ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു

#Education desk
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ, ഐഐഎസ്‌സി, ഐഐഐടികൾ എന്നിവയുടെയും നിയന്ത്രണം ഉന്നതവിദ്യാഭ്യാസ കമ്മിഷന് കൈമാറുന്ന ബിൽ ലോക്‌സഭയിൽ.

വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ച ‘വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ ബിൽ’ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.

സർവകലാശാലകൾ നിലവിൽ യുജിസിക്ക് കീഴിലാണ്. ഇതാണ് മാറുക. വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള ഐഐടികളും ഐഐഎമ്മുകളും കമ്മിഷന്റെ കീഴിലാകും. എന്നാൽ, മെഡിക്കൽ, ഡെന്റൽ, നിയമം എന്നിവയെ ഒഴിവാക്കി. ഉന്നത വിദ്യാഭ്യാസമേഖലയുടെ സമ്പൂർണവളർച്ചയ്ക്ക് ദിശാബോധം നൽകുന്നതിനാണ് ബിൽ എന്ന് കേന്ദ്രം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അക്കാദമിക് ഗുണനിലവാരം മെച്ചപ്പെടുത്താൻ സ്റ്റാൻഡേർഡ്‌സ് കൗൺസിൽ, സ്ഥാപനങ്ങളുടെ ഏകോപനത്തിന് റഗുലേറ്ററി കൗൺസിൽ, അക്രഡിറ്റേഷൻ വിലയിരുത്തുന്നതിന് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവയുണ്ടാകും.

റഗുലേറ്ററി കൗൺസിൽ വികസിത് ഭാരത് ശിക്ഷാ വിനിമയൻ പരിഷത്ത് എന്നാക്കും. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് കോടി രൂപ വരെ പിഴ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരും. നിബന്ധനകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്‌ 75 ലക്ഷം രൂപവരെ പിഴ ചുമത്തും.

പ്രത്യേകതകൾ

സാങ്കേതികവിദ്യാഭ്യാസ മേഖല ഒഴിച്ചുള്ള ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം യുജിസിക്കും സാങ്കേതികവിദ്യാഭ്യാസത്തിന്റെ ചുമതല ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജുക്കേഷനും ടീച്ചർ എജുക്കേഷന്റെ ചുമതല നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനുമാണ്. ഇതിനാണ് മാറ്റംവരുന്നത്.

രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സന്റെ നേതൃത്വത്തിലായിരിക്കും കമ്മിഷൻ.

ഓപ്പൺ, ഡിസ്റ്റൻസ് ലേണിങ് സ്ഥാപനങ്ങൾ, ഓൺലൈൻ, ഡിജിറ്റൽ എജുക്കേഷൻ എന്നിവയുടെ നിയന്ത്രണം കമ്മിഷനായിരിക്കും.

ലക്ഷ്യം

• ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്‌കരണം തടയാനുള്ള നയരൂപവത്കരണം

•എല്ലാ സ്ഥാപനങ്ങൾക്കും ഘട്ടംഘട്ടമായി സ്വയംഭരണ പദവി ലഭ്യമാക്കൽ

ഇവർ കമ്മിഷന് കീഴിലാവില്ല

ഫാർമസി കൗൺസിൽ, ബാർ കൗൺസിൽ, വെറ്ററിനറി കൗൺസിൽ, റീഹാബിലിറ്റേഷൻ കൗൺസിൽ, നാഷണൽ മെഡിക്കൽ കമ്മിഷൻ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ നാഷണൽ കമ്മിഷൻ, ഹോമിയോപ്പതി നാഷണൽ കമ്മിഷൻ, അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഫഷണൽസ് നാഷണൽ കമ്മിഷൻ, നാഷണൽ നഴ്‌സിങ് കമ്മിഷൻ, ഡെന്റൽ കമ്മിഷൻ എന്നിവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങൾ.

ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു

Content Highlights: India`s Lok Sabha discusses a bill to replace UGC with a new Higher Education Commission, overseeing IITs, IIMs, and central universities for comprehensive growth.