ജാം 2027: ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒക്ടോബർ 12 വരെ അപേക്ഷിക്കാം

രാജ്യത്തെ മുൻനിര ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)കളിലും മറ്റ് പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളിലും 2027-28 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജാം (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ്) 2027-ന് അപേക്ഷിക്കാം. ഐ.ഐ.ടി. ഖരഗ്പുർ ആണ് സംഘാടകസ്ഥാപനം. പരീക്ഷ ഫെബ്രുവരി 14-ന് നടത്തും.
പ്രധാന കോഴ്‌സുകളും സാധ്യതകളും
രാജ്യത്തെ 23 ഐ.ഐ.ടി.കളിലായി ലഭ്യമായ 89 പ്രോഗ്രാമുകളിലെ മൂവായിരത്തിലധികം സീറ്റുകളിലേക്കാണ് പ്രവേശനം. എം.എസ്‌സി., എം.എസ്‌സി. ടെക്, എം.എസ്. റിസർച്ച്, എം.എസ്‌സി.- എം.ടെക്. ഡ്യുവൽ ഡിഗ്രി, ജോയിന്റ് എം.എസ്‌സി. -പിഎച്ച്.ഡി., എം.എസ്‌സി.-പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി. ഐ.ഐ.എസ്‌സി. െബംഗളൂരു, ഐസറുകൾ, എൻ.ഐ.ടി.കൾ, മറ്റ് പ്രമുഖ സ്ഥാപനങ്ങൾ എന്നിവയും ജാം സ്കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്.
യോഗ്യത
ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം പൂർത്തിയാക്കിയവർക്കും 2027-ൽ ബിരുദ കോഴ്‌സിന്റെ അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രത്യേക പ്രായപരിധിയില്ല.
പരീക്ഷാരീതി
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ബയോടെക്നോളജി, കെമിസ്ട്രി, ഇക്കണോമിക്സ്, ജിയോളജി, മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നിങ്ങനെ ഏഴ് പ്രധാന വിഷയങ്ങളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, മൾട്ടിപ്പിൾ സെലക്ട് ചോദ്യങ്ങൾ, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന രീതിയിലാണ് ചോദ്യപ്പേപ്പറുകളുടെ ഘടന. താത്‌പര്യാനുസരണം ഒന്നോ അല്ലെങ്കിൽ പരമാവധി രണ്ട് പേപ്പറുകൾവരെയോ തിരഞ്ഞെടുക്കാം. എന്നാൽ, രണ്ട് പേപ്പറുകൾ തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ അവ രണ്ടും പരീക്ഷാസമയത്തിൽ മാറ്റംവരാത്ത രീതിയിൽ വ്യത്യസ്ത സെഷനുകളിലാണ് (രാവിലെയും ഉച്ചയ്ക്കുശേഷവും) നടക്കുന്നതെന്ന് ഉറപ്പുവരുത്തണം.
അപേക്ഷ
jam.iitkgp.ac.in വഴി ഒക്ടോബർ 12 വരെ അപേക്ഷിക്കാം. വനിത, എസ്.സി., എസ്.ടി., പി.ഡബ്ള്യു.ഡി. എന്നിവർക്ക് ഒരു പേപ്പറിന് 1000 രൂപയും രണ്ട് പേപ്പറുകൾക്ക് 1350 രൂപയുമാണ് അപേക്ഷാ ഫീസ്. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്. ഉൾപ്പെടെയുള്ള മറ്റെല്ലാ വിഭാഗക്കാർക്കും ഒരു പേപ്പറിന് 2000 രൂപയും രണ്ട് പേപ്പറുകൾക്ക് 2700 രൂപയുമാണ് ഫീസ്.
പരീക്ഷാ ഫലം മാർച്ച് 18-ന്.
പരീക്ഷാ കേന്ദ്രങ്ങൾ: ഐ.ഐ.എസ്‌സി. െബംഗളൂരു സോണിനു കീഴിൽ കണ്ണൂർ, കോഴിക്കോട്, വടകര, പയ്യന്നൂർ, പാലക്കാട്, തൃശ്ശൂർ. ഐ.ഐ.ടി. മദ്രാസ് സോണിനുകീഴിൽ ആലപ്പുഴ, ആലുവ-എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം. അപേക്ഷകർ ഒന്നാമത്തെ മുൻഗണനയായി തിരഞ്ഞെടുക്കുന്ന കേന്ദ്രം ഏത് സോണിലാണോ വരുന്നത്, അതേ സോണിൽപ്പെടുന്ന പരീക്ഷാകേന്ദ്രങ്ങൾ തന്നെയായിരിക്കണം രണ്ടാമത്തെയും മൂന്നാമത്തെയും ഓപ്ഷനുകളായി തിരഞ്ഞെടുക്കേണ്ടത്.
Content Highlights: IIT Kharagpur has opened online applications for the Joint Admission Test for Masters (JAM) 2027