20 വർഷത്തിനിടെ ജീവനൊടുക്കിയത് 171 വിദ്യാർഥികൾ; ഐഐടികളിലെ മരണം ആസ്പദമാക്കി പഠന റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) കഴിഞ്ഞ 20 വർഷത്തിനിടെ 171 വിദ്യാർഥികൾ ആത്മഹത്യയോ മറ്റ് അസ്വാഭാവിക കാരണങ്ങളാലോ മരണപ്പെട്ടതായി റിപ്പോർട്ട്. ഐഐടി കാൺപൂർ പൂർവവിദ്യാർഥിയായ ധീരജ് സിങ് സമാഹരിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിലാണ് പുറത്തുവന്നത്. 2006 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെയുള്ള വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരവും (ആർടിഐ) മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും സമാഹരിച്ചിരിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ രാജ്യത്തെ ഐഐടികളിലെ ആത്മഹത്യാ നിരക്കിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2006 മുതൽ 2015 വരെയുള്ള കാലയളവിൽ 51 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത് 120 ആയി ഉയർന്നു.
സെപ്റ്റംബർ 18-ന് ഐഐടി ബോംബെയിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥി ജീവനൊടുക്കിയതിനെ തുടർന്ന് ക്യാമ്പസിൽ ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടയിലാണ് കണക്കുകൾ പുറത്തുവരുന്നത്. വിദ്യാർഥി ജാതിവിവേചനവും മാനസിക സമ്മർദ്ദവും നേരിട്ടിരുന്നതായി രക്ഷിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ഐഐടി ബോംബെ അധികൃതർ ജാതിവിവേചന ആരോപണങ്ങൾ നിഷേധിച്ചു. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.
മരണങ്ങളിൽ 82 ശതമാനവും ക്യാമ്പസിനുള്ളിൽ
ധീരജ് സിങ്ങിന്റെ പഠനമനുസരിച്ച് ആത്മഹത്യകളിൽ 82 ശതമാനവും ഐഐടി ക്യാമ്പസുകൾക്കുള്ളിലാണ് നടന്നിട്ടുള്ളത്. ഇത് ക്യാമ്പസുകളിലെ അന്തരീക്ഷത്തെക്കുറിച്ചും പഠനാന്തരീക്ഷത്തെക്കുറിച്ചും ഗൗരവകരമായ പരിശോധന ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ സമയങ്ങളിലും ഫലപ്രഖ്യാപന വേളകളിലുമാണ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സെമസ്റ്റർ അവധിക്കാലത്ത് ഇത്തരം സംഭവങ്ങൾ കുറവായിരുന്നു.
ഐഐടി ബോംബെയിലെ സംഭവത്തിൽ, പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിക്കാൻ ശ്രമിച്ചതിന് 22-കാരനായ സാഹിൽ രവീന്ദ്ര വാകോഡെ എന്ന വിദ്യാർഥിയെ പിടികൂടിയിരുന്നു. എന്നാൽ, വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും കൗൺസലിങ് നൽകുക മാത്രമാണ് ചെയ്തതെന്നും ഐഐടി വ്യക്തമാക്കുന്നു.
ബി.ടെക് ആൺകുട്ടികളും പിഎച്ച്.ഡി വനിതകളും
മരിച്ച വിദ്യാർഥികളിൽ അധികവും ബി.ടെക് ചെയ്യുന്ന ആൺകുട്ടികളും പിഎച്ച്.ഡി ചെയ്യുന്ന വനിതകളുമാണ്. ആകെ ആത്മഹത്യ ചെയ്തവരിൽ 60 ശതമാനത്തോളം വരുന്നത് ഈ രണ്ട് വിഭാഗങ്ങളിലാണ്.
പഠനത്തിൽ സാമൂഹിക പശ്ചാത്തലത്തിലും പ്രകടമായ വ്യത്യാസങ്ങൾ കാണാം. ജനറൽ കാറ്റഗറി വിദ്യാർഥികളേക്കാൾ രണ്ടിരട്ടിയാണ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക്. കൂടാതെ, ജീവനൊടുക്കിയ എസ്‌സി/എസ്ടി വിദ്യാർഥികളുടെ ശരാശരി പ്രായം ജനറൽ, ഒബിസി വിഭാഗങ്ങളിലെ വിദ്യാർഥികളേക്കാൾ കുറവായിരുന്നു.
കോവിഡ് മഹാമാരിക്ക് ശേഷം നിരക്കിൽ വർധനവുണ്ടായിട്ടുണ്ട്. കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് എസ്‌സി വിദ്യാർഥികളിലെ ആത്മഹത്യാ നിരക്ക് 2.6 ഇരട്ടിയായും എസ്ടി വിദ്യാർഥികളിൽ 4.2 ഇരട്ടിയായും ഉയർന്നതായി പഠനത്തിൽ വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ആത്മഹത്യാ നിരക്ക് കണക്കാക്കിയിട്ടുള്ളതെങ്കിലും ലഭ്യമായ വിവരങ്ങൾ മാധ്യമ റിപ്പോർട്ടുകളെയും ആർടിഐ മറുപടികളെയും ആസ്പദമാക്കിയുള്ളതായതിനാൽ ഔദ്യോഗിക കണക്കുകളിൽ വ്യത്യാസം വന്നേക്കാമെന്നും ധീരജ് സിങ് വ്യക്തമാക്കുന്നു.
Content Highlights: 171 student deaths/suicides recorded in IITs between 2006 and September 2026