വിദ്യാർഥികളെ പിഴിഞ്ഞ് പ്രവേശനപരീക്ഷാ ഫീസ്; പാവപ്പെട്ടവർക്കും ഇളവ് നാമമാത്രം

#പ്രകാശന്‍ പുതിയേട്ടി
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ന്യൂഡൽഹി: പ്ലസ്ടുവും ബിരുദവും കഴിഞ്ഞ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അപേക്ഷിക്കാനുള്ള പ്രവേശനപരീക്ഷാ ഫീസിനത്തിൽ നടക്കുന്നത് പകൽക്കൊള്ള. സർക്കാർ പ്രവേശനപരീക്ഷ മിക്കതും നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് നടത്തുന്നത്. മിക്ക സർക്കാർ പ്രവേശനപരീക്ഷകൾക്കും വിദ്യാർഥികൾ നൽകേണ്ടത് രണ്ടായിരത്തിലധികം രൂപ. പാവപ്പെട്ടവർക്കും ഒബിസി വിഭാഗങ്ങൾക്കും ഇളവ് പേരിനുമാത്രം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ 12,000-15,000 രൂപയിലധികവും. സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കിൽ നിയന്ത്രണവുമില്ല.

ഒരു പ്രവേശനപരീക്ഷയിലൂടെമാത്രം താത്പര്യമുള്ള വിഷയം ലഭിച്ചേക്കില്ലെന്നതിനാൽ ഒരേസമയം ഒന്നിലധികം സ്ഥലത്ത് അപേക്ഷ നൽകുന്നവരാണ് ഏറെയും. പ്ലസ്ടു കഴിഞ്ഞ വിദ്യാർഥി നീറ്റ് യുജി പരീക്ഷയ്ക്ക് കഴിഞ്ഞ വർഷം അടച്ച അപേക്ഷാഫീസ് 1700 രൂപയാണ്.

ഒബിസി-ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് ഇളവ് 100 രൂപമാത്രം. നീറ്റ് പിജിക്ക് 3500 രൂപ. ഇതിൽ ഇളവുമില്ല. കേന്ദ്രസർവകലാശാലകളിലേക്കുള്ള ബിരുദപ്രവേശനത്തിന് സിയുഇടി പരീക്ഷയ്ക്കും കനത്ത ഫീസാണ്. അഞ്ചുവിഷയങ്ങളാണ് മിക്കവരും തിരഞ്ഞെടുക്കുക. ഇതിന് 1800 രൂപ നൽകണം. ഒബിസി വിഭാഗത്തിന് 1650 രൂപ. പിജി സിയുഇടി ആണെങ്കിൽ 2400 രൂപയാവും.

ഇവർ ജെഇഇ പരീക്ഷയ്ക്കുകൂടി അപേക്ഷിക്കുന്നുണ്ടെങ്കിൽ, ജെഇഇ മെയിനിന് രണ്ടായിരം രൂപയും (അധിക പേപ്പറിന് ആൺകുട്ടിക്ക് 2000-ഉം പെൺകുട്ടിക്ക് 1600 വേറെ) അഡ്വാൻസ് പരീക്ഷയ്ക്ക് 3200 രൂപയും നൽകണം. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി (എൻഎൽയു) ഒഴികെയുള്ള മറ്റ് സർക്കാർ ലോ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്ലാറ്റിന്റെ ഫീസ് ജനറൽ-ഒബിസി ഭേദമില്ലാതെ 4000 രൂപയാണ്.

Content Highlights: entrance exam fees are causing significant financial strain on students