IIT-കളിൽ 6,000 പുതിയ സീറ്റുകൾ: റോബോട്ടിക്സ്, ഫിസിക്കൽ എഐ, ബഹിരാകാശ സാങ്കേതികവിദ്യ കോഴ്സുകൾ 2027 മുതൽ

image: Freepik
image: Freepik

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ (ഐ.ഐ.ടി.) ഏകദേശം 6,000 പുതിയ സീറ്റുകൾ വരുന്നു. റോബോട്ടിക്സ്, ഫിസിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഫിസിക്കൽ എഐ), സ്പേസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി എന്നീ മേഖലകളിലായി അടുത്ത എട്ട് മുതൽ പത്ത് വർഷം കൊണ്ടാണ് ഘട്ടംഘട്ടമായി സീറ്റുകൾ വർദ്ധിപ്പിക്കുക. 2027-ൽ ആദ്യ ബാച്ച് വിദ്യാർഥികൾ പ്രവേശനം നേടുമെന്നാണ് വിവരം.

ഭൂപത് ആൻഡ് ജ്യോതി മേത്ത ഫാമിലി ഫൗണ്ടേഷനും വിവിധ ഐ.ഐ.ടി.കളും ചേർന്നാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി തലങ്ങളിൽ കോഴ്സുകൾ ആരംഭിക്കും. പഠനത്തിനും ഗവേഷണത്തിനുമായി 120-ലധികം പുതിയ അധ്യാപകരെയും (ഫാക്കൽറ്റി) മേഖലകളിലേക്ക് നിയോഗിക്കും.

സീറ്റുകളുടെ ഏകദേശ കണക്ക് ഇങ്ങനെ

  • റോബോട്ടിക്സ് & ഫിസിക്കൽ എ.ഐ.: ഏകദേശം 5,000 സീറ്റുകൾ.

  • സ്പേസ് എൻജിനീയറിങ് ആൻഡ് ടെക്നോളജി: ഏകദേശം 1,000 സീറ്റുകൾ.

ജെഇഇ ഉദ്യോഗാർഥികൾക്ക് പ്രയോജനം

ജെ.ഇ.ഇ. മെയിൻ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് വരുംവർഷങ്ങളിൽ ഐഐടികളിൽ കൂടുതൽ സ്പെഷ്യലൈസ്ഡ് കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിപുലീകരണം സഹായകമാകും. ഉൽപ്പാദന മേഖല, ആരോഗ്യരംഗം, ഓട്ടോമേഷൻ, ഇന്റലിജന്റ് മെഷീനുകൾ എന്നിവയിലാണ് റോബോട്ടിക്സ്, ഫിസിക്കൽ എഐ പ്രോഗ്രാമുകൾ ഊന്നൽ നൽകുക. സാറ്റലൈറ്റ് സിസ്റ്റംസ്, ബഹിരാകാശ പേടക എൻജിനീയറിങ്, പ്രൊപ്പൽഷൻ, സ്പേസ് റിസർച്ച് എന്നിവയിലാണ് സ്പേസ് ടെക്നോളജി ശ്രദ്ധ കേന്ദ്രീകരിക്കുക.

പങ്കെടുക്കുന്ന ഐഐടികൾ ഏതൊക്കെയെന്നും ബിരുദ സീറ്റുകളുടെ കൃത്യമായ എണ്ണം, പ്രവേശന രീതികൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വരും ഘട്ടങ്ങളിൽ പ്രഖ്യാപിക്കും.

ഡാറ്റാ സയൻസ് ആൻഡ് എഐ, ഹെൽത്ത്കെയർ ആൻഡ് ബയോമെഡിക്കൽ എൻജിനീയറിങ്, സുസ്ഥിര വികസനം എന്നീ മേഖലകളിൽ 2019 മുതൽ ആറ് ഐഐടികളുമായി ചേർന്ന് ഫൗണ്ടേഷൻ പ്രവർത്തിച്ചുവരുന്നുണ്ട്. എട്ട് സ്കൂളുകളും സെന്ററുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: 6,000 new seats added across IITs over the next 8-10 years., Focus on Robotics, Physical AI, and Space Engineering & Technology