വിദ്യാലയ പഠനയാത്ര; അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ബസിന് മാത്രം അനുമതി

പ്രതീകാത്മക ചിത്രം|മാതൃഭൂമി
പ്രതീകാത്മക ചിത്രം|മാതൃഭൂമി

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനയാത്രയ്ക്ക് അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രമേ വിളിക്കാവൂ എന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും നിര്‍ദേശം ബാധകമാണ്. വിനോദ, വ്യവസായശാല സന്ദര്‍ശനയാത്രകളിലും ഇത് പാലിക്കണമെന്ന് വിദ്യാലയമേധാവികളെ അറിയിച്ചു. യാത്രകളിലെ തെറ്റായ പ്രവണതകള്‍ ഒഴിവാക്കുന്നതിനാണ് ഈ നിര്‍ദേശം നല്‍കിയതെന്ന് ഉത്തരവില്‍ പറയുന്നു.

യാത്രയുടെ പൂര്‍ണ ഉത്തരവാദിത്വം സ്ഥാപനമേധാവിക്കായിരിക്കും. യാത്ര ആസൂത്രണം ചെയ്യേണ്ടത് അധ്യാപകരാണ്. കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക കേരള ടൂറിസം വെബ്‌സൈറ്റില്‍ കാണാമെന്ന് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശത്തിലുണ്ട്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. മേധാവികള്‍ക്കും സര്‍ക്കാര്‍ ഉത്തരവ് കൈമാറിയിട്ടുണ്ട്.

പഠനയാത്രക്കിടെ ചില ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നിയമം ലംഘിക്കുന്നത് മോട്ടോര്‍വാഹന വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില സ്ഥാപനങ്ങളില്‍ ബസ് വട്ടം കറക്കിയതും ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി നടന്ന് കാണിച്ചതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസും മോട്ടോര്‍വാഹന വകുപ്പും നടപടിയെടുത്തിരുന്നു. വിദ്യാലയപരിസരത്ത് യാത്രയ്ക്ക് എത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് സ്‌കൂള്‍വളപ്പിലെ ചട്ടങ്ങള്‍ ലംഘിച്ച് ഇരുചക്രവാഹനങ്ങള്‍ അകമ്പടി പോകുന്നതും അപകടകരമായ രീതിയില്‍ അവ ബസിന് ചുറ്റും ഓടിക്കുന്നതും ഏറെ വിവാദമായിരുന്നു. ചില ബസുകളുടെ ഫാന്‍സ് എന്ന രീതിയിലാണ് ഇത് നടത്തിയിരുന്നത്.

Content Highlights: Education Department Directs Schools to Arrange Recognised Tour Operators for Study Tour

Content Highlights: