ആറുമാസമായിട്ടും സെറ്റ് സര്‍ട്ടിഫിക്കറ്റില്ല: വെട്ടിലായി ഉദ്യോഗാര്‍ഥികള്‍
കൊച്ചി: ഏകീകരണ നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുപോകുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് വിതരണമടക്കം പാളുന്നു. ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാനിര്‍ണയ പരീക്ഷയായ സെറ്റില്‍ വിജയിച്ചവരുടെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സര്‍ട്ടിഫിക്കറ്റ് 2019 ജൂണിനുശേഷം നല്‍കിയിട്ടില്ല. സംസ്ഥാനസര്‍ക്കാരിനു കീഴിലെ ശാസ്ത്രസാങ്കേതിക കേന്ദ്രമായ എല്‍.ബി.എസിനാണു പരീക്ഷാ നടത്തിപ്പിന്റെയും സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്റെയും ചുമതല.
ഇതോടെ, ഫലംവന്ന് ഒരു വര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കാനാവാതെ വെട്ടിലായി. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുംവരെ െപ്രാവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍, സ്വകാര്യ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.
ആര് ഒപ്പിടുമെന്ന ആശയക്കുഴപ്പം
സെറ്റ് സര്‍ട്ടിഫിക്കറ്റില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറാണ് ഒപ്പിട്ടിരുന്നത്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി ഏകീകരണം വന്നതോടെ ആ തസ്തിക ഇല്ലാതായി. ഏകീകരണ നടപടി പൂര്‍ത്തിയാവാത്തതിനാല്‍ ആര് ഒപ്പിടുമെന്ന ആശയക്കുഴപ്പമുണ്ടായതായി ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. നിലവില്‍ ജനറല്‍ എജ്യുക്കേഷന്‍ ഡയറക്ടറാണ് ഒപ്പിടേണ്ടത്.
ഉടന്‍ അച്ചടി തുടങ്ങും
സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ചിട്ടുണ്ട്്. അച്ചടി തുടങ്ങാനുള്ള അന്തിമാനുമതി കിട്ടി. അടുത്തയാഴ്ചതന്നെ പുതിയ മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അച്ചടിതുടങ്ങും.
-ഡോ. ആര്‍. രാമചന്ദ്രന്‍, ഡെപ്യൂട്ടി ഡയറക്ടര്‍, എല്‍.ബി.എസ്.
ഏകീകരണവുമായി ബന്ധമില്ല
സെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ ആശയക്കുഴപ്പങ്ങള്‍ ഏകീകരണവുമായി ബന്ധപ്പെട്ടുള്ളതല്ല. സാങ്കേതികപ്രശ്‌നം മാത്രമാണ്.
-കെ. ജീവന്‍ ബാബു, ഡയറക്ടര്‍ ജനറല്‍ എജ്യുക്കേഷന്‍
Content Highlights: Education dept delays distribution of SET Certificate
Content Highlights: