ജെഇഇ മെയിൻ 2026 ആദ്യ സെഷൻ; അപേക്ഷയ്ക്ക് മൂന്ന് ഘട്ടങ്ങള്‍, വിശദവിവരങ്ങള്‍ അറിയാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

2026-’27 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ജെഇഇ (ജോയിന്റ്‌ എൻട്രൻഡ് എക്സാമിനേഷൻ) മെയിൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) രണ്ടു സെഷനുകളിലായി ജനുവരിയിലും ഏപ്രിലിലും നടത്തും.

പ്രവേശനസ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി (എൻഐടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഇഎസ്ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടികൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സിഎഫ്ടിഐ)/ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജിഎഫ്ടിഐ), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാനസർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ്/ ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് പ്രധാനമായും ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്.

കേരളത്തിൽ കോഴിക്കോട് എൻഐടിയിലെ ബിടെക്, ബിആർക്ക്; കോട്ടയം ഐഐഐടിയിലെ ബിടെക് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനം ഈ പരീക്ഷകൾ വഴിയാണ്.

പേപ്പറുകൾ, പരീക്ഷാഘടന

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള രണ്ടുപേപ്പറുകൾ ഉണ്ടാകും.

  • പേപ്പർ-1 (ബിഇ/ബിടെക്) ൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽനിന്ന്‌ (തുല്യ വെയ്റ്റേജോടെ), രണ്ടു ഭാഗങ്ങളിലായി 25 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിലും സെക്‌ഷൻ എയിൽ 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും. സെക്‌ഷൻ ബിയിൽ അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് (ഉത്തരം ന്യൂമറിക്കൽ വാല്യു ആയിരിക്കും-അടുത്ത പൂർണ സംഖ്യയിലേക്ക് ക്രമപ്പെടുത്തി രേഖപ്പെടുത്തണം) ചോദ്യങ്ങളും ഉണ്ടാകും. എല്ലാം നിർബന്ധമാണ്.
  • രണ്ടാംപേപ്പർ ആർക്കിടെക്ചർ, പ്ലാനിങ് പ്രവേശനത്തിനാണ്. ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബിആർക്ക്) പ്രവേശനപ്പരീക്ഷ (പേപ്പർ 2 എ), ബാച്ച്‌ലർ ഓഫ് പ്ലാനിങ് (ബിപ്ലാനിങ്) പ്രവേശനപ്പരീക്ഷ (പേപ്പർ 2 ബി) എന്നിവയ്ക്ക് ഓരോന്നിനും മൂന്നു ഭാഗങ്ങൾ ഉണ്ടാകും. മാത്തമാറ്റിക്സ് (പാർട്ട്‌ I), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (പാർട്ട്‌ II) എന്നിവ രണ്ടിനും ഉണ്ടാകും. മാത്തമാറ്റിക്സ് ഭാഗത്ത് 20 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും അഞ്ച് ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. പാർട്ട്‌ ll ൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. എല്ലാറ്റിനും ഉത്തരം നൽകണം. മൂന്നാം ഭാഗം 2 എയിൽ ഡ്രോയിങ് ടെസ്റ്റും 2 ബിയിൽ പ്ലാനിങ് അധിഷ്ഠിതമായ 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമായിരിക്കും. പേപ്പർ 2 എയിലെ ഡ്രോയിങ് ടെസ്റ്റ് ഒഴികെയുള്ള പരീക്ഷകൾ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും. ഡ്രോയിങ് ടെസ്റ്റ്, ഓഫ് ലൈൻ രീതിയിൽ നടത്തും. ഡ്രോയിങ് ടെസ്റ്റിൽ 50 മാർക്കുവീതമുള്ള രണ്ട് ചോദ്യങ്ങളുണ്ടാകും.

മൾട്ടിപ്പിൾ ചോയ്സ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾക്ക് ശരിയുത്തരത്തിന് നാല് മാർക്ക് കിട്ടും. രണ്ടിലും ഉത്തരം തെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടപ്പെടും.

സെഷൻ, ഷിഫ്റ്റ്, സമയം

പേപ്പർ 1, 2 എ, 2 ബി എന്നിവ രണ്ടു തവണ (സെഷനുകളിൽ) നടത്തും. ജനുവരിയിൽ ആദ്യ സെഷനും ഏപ്രിലിൽ രണ്ടാം സെഷനും. ഓരോ സെഷനിലും ഓരോ പേപ്പറിനും പല ഷിഫ്റ്റുകൾ ഉണ്ടാകാം.

സെഷൻ 1-ജനുവരി 21-നും 30-നും ഇടയ്ക്കായിരിക്കും. ഓരോ പേപ്പറും മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതായിരിക്കും. പേപ്പർ 2 എ യും 2 ബി യും (രണ്ടും) അഭിമുഖീകരിക്കുന്നവർക്ക് പരീക്ഷാ ദൈർഘ്യം മൂന്നരമണിക്കൂർ ആയിരിക്കും.

മൂന്നു മണിക്കൂർ പരീക്ഷകൾ രാവിലെ ഒൻപത് മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ ആറ് വരെയും രണ്ട് ഷിഫ്റ്റുകളിലായി നടത്തും. മൂന്നര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ രാവിലെ ഒൻപതുമുതൽ 12.30 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ 6.30 വരെയും.

സ്ക്രൈബ് ഉപയോഗിക്കാൻ അർഹതയുള്ള ഭിന്നശേഷി വിഭാഗക്കാർക്ക് പരീക്ഷാസമയം നാല് മണിക്കൂർ ആയിരിക്കും. പേപ്പർ 2 എയും 2 ബിയും (രണ്ടും) അഭിമുഖീകരിക്കുന്ന ഈ വിഭാഗക്കാർക്ക് നാല് മണിക്കൂർ 10 മിനിറ്റ് സമയം ലഭിക്കും.

പരീക്ഷാകേന്ദ്രം

കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ചില ജില്ലകളിൽ രണ്ടു കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷിക്കുമ്പോൾ മുൻഗണന നിശ്ചയിച്ച് പരമാവധി നാല് കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. സ്ഥിരം വിലാസം/നിലവിലെ വിലാസം അടിസ്ഥാനമാക്കിയാകണം പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

ചോദ്യങ്ങളുടെ ഭാഷ

ചോദ്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം ഉൾപ്പെടെ 11 പ്രാദേശികഭാഷകളിലും ലഭ്യമാക്കും. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചോദ്യങ്ങൾ കേരളത്തിലെയും ലക്ഷദ്വീപിലെയും പരീക്ഷാകേന്ദ്രങ്ങളിൽ ലഭിക്കും. ഏതു ഭാഷയിലെ ചോദ്യങ്ങൾ വേണമെന്നത് അപേക്ഷിക്കുമ്പോൾ രേഖപ്പെടുത്തണം. പിന്നീട് മാറ്റാൻ കഴിയില്ല.

എൻഐടി, ഐഐഇഎസ്ടി, സിഎഫ്ടിഐ/ ജിഎഫ്ടിഐ എന്നീ വിഭാഗം സ്ഥാപനങ്ങളിലെ ബിഇ/ബിടെക് പ്രവേശനത്തിന് (ഇവിടെയുള്ള സയൻസ് പ്രോഗ്രാമുകളിലെയും ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനും) ജെഇഇ മെയിൻ പേപ്പർ 1 റാങ്കും ആർക്കിടെക്ചർ, പ്ലാനിങ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് യഥാക്രമം പേപ്പർ 2 എ, 2 ബി റാങ്കും പരിഗണിക്കും.

പേപ്പർ 1 ജെഇഇ അഡ്വാൻസ്ഡ് അർഹത നിർണയപ്പേപ്പർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് പേപ്പർ 1 പരീക്ഷ.

2026-ലെ പ്രവേശന പ്രക്രിയയിൽ ജെഇഇ മെയിൻ പേപ്പർ 1-ൽ വിവിധ കാറ്റഗറികളിൽനിന്ന്‌ മുന്നിലെത്തുന്ന 2,50,000 പേർക്കാണ് അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്ത് അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക. ജെഇഇ അഡ്വാൻസ്ഡ് പൂർണ വ്യവസ്ഥകൾക്ക് jeeadv.ac.in പരിശോധിക്കണം. പാലക്കാട് ഐഐടി ബിടെക് പ്രവേശനം അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാണ്.

പ്രവേശന യോഗ്യത

ജെഇഇ മെയിനിന് അപേക്ഷിക്കാൻ പ്രായപരിധി ഇല്ല. എന്നാൽ, പ്രവേശനം തേടുന്ന സ്ഥാപനത്തിനു ബാധകമായ പ്രായപരിധി തൃപ്തിപ്പെടുത്തേണ്ടി വരാം.

പ്ലസ് ടു/തത്തുല്യ യോഗ്യതയാണ് അപേക്ഷിക്കാൻ വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2024, 2025 വർഷങ്ങളിൽ യോഗ്യതാ പരീക്ഷ ജയിച്ചവർ, 2026-ൽ ഇത് അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. കേന്ദ്ര, സംസ്ഥാന ബോർഡുകളുടെ പ്ലസ് ടു തല പരീക്ഷകൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് വൊക്കേഷണൽ പരീക്ഷ, ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ അംഗീകാരമുള്ള മൂന്നു വർഷ ഡിപ്ലോമ, ചില വിദേശ തത്തുല്യ പരീക്ഷകൾ മുതലായവയും ഇതിൽ ഉൾപ്പെടുന്നു.

