ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്‌സി, ബിഇ/ ബിടെക്/ ബിആർക്, ബിഎസ്‌സി നഴ്‌സിങ്, ബിഎസ് സി അഗ്രികൾച്ചർ, എംബിഎ/പിജിഡിഎം (ഫുൾടൈം) എന്നീ കോഴ്‌സുകളിൽ 2025-26 വർഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കണം.
വീരമൃത്യു വരിച്ച സായുധസേനാംഗങ്ങളുടെ ആശ്രിതർ, കാഴ്ച-സംസാര-കേൾവി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ തുടങ്ങിയവർക്കും അപേക്ഷിക്കാം.
ട്യൂഷൻ ഫീസും മറ്റ് ചെലവുകളും ഉൾപ്പെടെ വർഷം ഒരു ലക്ഷം രൂപവരെ സ്കോളർഷിപ്പായി ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം മൂന്നുലക്ഷം കവിയരുത്. സേവനത്തിലിരിക്കേ മരിച്ച ജവാന്മാരുടെ ആശ്രിതർക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
അപേക്ഷാഫോമിനും വിശദ വിവരങ്ങൾക്കുമായി https://www.federal.bank.in/documents/d/guest/federal-bank-hormis-memorial-foundation-scholarships-2025-26-website-announcement-final എന്ന ലിങ്ക് സന്ദർശിക്കുക. വിവരങ്ങൾ ബാങ്കിന്റെ വെബ്സൈറ്റിലെ സിഎസ്ആർ പേജിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.
Content Highlights: Federal Bank Hormis Memorial Foundation scholarships for merit-based admissions in various courses for 2025-26.