കോളേജ് പരീക്ഷകൾ ഇനി പഴയതുപോലെയല്ല; ബിരുദ വിദ്യാർഥികൾക്കായുള്ള പുതിയ ചോദ്യഘടന ഇങ്ങനെ

തിരുവനന്തപുരം: നാലുവർഷബിരുദ പഠനം കാര്യക്ഷമമാക്കാൻ പരീക്ഷകളുടെ ചോദ്യഘടനയിൽ മാറ്റംവരുത്തുന്നു. കോളേജ് വിദ്യാർഥികളുടെ അക്കാദമിക പരിജ്ഞാനവും പഠനത്തിന്റെ ഫലമായി ലഭിക്കേണ്ട പ്രായോഗികശേഷിയും ഉറപ്പാക്കുന്ന തരത്തിൽ ചോദ്യഘടന ഉടച്ചുവാർക്കാനാണ് നിർദേശം. ഇത് ഉൾപ്പെടെയുള്ള വിദഗ്ധസമിതി റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചു.
പരീക്ഷകൾക്കുള്ള ചോദ്യങ്ങൾ മുഖ്യമായും മൂന്നു തരത്തിലായിരിക്കും. ചോദ്യങ്ങളിൽ 60 ശതമാനം, പഠിക്കുന്ന വിഷയത്തിൽ വിദ്യാർഥിയുടെ അടിസ്ഥാനജ്ഞാനം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം. 30 ശതമാനം അപഗ്രഥനശേഷി അളക്കുന്ന തരത്തിലും. 10 ശതമാനം ചോദ്യങ്ങളിലൂടെ വിദ്യാർഥികളുടെ സൃഷ്ടിപരതയും ഉറപ്പാക്കും. ചോദ്യങ്ങളുടെ നിലവാരം പരിശോധിക്കാൻ സർവകലാശാലാതലത്തിൽ സമിതികളും പ്രവർത്തിക്കും. കോളേജ് സിലബസിന്റെ 20 ശതമാനം അധ്യാപകർ രൂപകല്പന ചെയ്യും. ലാബ് പരീക്ഷകളുടെ മേൽനോട്ടത്തിനും മൂല്യനിർണയത്തിനും കോളേജിനു പുറത്തുള്ള അധ്യാപകരെ നിയോഗിക്കുന്ന രീതി പുനഃസ്ഥാപിക്കും. ആവശ്യമെങ്കിൽ വിരമിച്ച അധ്യാപകരുടെ സേവനവും തേടും. നാലാംവർഷം ഓണേഴ്സ് ഗവേഷണ പഠനം ഉറപ്പാക്കാൻ എല്ലാ പഠന വകുപ്പുകളിലും അംഗീകൃത സർവകലാശാലകളിൽനിന്നും ഗവേഷണ ബിരുദം നേടിയ രണ്ട് അധ്യാപകരുടെ സേവനമെങ്കിലും ഉറപ്പാക്കാനാണ് കൗൺസിലിന്റെ നിർദേശം. കൂടാതെ, നാലാംവർഷത്തെ പഠനത്തിനായി കോളേജുകളിൽ ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ സർവകലാശാലകളോടാവശ്യപ്പെട്ടു. നിലവിൽ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് അടക്കമുള്ള എല്ലാ ആനുകൂല്യവും നാലാം വർഷത്തേക്കുകൂടി വ്യാപിപ്പിക്കും.
Content Highlights: The Kerala State Higher Education Council has approved expert committee recommendations to overhaul the examination question pattern for four-year degree courses to focus on basic knowledge, analytical skills, and creativity.