പഠിച്ചിരിക്കേണ്ട വിഷയങ്ങൾ, മാർക്ക് വ്യവസ്ഥ

എൻഐടി+സിസ്റ്റം (എൻഐടി, ഐഐഇഎസ്‌ടി, ഐഐഐടി, സി/ജിഎഫ്ടിഐ) പ്രവേശനത്തിന് ബാധകമായ വ്യവസ്ഥകൾ ഇപ്രകാരമാണ് (പ്രോസ്പെക്ടസ് ക്ലോസ്. 5.8.1, പുറം 36). പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം.

1. വിഷയങ്ങൾ: യോഗ്യതാ പരീക്ഷാ കോഴ്സിൽ അഞ്ച് വിഷയങ്ങൾ പഠിച്ചിരിക്കണം. ഓരോ കോഴ്സിലെയും പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ: എൻജിനിയറിങ് -ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധം. മൂന്നാം സയൻസ് വിഷയം കെമിസ്ട്രി/ബയോടെക്നോളജി/ബയോളജി/ടെക്നിക്കൽ വൊക്കേഷണൽ വിഷയം ആകാം. കൂടാതെ ഒരു ഭാഷാ വിഷയം, ഇവ നാലുമല്ലാത്ത മറ്റൊരു വിഷയം എന്നിവയും പഠിച്ചിരിക്കണം.

ബിആർക്ക് -10+2 തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം മറ്റു രണ്ടു വിഷയങ്ങളും പഠിച്ചിരിക്കണം.

ബിപ്ലാനിങ്-യോഗ്യതാ കോഴ്സിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. കൂടാതെ മറ്റ് നാല് വിഷയങ്ങളും.

2. മാർക്ക് വ്യവസ്ഥ: പ്ലസ്‌ടു തല യോഗ്യതാ പരീക്ഷയിൽ നിശ്ചിത അഞ്ച് വിഷയങ്ങൾക്കുംകൂടി മൊത്തം 75 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) വേണം. അല്ലെങ്കിൽ അപേക്ഷാർഥി തന്റെ ബോർഡ് പരീക്ഷയിൽ വിജയിച്ച, തന്റെ കാറ്റഗറിയിൽ മുന്നിലെത്തിയ 20 പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കണം.

വിശദമായ വ്യവസ്ഥകൾ ജോയൻ്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന അലോട്മെൻ്റ് വേളയിൽ പ്രസിദ്ധീകരിക്കുന്ന ബിസിനസ് റൂൾസ് ബുക്കിൽ വ്യക്തമാക്കിയിരിക്കും.

മറ്റു സ്ഥാപനങ്ങൾക്കുള്ള വ്യവസ്ഥ

ജോസ സംയുക്ത കൗൺസലിങ്ങിൽ പങ്കെടുക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും എൻഐടി + വിഭാഗ യോഗ്യതാവ്യവസ്ഥ സ്വീകരിക്കാം. മറ്റ് വ്യവസ്ഥകൾ ഇൻഫർമേഷൻ ബുള്ളറ്റിൻ പേജ് 36/37-ൽ നൽകിയിട്ടുണ്ട്.

ഒരു സെഷനോ രണ്ടു സെഷനുകളുമോ അഭിമുഖീകരിക്കാം

വിദ്യാർഥിക്ക് രണ്ട് സെഷനുകളിൽ ഏതെങ്കിലും ഒന്നുമാത്രമോ, രണ്ടുമോ അഭിമുഖീകരിക്കാം. വിവിധ സെഷനുകളിൽ പരീക്ഷ നടത്തുന്നതിനാൽ, ലഭിക്കുന്ന യഥാർഥ സ്കോർ പരിഗണിക്കുന്നതിനു പകരം, ആപേക്ഷികമായ സ്ഥാനം കണ്ടെത്തുന്ന പെർസന്റൈൽ രീതിയിലാണ് പരീക്ഷാ സ്കോർ നിർണയിക്കപ്പെടുന്നത് (എൻടിഎ സ്കോർ).

രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവരുടെ കാര്യത്തിൽ ഭേദപ്പെട്ട എൻടിഎ സ്കോർ അന്തിമ റാങ്കിങ്ങിനായി പരിഗണിക്കും.

