QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്: ഇന്ത്യയിൽ IIT ഡൽഹി മുന്നിൽ; ആദ്യ 200-ൽ ഇടംപിടിച്ച സർവകലാശാലകൾ ഇവ

#Education desk
ഐ.ഐ.ടി. ഡൽഹി| ഫോട്ടോ: PTI
ഐ.ഐ.ടി. ഡൽഹി| ഫോട്ടോ: PTI

ന്യൂഡൽഹി: ആഗോള ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവ് വിലയിരുത്തുന്ന ക്യു.എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ ഇന്ത്യൻ സ്ഥാപനങ്ങളിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഡൽഹി ഒന്നാമത്. ആഗോള തലത്തിൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 118-ാം റാങ്കോടെയാണ് ഐ.ഐ.ടി ഡൽഹി ഇന്ത്യയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം 123-ാം സ്ഥാനത്തായിരുന്നു.

ആഗോളതലത്തിൽ ആദ്യ 200 റാങ്കുകൾക്കുള്ളിൽ ഇടംനേടാൻ മൂന്ന് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത്തവണ സാധിച്ചത്. ഐ.ഐ.ടി ഡൽഹിക്ക് പുറമെ, ഐ.ഐ.ടി ബോംബെ (134-ാം റാങ്ക്), ഐ.ഐ.ടി മദ്രാസ് (170-ാം റാങ്ക്) എന്നിവയാണ് ആദ്യ 200-ൽ ഇടംപിടിച്ച മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾ.

ഐ.ഐ.ടികൾക്കു പുറമേ അണ്ണാ യൂണിവേഴ്‌സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി ( ജെ.എൻ.യു.), ബിർലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, വെല്ലൂർ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, സിംബയോസിസ് ഇന്റർനാഷണൽ, ജാമിയ മിലിയ ഇസ്ലാമിയ എന്നിവയും പട്ടികയിൽ ഇടം പിടിച്ച ആദ്യ ഇരുപത് ഇന്ത്യൻ സർവകലാശാലകളിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ മികച്ച 10 സർവകലാശാലകൾ/സ്ഥാപനങ്ങൾ

ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യൻ റാങ്ക് ആഗോള റാങ്ക്
ഐ.ഐ.ടി ഡൽഹി 1 118
ഐ.ഐ.ടി ബോംബെ 2 134
ഐ.ഐ.ടി മദ്രാസ് 3 170
ഐ.ഐ.ടി ഖരഗ്‌പൂർ 4 205
ഐ.ഐ.എസ്.സി ബംഗളൂരു 5 221
ഐ.ഐ.ടി കാൺപൂർ 6 221
ഡൽഹി സർവകലാശാല 7 332
ഐ.ഐ.ടി റൂർക്കി 8 335
ഐ.ഐ.ടി ഗുവാഹത്തി 9 349
ശൂലിനി യൂണിവേഴ്സിറ്റി 10 452

ആഗോള സർവകലാശാലകളുടെ പട്ടികയിൽ അമേരിക്കയിലെ മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) തുടർച്ചയായ 15-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. 100-ൽ 100 സ്കോറും നേടിയാണ് എം.ഐ.ടിയുടെ കുതിപ്പ്. ഇംപീരിയൽ കോളേജ് ലണ്ടൻ, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എന്നിവ സംയുക്തമായി രണ്ടാം സ്ഥാനം പങ്കിട്ടു.

ഇന്ത്യയിലെ ആദ്യ 3 സ്ഥാപനങ്ങളുടെ പ്രകടനം

വിവിധ സൂചകങ്ങളിൽ മികച്ച സ്കോർ നേടിയാണ് ഐ.ഐ.ടി ഡൽഹി മുന്നിലെത്തിയത്. 'സൈറ്റേഷൻസ് പെർ ഫാക്കൽറ്റി'യിൽ (ഗവേഷണ സ്വാധീനം) 97.3 സ്കോറും, തൊഴിൽദാതാക്കളുടെ ഇടയിലുള്ള അംഗീകാരത്തിൽ 96.9 സ്കോറും ഐ.ഐ.ടി ഡൽഹി സ്വന്തമാക്കി.

രണ്ടാം സ്ഥാനത്തുള്ള ഐ.ഐ.ടി ബോംബെ തൊഴിൽദാതാക്കളുടെ അംഗീകാരത്തിൽ 97.8 സ്കോറും എംപ്ലോയ്‌മെന്റ് ഔട്ട്കംസിൽ 78.2 സ്കോറും നേടി. മൂന്നാമതുള്ള ഐ.ഐ.ടി മദ്രാസ് ഗവേഷണ സ്വാധീനത്തിൽ 95.3 സ്കോർ സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ മികച്ച 5 സർവകലാശാലകൾ:

  1. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - യു.എസ്.എ (റാങ്ക്: 1)

  2. ഇംപീരിയൽ കോളേജ് ലണ്ടൻ - യുകെ (റാങ്ക്: 2)

  3. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി - യു.എസ്.എ (റാങ്ക്: 2)

  4. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി - യുകെ (റാങ്ക്: 4)

  5. ഹാർവാർഡ് യൂണിവേഴ്സിറ്റി - യു.എസ്.എ (റാങ്ക്: 5)

ഏഷ്യയിൽ നിന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റി പത്താം സ്ഥാനത്തോടെ ആദ്യ പത്തിൽ ഇടംപിടിച്ചു. ആഗോള തലത്തിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം ആദ്യ 200-ൽ കുറവാണെങ്കിലും, ഗവേഷണം, തൊഴിലവസരങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയിൽ ഇന്ത്യൻ സർവകലാശാലകൾ മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് റാങ്കിംഗ് സൂചിപ്പിക്കുന്നത്.

Content Highlights: IIT Delhi has emerged as the top-ranked Indian institute, securing the 118th position globally in the latest QS World University Rankings, while MIT USA continues to lead the global list for the 15th consecutive year.