ബിസിനസ് മാനേജ്മെൻറ്,നിയമപഠനങ്ങൾ അടിസ്ഥാനമാക്കി പ്ലസ്ടുക്കാർക്ക് പഞ്ചവത്സര ഇൻറഗ്രേറ്റഡ് നിയമപ്രോഗ്രാം

റോത്തക് (ഹരിയാണ) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) ബിസിനസ് മാനേജ്മെൻറ്, നിയമ പഠനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള പഞ്ചവത്സര ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.) 2025-31 സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.
പാഠ്യപദ്ധതി
ബിസിനസ് മാനേജ്മെൻറ്, ലോ, ഗവേണൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഇൻറർ-ഡിസിപ്ലിനറി സ്വഭാവമുള്ളതാണ് പാഠ്യപദ്ധതി. ഇൻറർനാഷണൽ ലോ, കംപാരറ്റീവ് ലോ, ഫോറിൻ ലോ, ഡൊമസ്റ്റിക് ലോ, ഇൻറർനാഷണൽ അഫയേഴ്സ്, ഹ്യുമാനിറ്റീസ്, പബ്ലിക് പോളിസി, ഫോറിൻ ലാംഗ്വേജസ് തുടങ്ങിയവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻറഗ്രേറ്റഡ് ബി.ബി.എ.+എൽഎൽ.ബി. ബിരുദം ലഭിക്കും. എക്സിറ്റ് ഓപ്ഷൻ ഇല്ല. പ്രതിവർഷം മൂന്നു ടേമുള്ള, മൊത്തം 15 ടേമുകൾ നീണ്ടുനിൽക്കുന്നതാണ് പ്രോഗ്രാം.
യോഗ്യത
പ്ലസ് ടു ജയിച്ചിരിക്കണം. ക്ലാസ് 10/എസ്.എസ്.സി., ക്ലാസ് 12/എച്ച്.എസ്.സി./തത്തുല്യ പരീക്ഷകളിൽ, കുറഞ്ഞത് 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) നേടിയിരിക്കണം. അപേക്ഷകരുടെ പ്രായം 2026 ജൂൺ 30-ന് 20 വയസ്സ് കവിഞ്ഞിരിക്കരുത്.
2026 ജൂൺ അവസാനത്തോടെ പന്ത്രണ്ടാം ക്ലാസ് യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും വ്യവസ്ഥകളോടെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ താത്‌കാലികപ്രവേശനം നൽകും. പ്രവേശന രജിസ്ട്രേഷൻ വേളയിൽ യോഗ്യത നേടിയതിന്റെ രേഖകൾ ഹാജരാക്കണം.
ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം നടത്തിയ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) അണ്ടർ ഗ്രാജ്വേറ്റ് 2026 സ്കോർ അല്ലെങ്കിൽ ഐ.ഐ.എം. റോത്തക് നടത്തുന്ന ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐ.പി.എം.എ.ടി.) 2026 സ്കോർ വേണം.
ക്ലാറ്റ് യു.ജി. അടിസ്ഥാനമാക്കി അപേക്ഷിക്കുന്നവർക്ക് ക്ലാറ്റ് ആപ്ലിക്കേഷൻ നമ്പർനൽകി രജിസ്റ്റർചെയ്യാം. ഐ.പി.എം.എ.ടി. വഴി പ്രവേശനം തേടുന്നവർ അപേക്ഷ നൽകുമ്പോൾ ഐ.പി.എം. പ്രോഗ്രാമിനൊപ്പം ഐ.പി.എൽ. പ്രോഗ്രാമും തിരഞ്ഞെടുക്കണം.
ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
മേയ് 10-ന് രാവിലെ ഒൻപതുമുതൽ നടത്തുന്ന ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് രണ്ടുഭാഗങ്ങൾ ഉണ്ടാകും. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. 120 മിനിറ്റ് ദൈർഘ്യമുള്ള ആദ്യ സെക്‌ഷനിൽ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ലോജിക്കൽ റീസണിങ്, വെർബൽ എബിലിറ്റി എന്നിവയിൽനിന്ന് 40 വീതം ചോദ്യങ്ങൾ ഉണ്ടാകും. രണ്ടാം സെക്‌ഷന് 20 മിനിറ്റ് ദൈർഘ്യം ഉണ്ടാകും. ഇതിൽ ലീഗൽ റീസണിങ്ങിൽനിന്ന് 20 ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും.
അപേക്ഷ
ഇരുവിഭാഗക്കാർക്കും അപേക്ഷ www.iimrohtak.ac.in ലെ പ്രോഗ്രാം ലിങ്ക് വഴി (ന്യൂസ്/അനൗൺസ്‌മെൻറ്സ് ലിങ്ക്) ഏപ്രിൽ ആറിനകം നൽകാം. ഇരു വിഭാഗക്കാർക്കും അപേക്ഷാഫീസ് 4937 രൂപ. ഓൺലൈൻ ആയി അടയ്ക്കാം. പ്രോസ്പെക്ടസ്, വിശദാംശങ്ങൾ എന്നിവ സെറ്റിൽ ലഭിക്കും.
അപേക്ഷകരെ ഐ.പി.എം.എ.ടി./ക്ലാറ്റ്, സ്കോർ/റാങ്ക് പരിഗണിച്ച്, പേഴ്സണൽ ഇൻറർവ്യൂവിന് (പി.ഐ.) ഷോർട് ലിസ്റ്റ് ചെയ്യും.
അക്കാദമിക് മികവ്, ജനറൽ അവയർനസ്, കമ്യൂണിക്കേഷൻ സ്കിൽസ് എന്നിവ പി.ഐ.യിൽ വിലയിരുത്തും.
ക്ലാറ്റ്/ഐ.പി.എം.എ.ടി. സ്കോർ (55 ശതമാനം വെയ്റ്റേജ്); ഇൻറർവ്യൂ (15); ക്ലാസ് 10 മികവ് (10), ക്ലാസ് 12 മികവ് (20) എന്നിവ പരിഗണിച്ച് അന്തിമ റാങ്ക്പട്ടിക തയ്യാറാക്കും. അക്കാദമിക് സെഷൻ ഓഗസ്റ്റ് മൂന്നാംവാരം തുടങ്ങും.
Content Highlights: 5-Year Integrated BBA+LLB degree offered by IIM Rohtak.