അപേക്ഷ

ഇപ്പോൾ ജനുവരി സെഷനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. നവംബർ 27-ന് രാത്രി ഒൻപതു വരെ jeemain.nta.nic.in വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് ഓൺലൈനായി അന്ന് രാത്രി 11.50 വരെ നെറ്റ് ബാങ്കിങ്, െക്രഡിറ്റ്/ഡബിറ്റ് കാർഡ്, യുപിഐ വഴി അടയ്ക്കാം. പരീക്ഷാകേന്ദ്രം (ഇന്ത്യയിൽ/വിദേശത്ത്), ആൺകുട്ടി/ പെൺകുട്ടി, കാറ്റഗറി (ജനറൽ/ഇഡബ്ല്യുഎസ്/ഒബിസി/പട്ടിക വിഭാഗം/ ഭിന്നശേഷി/തേർഡ് ജൻഡർ) തുടങ്ങിയവ അടിസ്ഥാനമാക്കി അപേക്ഷാ ഫീ മാറാം.

ആദ്യ സെഷൻ ഫലപ്രഖ്യാപനം ഫെബ്രുവരി 12-നകം പ്രതീക്ഷിക്കാം.

അപേക്ഷിക്കുമ്പോൾ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകണം. വെരിഫിക്കേഷനുവേണ്ടിയുള്ള ഒടിപി, പരീക്ഷ സംബന്ധിച്ച അറിയിപ്പുകൾ തുടങ്ങിയവ ഇവയിലൂടെയാകും അറിയിക്കുക.

അപേക്ഷയ്ക്ക് മൂന്ന് ഘട്ടങ്ങളുണ്ട്. ആദ്യഘട്ടത്തിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന്, ലഭിക്കുന്ന യൂസർ നെയിം, രൂപപ്പെടുത്തിയ പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്ത് രണ്ടാം ഘട്ടത്തിൽ അപേക്ഷ പൂർത്തിയാക്കണം. രേഖകളുടെ അപ് ലോഡിങ് ഈ ഘട്ടത്തിലാണ് മൂന്നാം ഘട്ടത്തിൽ എക്സാമിനേഷൻ ഫീ ആയി അടയ്ക്കണം.

ഫീസ് അടച്ചശേഷം അപേക്ഷയുടെ കൺഫർമേഷൻ പേജ് ലഭിക്കും. അതിന്റെ പ്രിൻറ് ഔട്ട് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കാം.

അപേക്ഷിക്കുമ്പോൾ നൽകുമ്പോൾ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കണം. അപേക്ഷ നൽകിക്കഴിഞ്ഞ് ചില ഫീൽഡുകളിൽ തിരുത്തലുകൾ അനുവദിക്കില്ല. അനുവദനീയമായ ഫീൽസുകളിലെ തിരുത്തലിന് അപേക്ഷാ സമർപ്പണ സമയപരിധി കഴിഞ്ഞ് നിശ്ചിതസമയം അനുവദിക്കും. തീയതി പിന്നീട് പ്രഖ്യാപിക്കും. ഒരാൾ ഒരപേക്ഷയേ നൽകാൻ പാടുള്ളൂ.

രണ്ടാം സെഷൻ

ആദ്യ സെഷന് അപേക്ഷിച്ചവർക്ക് രണ്ടാം സെഷനും അഭിമുഖീകരിക്കണമെങ്കിൽ അതിനുള്ള അവസരം രണ്ടാം സെഷനുവേണ്ടിയുള്ള പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ ലഭിക്കും. ഇവർക്ക് ആദ്യ സെഷനിലെ അപേക്ഷാ നമ്പർ ഉപയോഗിച്ച് രണ്ടാം സെഷനുള്ള ഫീസടച്ച് അപേക്ഷിക്കാം.

രണ്ടാം സെഷന്റെ വിജ്ഞാപന സമയത്ത് ആ സെഷനുമാത്രമായി രജിസ്റ്റർ ചെയ്ത്, ഫീസടച്ച് അപേക്ഷിക്കാം. അപേക്ഷ ജനവരി അവസാനവാരം മുതൽ നൽകാം. പ്രത്യേക വിജ്ഞാപനം ഉണ്ടാകും. പരീക്ഷ ഏപ്രിൽ രണ്ടിനും ഏപ്രിൽ ഒൻപതിനും ഇടയ്ക്ക്. ഫലപ്രഖ്യാപനം ഏപ്രിൽ 20-നകം പ്രതീക്ഷിക്കാം.വിവരങ്ങൾക്ക്: jeemain.nta.nic.in (Information-Information Bulletin) | nta.ac.in ജനുവരി സെഷന് 27 വരെ അപേക്ഷിക്കാം

Content Highlights: JEE Main 2026-27 exam details for NITs, IIITs & CFTIs. Learn about syllabus, eligibility, exam pattern, application dates & fees.