ജെഇഇ മെയിന്‍/ അഡ്വാന്‍സ്ഡ്: ജോസ ചാനല്‍ വഴിയല്ലാതെയും പ്രവേശന അവസരങ്ങള്‍; വിശദവിവരങ്ങള്‍ അറിയാം

#ഡോ. എസ്. രാജൂകൃഷ്ണന്‍
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന 2026-ലെ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ പ്രധാനമായും എന്‍ഐടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഐഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി), ജിഎഫ്ടിഐ (ഗവണ്‍മെന്റ് ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്)/സിഎഫ്ടിഐ (സെന്‍ട്രലി ഫണ്ടഡ് ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ) എന്നിവയിലെ ബിരുദതല എന്‍ജിനിയറിങ്/ടെക്‌നോളജി/സയന്‍സ്/ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷയാണ്.

അതോടൊപ്പം, അതിലെ ബിഇ/ബിടെക് പേപ്പര്‍ ഐഐടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹരാകുന്നവരെ കണ്ടെത്തുന്ന യോഗ്യതാപരീക്ഷകൂടിയാണ്. ജെഇഇ മെയിന്‍/അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അലോട്‌മെന്റ് നല്‍കുന്നത് ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) ആണ്. ഈ രണ്ടു പരീക്ഷകളും അവയിലെ റാങ്കും ജോസ അലോട്‌മെന്റ് പരിധിയില്‍ വരാത്ത മറ്റ് ഒട്ടേറെ എന്‍ജിനിയറിങ്/സയന്‍സ്/മാനേജ്‌മെന്റ് അധിഷ്ഠിത പ്രവേശനങ്ങള്‍ക്ക് പരിഗണിക്കപ്പെടുന്നുണ്ട്.

അതിനാല്‍ ആ പ്രവേശനങ്ങളില്‍ താത്പര്യമുള്ളവര്‍ ഈ പരീക്ഷകള്‍ അഭിമുഖീകരിക്കണം. ജെഇഇ അഡ്വാന്‍സ്ഡിന് നേരിട്ട് അപേക്ഷിക്കാന്‍ കഴിയില്ല. അഡ്വാന്‍സ്ഡ് അടിസ്ഥാനമാക്കിയുള്ള ജോസ ഇതര പ്രവേശനം ആഗ്രഹിക്കുന്നവര്‍ അഡ്വാന്‍സ്ഡിന് അര്‍ഹത നിര്‍ണയിക്കുന്ന പരീക്ഷയായ ജെഇഇ മെയിന്‍ പേപ്പര്‍ 1 അഭിമുഖീകരിക്കണം.

അതോടൊപ്പം, ബന്ധപ്പെട്ട പ്രവേശന പ്രക്രിയകളില്‍ പരിഗണിക്കപ്പെടാന്‍ സ്ഥാപനങ്ങളിലേക്ക് നേരിട്ട് അപേക്ഷിക്കണം. ജെഇഇ മെയിന്‍ ആദ്യ സെഷന് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ജെഇഇ മെയിന്‍ രണ്ടാം സെഷന്‍ അപേക്ഷ വിളിക്കുമ്പോള്‍ അപേക്ഷിക്കാം. ജെഇഇ മെയിന്‍ ആദ്യ സെഷന്‍ ജനുവരി 2026 ജനുവരിയിലാണ് നടക്കുക. ഇന്ന് രാത്രി 11:50 വരെ അപേക്ഷിക്കാം. രണ്ടാം സെഷനുള്ള അപേക്ഷ ജനുവരി അവസാന വാരം.

