IELTS വാലിഡിറ്റി: അപേക്ഷിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വിദേശപഠനത്തിനും ജോലിക്കും തയ്യാറെടുക്കുന്ന വിദ്യാർഥികളും ഉദ്യോഗാർഥികളും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപായി ഐഇഎൽടിഎസ് സ്കോറിന്റെ കാലാവധി നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്. പരീക്ഷാഫലം പ്രഖ്യാപിച്ച തീയതി മുതൽ രണ്ട് വർഷമാണ് മിക്ക രാജ്യങ്ങളിലും ഐഇഎൽടിഎസ് സ്കോറിന്റെ സാധാരണ വാലിഡിറ്റി. ടെസ്റ്റ് റിപ്പോർട്ട് ഫോമിൽ (ടി.ആർ.എഫ്.) ഈ കാലാവധി തീയതി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. കൂടാതെ ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നീ വിഭാഗങ്ങളിലെ സ്കോറുകളും ഓവറോൾ ബാന്റ് സ്കോറും ഇതിൽ ഉൾപ്പെടുന്നു.

യു.എസ്.എ, യു.കെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ സർവ്വകലാശാല പ്രവേശനം, സ്റ്റുഡന്റ് വിസ, മറ്റ് ജനറൽ വിസകൾ എന്നിവയ്ക്കായി രണ്ട് വർഷത്തെ കാലാവധി കഴിയാത്ത സ്കോറുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഈ രണ്ടു വർഷത്തെ കാലാവധി കഴിഞ്ഞാൽ സ്കോർ പൂർണ്ണമായും അസാധുവാകും. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അപേക്ഷകർ പുതിയ സ്കോറിനായി വീണ്ടും പരീക്ഷ എഴുതേണ്ടി വരും. കാരണം റെഗുലർ അപേക്ഷകൾക്കായി ഈ കാലാവധി നീട്ടി നൽകുന്ന ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ല. എന്നാൽ ഓസ്ട്രേലിയൻ സ്കിൽഡ് മൈഗ്രേഷൻ പ്രോഗ്രാമുകൾക്ക് ചില ഘട്ടങ്ങളിൽ മൂന്ന് വർഷം വരെ സ്കോറുകൾൾക്ക് കാലാവധി ലഭിക്കാറുണ്ട്. അതിനാൽ അഡ്മിഷൻ, കാനഡ പി.ആർ അല്ലെങ്കിൽ വിസ നടപടികൾ പൂർത്തിയാകുന്നതുവരെ തങ്ങളുടെ ഐഇഎൽടിഎസ് സ്കോറിന് കാലാവധിയുണ്ടെന്ന് അപേക്ഷകർ ഉറപ്പാക്കേണ്ടതുണ്ട്.

Content Highlights: IELTS test scores are generally valid for two years for study and work visas in major countries, requiring candidates to retake the test if the validity expires during their application process.