ടെക്നിക്കൽ മേഖലയിൽ മികച്ച തുടക്കം: ഐ.ടി.ഐ, NCVT, KGCE കോഴ്സുകളും തൊഴിലവസരങ്ങളും

പുതുതലമുറ പഠനം പൂർത്തിയായാലുടൻ ജോലി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. അംഗീകാരമുള്ള നൈപുണ്യ വിദ്യാഭ്യാസം സുരക്ഷിതഭാവിയിലേക്ക് നയിക്കുന്നതാണ്. എന്നിട്ടും ഐ.ടി.ഐ. എൻ.സി.വി.ടി, കെ.ജി.സി.ഇ. കോഴ്സുകളുടെ അനന്തമായ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നവർ കുറവാണ്. വ്യവസായങ്ങളിലും സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്. പ്രായോഗിക പരിശീലനം ലഭിച്ചവർ ഇല്ലാതെ ഒരു മേഖലക്കും മുന്നോട്ടുപോകാനാവില്ല. പത്താം ക്ലാസ്സ് വിജയിച്ചവർക്ക്് വളരെ ചെറുപ്പത്തിൽത്തന്നെ തൊഴിൽ നൈപുണ്യം സ്വന്തമാക്കാനും ടെക്നിക്കൽ മേഖലയിലേക്ക് പ്രവേശിക്കാനും കോഴ്സുകൾ അവസരം നല്കും.
എഞ്ചിനീയറിങ്, ടെക്നിക്കൽ മേഖലയിൽ കരിയർ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഇത്തരം കോഴ്സുകൾ പ്രയോജനകരമായേക്കാം. സർക്കാർ - സ്വകാര്യമേഖലകളിലെ സ്ഥിരതയുള്ള തൊഴിൽ അവസരങ്ങൾ , പി.എസ്.സി. വഴിയുള്ള നിയമനങ്ങൾ , പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികൾ , വിദേശ തൊഴിൽ അവസരങ്ങൾ , അപ്രന്റിസ്ഷിപ്പ് ആന്റ് സ്ക്കിൽ ഡവലപ്പ്മെന്റ് പദ്ധതികൾ , ഉയർന്ന വിദ്യാഭ്യാസ സാധ്യതകൾ , സ്വയംതൊഴിലും സംരംഭകത്വവും എന്നിവ ഈ കോഴ്സുകളുടെ ഗുണങ്ങളാണ്.
മറ്റു പ്രത്യേകതകൾ : ഐ.ടി.ഐ., എൻ.സി.വി.ടി. വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് കോളേജുകളുടെ രണ്ടാം വർഷത്തിലേക്ക് പ്രവേശനം നേടാൻ സാധിക്കും. ഇതിലൂടെ പത്താംക്ലാസ്സിനുശേഷം വെറും നാലുവർഷം കൊണ്ട് ഐ.ടി.ഐ.യും ഡിപ്ലോമയും നേടാനാവും. പത്താംക്ലാസിൽ മാർക്ക് കുറഞ്ഞാലും ഹ്യുമാനിറ്റീസോ കൊമേഴ്സോ പഠിക്കാതെ, സയൻസ് - ടെക്നിക്കൽ മേഖലയിൽത്തന്നെ പഠനം തുടരാൻ കഴിയും. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളും സർവ്വകലാശാലകളും ഐ.ടി.ഐ. പാസ്സായവർക്ക് പ്ലസ് ടു തുല്യത പരിഗണിച്ചുതുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ടെക്നീഷ്യൻ ഒഴിവുകൾ വിവിധ കമ്പനികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി വ്യവസായ സ്ഥാപനങ്ങൾ സ്ക്കിൽഡ് ടെക്നീഷ്യൻസിനെ ആവശ്യപ്പെട്ട് ഐ.ടി.ഐ., കെ.ജി.സി.ഇ. സ്ഥാപനങ്ങളെ സമീപിക്കുന്നുണ്ട്. നിലവിൽ ജോലി ചെയ്യുന്നവർക്കും ഈ കോഴ്സുകൾ പഠിക്കാനും മെച്ചപ്പെട്ട ജോലി സാധ്യതകൾ നേടാനും അവസരം ലഭിക്കുന്നു.
ശ്രദ്ധിക്കുക, ചതിക്കുഴികളുണ്ട്: സർക്കാർ അംഗീകാരമില്ലാത്ത നിരവധി സ്ഥാപനങ്ങൾ ആകർഷകമായ പരസ്യങ്ങളും വേഗത്തിലുള്ള ജോലി വാഗ്ദാനവും നല്കി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. കനത്ത ഫീസ് നല്കി പഠിച്ചുകഴിയുമ്പോഴായിരിക്കും പലപ്പോഴും ഇക്കാര്യം അറിയുക. കേവലമൊരു സർട്ടിഫിക്കറ്റ് എന്നതിലുപരി പലപ്പോഴും ഇതുകൊണ്ട് പ്രയോജനമുണ്ടാവാറില്ല. ഇതുമൂലം വിലപ്പെട്ട വർഷങ്ങളും പ്രയത്നവും സാമ്പത്തികവിഭവവും നഷ്ടമാവുന്നു. അംഗീകൃത സ്ഥാപനങ്ങൾക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർശനമായ നിബന്ധനകളും പരിശോധനകളുമുണ്ട്.
ഐ.ടി.ഐ കോഴ്സുകൾ: ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇലക്ട്രോണിക് മെക്കാനിക്ക്, റെഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, ഡീസൽ മെക്കാനിക്ക്, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ. ഡെന്റൽ ലാബ് ടെക്നീഷ്യൻ, വെൽഡർ, സർവ്വെയർ, പ്ലംബർ, വയർമാൻ, സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടറിയൽ അസിസ്റ്റന്റ്, കംപ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്.
കെ.ജി.സി.ഇ. എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്സുകൾ :- സിവിൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, കമ്പ്യൂട്ടർ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്.
Content Highlights: High global demand for skilled technical professionals after 10th standard