ജെഇഇ മെയിന്‍/അഡ്വാന്‍സ്ഡ് സ്‌കോര്‍/റാങ്ക് ഉപയോഗിക്കുന്ന ചില പ്രവേശനങ്ങള്‍

  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി -തിരുവനന്തപുരം, വലിയമല, www.iist.ac.in): നാലുവര്‍ഷ ബിടെക്, അഞ്ചുവര്‍ഷ ഡ്യുവല്‍ ഡിഗ്രി പ്രവേശനം ജെഇഇ അഡ്വാന്‍സ്ഡ് സ്‌കോര്‍ വഴിയാണ്. അപേക്ഷിക്കാന്‍ വേണ്ട കട്ട് ഓഫ് സ്‌കോര്‍ സ്ഥാപനം നിശ്ചയിക്കും.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി (വിശാഖപട്ടണം iipe.ac.in): പെട്രോളിയം, കെമിക്കല്‍, മെക്കാനിക്കല്‍, മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ് ബിടെക്. ജെഇഇ അഡ്വാന്‍സ്ഡ് വഴി.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി -ബെംഗളൂരു, www.iisc.ac.in/admissions): നാലുവര്‍ഷ ബാച്ച്ലര്‍ ഓഫ് സയന്‍സ് (റിസര്‍ച്ച്)- ജെഇഇ അഡ്വാന്‍സ്ഡ് വഴി. ഐസര്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ചാനല്‍ വഴിയും പ്രവേശനമുണ്ട്.
  • നാലുവര്‍ഷ ബിടെക് മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടിങ്. ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് പരിഗണിച്ച്.
  • രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി (ആര്‍ജിഐപിടി, ഉത്തര്‍പ്രദേശ് അമേഠി -www.rgipt.ac.in): ബിടെക് വിവിധ ബ്രാഞ്ചുകള്‍ -ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് വഴി. ചില റൗണ്ടുകളില്‍ വ്യവസ്ഥകളോടെ ജെഇഇ മെയിന്‍ റാങ്ക് പരിഗണിച്ചും പ്രവേശനം നല്‍കിയേക്കാം.
  • ഇന്ത്യന്‍ നേവല്‍ അക്കാദമി (ഏഴിമല, കണ്ണൂര്‍ -www.joinindiannavy.gov.in): 10+2 ബിടെക് കെഡേറ്റ് എന്‍ട്രി സ്‌കീം (സ്ഥിരം കമ്മിഷന്‍): മിലിറ്ററി പരിശീലനത്തിനൊപ്പം എന്‍ജിനിയറിങ് പഠനത്തിനും അവസരം. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിനുള്ള ഷോര്‍ട് ലിസ്റ്റിങ് നിശ്ചിത വര്‍ഷത്തെ ജെഇഇ മെയിന്‍ ബിഇ/ബിടെക് പേപ്പര്‍ അഖിലേന്ത്യാ റാങ്ക് പരിഗണിച്ച്. സയന്‍സ് സ്ട്രീമില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
  • ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്‌സ് (സ്ഥിരം കമ്മിഷന്‍ -joinindianarmy.nic.in): മിലിറ്ററി പരിശീലനത്തിനൊപ്പം എന്‍ജിനിയറിങ് പഠനം. സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ഇന്റര്‍വ്യൂവിനുള്ള ഷോര്‍ട് ലിസ്റ്റിങ് നിശ്ചിത വര്‍ഷത്തെ ജെഇഇ മെയിന്‍ ബിഇ/ബിടെക് പേപ്പര്‍ റാങ്ക് പരിഗണിച്ച്. സയന്‍സ് സ്ട്രീമില്‍ പഠിച്ച ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
  • ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എഐടി -പുണെ. www.aitpune.com): ബിഇ പ്രവേശനം സായുധസേനകളില്‍ (ആര്‍മി, നേവി, എയര്‍ഫോഴ്‌സ്) സേവനം അനുഷ്ഠിക്കുന്നവരുടെ/വിരമിച്ചവരുടെ മക്കള്‍ക്കും മറ്റുചില സായുധസേനാ വിഭാഗക്കാര്‍ക്കും. ജെഇഇ മെയിന്‍ വഴി
