ആണവ ഇന്ധനം തൊടാം, 24 മണിക്കൂർ ഉറങ്ങാതിരിക്കാം; തികച്ചും വ്യത്യസ്തം ഈ MBA

കൊച്ചി: എന്നെങ്കിലും ആണവ ഇന്ധനം തൊട്ടു നോക്കിയിട്ടുണ്ടോ? ആണവ ഇന്ധനം തൊട്ടുനോക്കൽ മുതൽ 24 മണിക്കൂർ ഉറങ്ങാതിരിക്കൽ വരെയായി വ്യത്യസ്തങ്ങളായ പരിശീലന പദ്ധതികളിലൂടെ ഒരു കോഴ്‌സ് ചെയ്താലോ? കേരള റവന്യൂവകുപ്പ് ദുരന്തനിവാരണത്തിൽ നടത്തുന്ന എം.ബി.എ. കോഴ്സിലാണ് ഇതെല്ലാം ഉൾപ്പെടുന്നത്.
ദുരന്തനിവാരണത്തിലുള്ള എം.ബി.എ. ആദ്യ ബാച്ചിന്റെ പരീക്ഷാഫലം പുറത്തുവന്നതോടെ കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രളയവും പ്രകൃതിദുരന്തങ്ങളും ഏറിവരുന്ന സാഹചര്യത്തിലാണ് കേരളം ഇങ്ങനെയൊരു കോഴ്സിനെക്കുറിച്ച് ചിന്തിച്ചത്. റവന്യൂവകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റാണ് കേരള സർവകലാശാലയ്ക്കുകീഴിൽ ഈ കോഴ്സ് നടത്തുന്നത്.
മൂന്നുവർഷം മുൻപ് തുടങ്ങിയ ആദ്യബാച്ചിൽ പഠിച്ച 23 പേരിൽ 21 പേരാണ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം സ്വദേശി എ.എം. നിഖിൽ ഒന്നാംറാങ്ക് നേടിയപ്പോൾ കഴക്കൂട്ടം സ്വജേശി അൽമാ അലോഷ്യസ് രണ്ടാംറാങ്കും കോട്ടയം സ്വദേശി കൃഷ്ണപ്രിയാ നായർ മൂന്നാംറാങ്കും നേടി. രണ്ടാം ബാച്ചിൽ 12 പേരും മൂന്നാം ബാച്ചിൽ 13 പേരും പഠിക്കുന്നുണ്ട്. നാലാം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കുംഭമേളയിലെ പങ്കാളിത്തം മുതൽ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ പ്രവർത്തനം വരെയായി വ്യത്യസ്തങ്ങളായ ഒട്ടേറെ പ്രാക്ടിക്കൽ ക്ലാസുകളിലൂടെയാണ് ഈ കോഴ്‌സ് മുന്നോട്ടുപോയത്. നമ്മുടെ നാട്ടിൽ ഇത്തരം ഒരു കോഴ്സ് വന്നത് നാടിന്റെ മാറിയ സാഹചര്യങ്ങളുടെ പ്രതിഫലനമാണെന്ന് ഐ.എൽ.ഡി.എം. എക്സിക്യുട്ടീവ് ഡയറക്ടറായ സബിൻ സമീദ് പറഞ്ഞു. അർബൻതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റികൾ മുതൽ ദേശീയ അതോറിറ്റിയിൽ വരെ ഈ കോഴ്‌സിന് ജോലി സാധ്യതകളുണ്ട്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ഇടങ്ങളിലെ ജോലിസാധ്യതകളിലേക്കും ഈ കോഴ്‌സ് വഴിതുറക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ജീവിതത്തിൽ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്തത്ര വ്യത്യസ്തമായ പ്രാക്ടിക്കൽ ക്ലാസുകളിലൂടെയാണ് ഈ കോഴ്‌സ് മുന്നോട്ടു പോയത്. അതുവഴി ലഭിക്കുന്ന അനുഭവ പരിചയവും ആത്മവിശ്വാസവും വലുതാണ്. ആദ്യബാച്ചിലെ കുട്ടികളായ ഞങ്ങളെ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക ക്ഷണിതാക്കളായി ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു’-
രണ്ടാംറാങ്ക് ജേതാവായ അൽമാ അലോഷ്യസ് പറഞ്ഞു.
Content Highlights: Kerala's education sector has created history with the publication of the first-batch exam results of the unique MBA in Disaster Management, a highly practical course conducted by the Institute of Land and Disaster Management (ILDM) under Kerala University.