പത്തുവർഷം; രാജ്യത്ത് പൂട്ടിയത് 89,441 പൊതുവിദ്യാലയങ്ങൾ, സ്വകാര്യ സ്‌കൂളുകളിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് 2014- 2024 കാലത്ത് പൂട്ടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണം 89,441. പത്തുവർഷംകൊണ്ട് സർക്കാർ സ്‌കൂളുകളുടെ എണ്ണം എട്ടുശതമാനം കുറഞ്ഞപ്പോൾ സ്വകാര്യ സ്‌കൂളുകൾ 14.9 ശതമാനം വർധിച്ചതായി വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കണക്കിൽ പറയുന്നു.
മധ്യപ്രദേശിൽ മാത്രം 24.1 ശതമാനം സ്‌കൂളുകളാണ് പൂട്ടിയത്. ജമ്മു-കശ്മീർ, ഒഡിഷ, അരുണാചൽപ്രദേശ്, യുപി, ഝാർഖണ്ഡ്, നാഗാലാൻഡ്, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പിന്നാലെയുണ്ട്. സ്വകാര്യസ്‌കൂളുകളുടെ എണ്ണത്തിൽ 179 ശതമാനം വർധന ബിഹാറിൽ മാത്രമുണ്ട്. യുപിയിൽ 45 ശതമാനവും.
മൂന്നാം ക്ലാസിൽ പഠിക്കുന്ന 23.4 ശതമാനം കുട്ടികൾക്കു മാത്രമാണ് രണ്ടാം ക്ലാസിലെ പാഠപുസ്തകങ്ങൾ വായിക്കാനറിയുന്നത്. ജിഡിപിയുടെ ആറുശതമാനം പൊതുവിദ്യാഭ്യാസത്തിന് നീക്കിവെക്കാൻ ദേശീയപാഠ്യപദ്ധതി നിഷ്‌കർഷിക്കുന്നുണ്ടെങ്കിലും ഈയിനത്തിലെ ചെലവ് 4.5 ശതമാനമേയുള്ളൂ. 33 ലക്ഷം വിദ്യാർഥികളാണ് ഏകാധ്യാപകവിദ്യാലയങ്ങളിൽ പഠിക്കുന്നത്. 2020-നും 2024-നുമിടയിൽ ഉച്ചഭക്ഷണ പദ്ധതിയുള്ള സ്‌കൂളുകൾ 84,453 എണ്ണമായി കുറഞ്ഞു.
അഞ്ചുവർഷത്തിനിടെ 65.7 ലക്ഷം കുട്ടികളാണ് പാതിവഴിയിൽ പഠനം അവസാനിപ്പിച്ചത്. പകുതിയും പെൺകുട്ടികളാണ്. 2025-26ൽ ഗുജറാത്തിൽ മാത്രം പുറത്തുപോയ കുട്ടികളുടെ തോത് 341 ശതമാനമാണ്.
Content Highlights: Shocking figures reveal 89,441 government schools shut in India (2014-2024).