായി രണ്ട് സ്കാൻഡ് കോപ്പി ലഭ്യമാക്കും.

• സ്‌ക്രീനിൽ മാർക്കിടാനുള്ള കോളമുണ്ട്. 1/4, 1/2, 3/4 എന്നീ മാർക്കുകളും ഇടാം.

• രണ്ടുപേരും നൽകിയ മാർക്കിൽ 15 ശതമാനമോ അതിനുമേലോ വ്യത്യാസം ഉണ്ടെങ്കിൽ മറ്റൊരു സ്‌കാൻഡ് കോപ്പി നൽകി മൂന്നാമതൊരാളെക്കൊണ്ട് മൂല്യനിർണയം നടത്തും. ഈ മൂന്നെണ്ണത്തിൽ ഏറ്റവും ഉയർന്ന രണ്ടെണ്ണത്തിന്റെ ശരാശരിയാകും എടുക്കുക.

• മൂല്യനിർണയം കഴിഞ്ഞാലുടൻ ടാബുലേഷനും കംപ്യൂട്ടർ ചെയ്യും. ഫലം അടുത്തദിവസം വരും. പരീക്ഷ കഴിഞ്ഞ് രണ്ടാംദിവസം നഴ്‌സിങ് ഫലം പ്രസിദ്ധീകരിച്ചതാണ് സർവകലാശാലയുടെ റെക്കോഡ്‌.

• ഫീസടച്ച് അപേക്ഷിച്ചാൽ മൂല്യനിർണയം നടത്തിയ പേപ്പറിന്റെ പകർപ്പ് ഡിജിറ്റലായി കൊടുക്കും.

Content Highlights: While CBSE faces scrutiny over its On-Screen Marking (OSM) system, the Kerala University of Health Sciences (KUHS) stands as a national success story, smoothly running its own secure, fast, and in-house digital answer sheet evaluation for the past six years.