പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം

#ഡോ. എസ്. രാജൂകൃഷ്ണൻ
ഫോട്ടോ:രാഹുല്‍ ജി.ആര്‍
ഫോട്ടോ:രാഹുല്‍ ജി.ആര്‍

സിനിമ, ടെലിവിഷൻ മേഖലകളിലെ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), സിനിമ, ടെലിവിഷൻ വിഭാഗങ്ങളിലെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലെ കല്പിതസർവകലാശാലയാണിത്.

എംഎഫ്എ

സിനിമാ വിഭാഗത്തിൽ മൂന്നുവർഷ/രണ്ടുവർഷ മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് (എംഎഫ്എ) പ്രോഗ്രാമുകളുണ്ട്.

എംഎഫ്എ സിനിമ (മൂന്നു വർഷം) - സ്പെഷ്യലൈസേഷനുകൾ: ഡയറക്‌ഷൻ ആൻഡ് സ്‌ക്രീൻ പ്ലേ റൈറ്റിങ്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്‌, സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈൻ, ആർട് ഡയറക്‌ഷൻ ആൻഡ് പ്രോഡക്‌ഷൻ ഡിസൈൻ.

എംഎഫ്എ സിനിമ (രണ്ടുവർഷം) - സ്പെഷ്യലൈസേഷനുകൾ: സ്‌ക്രീൻ ആക്റ്റിങ്, സ്‌ക്രീൻ റൈറ്റിങ് (ഫിലിം, ടിവി, വെബ് സീരീസ്) യോഗ്യത: ആർട് ഡയറക്‌ഷൻ ആൻഡ് പ്രോഡക്‌ഷൻ ഡിസൈൻ പ്രവേശനത്തിന് അപ്ലൈഡ് ആർട്സ്, ആർക്കിടെക്ചർ, പെയിൻറിങ്, സ്കൾപ്ചർ, ഇൻറീരിയർ ഡിസൈൻ, ഫൈൻ ആർട്സിലെ ബന്ധപ്പെട്ട മേഖലകൾ എന്നിവയിൽ ഒന്നിലെ ബിരുദം/തത്തുല്യ യോഗ്യതവേണം. മറ്റ് എംഎഫ്എ പ്രോഗ്രാമുകൾക്ക് ഏതെങ്കിലും വിഷയത്തിലെ ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത വേണം.

പിജി സർട്ടിഫിക്കറ്റ്

ടെലിവിഷൻ മേഖലയിലെ ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം: ഡയറക്‌ഷൻ, ഇലക്‌ട്രോണിക് സിനിമാറ്റോഗ്രഫി, വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനിയറിങ് എന്നീ സവിശേഷമേഖലകളിലുണ്ട്.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എഐസിടിഇ) അംഗീകാരമുള്ളവയാണ് പിജി സർട്ടിഫിക്കറ്റ് കോഴ്സുകൾ. ഏതെങ്കിലും വിഷയത്തിൽ ബാച്ച്‌ലർ ബിരുദം/തത്തുല്യ യോഗ്യത ഉള്ളവർക്ക് പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്

രണ്ടുഘട്ടമായി നടത്തുന്ന എഫ്ടിഐഐ എൻട്രൻസ് ടെസ്റ്റ് 2024-25 വഴിയാണ് തിരഞ്ഞെടുപ്പ്‌. ജൂലായ്‌ 27-ന്‌ നടത്തുന്ന ആദ്യഘട്ട പരീക്ഷക്ക്‌ തിരുവനന്തപുരവും കേന്ദ്രമാണ്‌.

അപേക്ഷ

applyadmission.net/ftii2025/ വഴി 2025 ജൂലായ് 11-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. രണ്ടു കോഴ്സുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ കോഴ്സുകൾ തിരഞ്ഞെടുക്കാം എന്ന് പ്രോ​െസ്പക്ടസിൽ വിശദീകരിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് 21 മുതൽ ഡൗൺലോഡ് ചെയ്തെടുക്കാം.

Content Highlights: FTII Admissions 2024-25: Apply Now!