  • ഡാസാ സ്‌കീം പ്രവേശനം: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ ഡയറക്ട് അഡ്മിഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് എബ്രോഡ് (ഡാസാ -dasanit.org/dasa2025) പ്രകാരമുള്ള പ്രവേശനം (2025-ല്‍ റൂര്‍ഖേല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) ആയിരുന്നു നടത്തിയത്) പദ്ധതിയനുസരിച്ച്, ഫോറിന്‍ നാഷണല്‍സ്/ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ)/പേഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പിഐഒ)/നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് (എന്‍ആഐ) എന്നിവര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എന്‍ഐടികള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടികള്‍), സ്‌കൂള്‍സ് ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ (എസ്പിഎകള്‍), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഇഎസ്ടി), ഷിബ്പുര്‍, മറ്റ് മുന്‍നിര സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയില്‍ ബിരുദതല എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, പ്ലാനിങ് പ്രോഗ്രാമുകളില്‍ സ്ഥാപനത്തിലെ ഓരോ പ്രോഗ്രാമിലെയും മൊത്തം സീറ്റുകളുടെ 15 ശതമാനം സൂപ്പര്‍ന്യൂമററി സീറ്റുകളില്‍ പ്രവേശനം നല്‍കുന്നു. കോഴ്സ് അനുസരിച്ച് ജെഇഇ മെയിന്‍ പേപ്പര്‍ 1/2A/2B യോഗ്യത വേണം.
  • ജോയിന്റ് അഡ്മിഷന്‍ കമ്മിറ്റി (ഡല്‍ഹി -jacdelhi.admissions.nic.in) വഴിയുള്ള ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി; നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഇന്ദിരാഗാന്ധി ഡല്‍ഹി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വിമന്‍, ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയിലെ എന്‍ജിനിയറിങ്/ ആര്‍ക്കിടെക്ചര്‍ പ്രവേശനം. ജെഇഇ മെയിന്‍ വഴി.
  • ഡല്‍ഹി സ്‌കില്‍ ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് യൂണിവേഴ്‌സിറ്റി (dseu.ac.in) എന്‍ജിനിയറിങ് ബിരുദ പ്രോഗ്രാം പ്രവേശനം. ജെഇഇ മെയിന്‍.
  • ജവാഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (ഹൈദരാബാദ് -jntuh.ac.in) അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി മാസ്റ്റേഴ്‌സ് പ്രോഗ്രാം. ജെഇഇ മെയില്‍ ചാനല്‍വഴിയും പ്രവേശനം ഉണ്ട്.
  • ഗതിശക്തി വിശ്വവിദ്യാലയ (വഡോദര, ഗുജറാത്ത്. gsv.ac.in): ബിടെക് പ്രവേശനം. ജെഇഇ മെയിന്‍ വഴി.
  • നാഷണല്‍ ഫയര്‍ സര്‍വീസ് കോളേജ് (നാഗ്പുര്‍, മഹാരാഷ്ട്ര -nfscnagpur.nic.in): ബിഇ ഫയര്‍ എന്‍ജിനിയറിങ്. ജെഇഇ മെയിന്‍.
  • സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഇസിആര്‍ഐ, കാരൈക്കുടി -btechadmn.cecri.res.in): ബിടെക് - കെമിക്കല്‍ ആന്‍ഡ് ഇലക്ട്രോകെമിക്കല്‍ എന്‍ജിനിയറിങ് പ്രോഗ്രാമിലേക്ക് തമിഴ്‌നാടിനു പുറത്തുള്ളവര്‍ക്കായുള്ള സീറ്റുകളിലെ (അദര്‍ സ്റ്റേറ്റ് ക്വാട്ട) പ്രവേശനം. ജെഇഇ മെയിന്‍.
  • ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി (ന്യൂഡല്‍ഹി -admission.jmi.ac.in) ബിടെക് പ്രവേശനം. ജെഇഇ മെയിന്‍.
  • കര്‍ണാടക സെന്‍ട്രന്‍ യൂണിവേഴ്‌സിറ്റി: ചില ബിടെക് പ്രോഗ്രാമുകള്‍ക്ക്, ജെഇഇ മെയിന്‍ https://cukcuet.samarth.edu.in
  • ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎസ്‌ഐ -www.isical.ac.in/~admission) - ബാച്ച്ലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റാ സയന്‍സ് (ബിഎസ്ഡിഎസ്) പ്രോഗ്രാം. 2025 പ്രവേശനത്തിന് ജെഇഇ മെയിന്‍ 2024/2025 റാങ്ക് പരിഗണിച്ചു.
  • ഐഐടി മാന്‍ഡി: സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (osm.iitmandi.ac.in) നടത്തുന്ന അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് എംബിഎ: ജെഇഇ അഡ്വാന്‍സ്ഡ് അഭിമുഖീകരിക്കാന്‍ അര്‍ഹത ലഭിക്കേണ്ടതിനുവേണ്ട ജെഇഇ മെയിന്‍ പേപ്പര്‍ 1 മിനിമം കാറ്റഗറി വൈസ് എന്‍ടിഎ കട്ട് ഓഫ് സ്‌കോര്‍ നേടിയിരിക്കണം.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് -കോഴിക്കോട് (ഐഐഎംകെ -www.iimk.ac.in) കൊച്ചി കാമ്പസില്‍ നടത്തുന്ന ബാച്ച്ലര്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (ബിഎംഎസ്) (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്) പ്രവേശനത്തിന് ജെഇഇ മെയിന്‍ സ്‌കോര്‍ പരിഗണിക്കുന്നുണ്ട്.
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം -ഒഡിഷ സാംബല്‍പുര്‍. iimsambalpur.ac.in) ബിഎസ് ഇന്‍ ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം പ്രവേശനത്തിന് ജെഇഇ മെയിന്‍.
  • അമൃത വിശ്വവിദ്യാപീഠം കല്പിത സര്‍വകലാശാല (amrita.edu/admissions/) വിവിധ കാമ്പസുകളില്‍ നടത്തുന്ന ബിടെക് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജെഇഇ മെയിന്‍ പേപ്പര്‍ 1 റാങ്കും പരിഗണിക്കാറുണ്ട്. 2026-ലെ അറിയിപ്പ് വന്നിട്ടുണ്ട്.
  • സിഇപിടി യൂണിവേഴ്‌സിറ്റി (admissions.cept.ac.in): ബാച്ച്ലേഴ്‌സ് ഇന്‍ സിവില്‍ എന്‍ജിനിയറിങ് (ഓണേഴ്‌സ്) (അഞ്ചുവര്‍ഷ പ്രോഗ്രാം). ജെഇഇ മെയിന്‍
  • സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജുക്കേഷന്‍ (ഷീ -online-inspire.gov.in): ബേസിക്/നാച്വറല്‍ സയന്‍സില്‍ ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമില്‍ പഠിക്കുന്നവര്‍ക്ക് കോഴ്‌സ് കാലയളവില്‍ പ്രതിവര്‍ഷം 80,000 രൂപ നല്‍കുന്ന പദ്ധതി. പിജി, പിഎച്ച്ഡി തലങ്ങളിലും തുടരാം. ജെഇഇ മെയിന്‍/അഡ്വാന്‍സ്ഡില്‍ 10,000-ത്തിനുള്ളില്‍ റാങ്കുള്ളവര്‍ക്ക് അപേക്ഷിക്കാം (മറ്റ് ചാനലുകള്‍ വഴിയും (10,000-ത്തിനുള്ളിലെ നീറ്റ് യുജി റാങ്ക്, ക്ലാസ് 12 ബോര്‍ഡ് പരീക്ഷയില്‍ മുന്നിലെത്തുന്ന ഒരു ശതമാനംപേരില്‍ ഉള്‍പ്പെട്ടവര്‍ തുടങ്ങിയ മറ്റ് ചാനലുകളും ഉണ്ട്).

Content Highlights: Engineering and science admission opportunities beyond JoSAA using JEE Main & Advanced scores. Explore top institutes like IIST, IIPE, IISc & more.