‘അഭിമുഖങ്ങൾ പുറന്തള്ളാനുള്ള ആയുധം’: രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി ഡൽഹി സർവകലാശാല

ന്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി സർവകലാശാല അധികൃതർ. ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഖ്‌നൗവിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി ഡൽഹി സർവകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
വിദ്യാർത്ഥികളെ പുറന്തള്ളാനുള്ള മാർഗമായാണ് അഭിമുഖങ്ങളെ സർവകലാശാല ഉപയോഗിക്കുന്നതെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. "അഭിമുഖം എന്നത് വിദ്യാർത്ഥികളെ ഒഴിവാക്കാനുള്ള ഒരു വഴി മാത്രമാണ്. അവർ നിങ്ങളുടെ ജാതി ചോദിക്കുകയും തുടർന്ന് അഭിമുഖത്തിൽ നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നു’- അദ്ദേഹം പറഞ്ഞു. ആർഎസ്എസിന്റെ മുതിർന്ന പ്രചാരകർക്കിടയിൽ ഒബിസി, ദളിത്, ആദിവാസി വിഭാഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി സർവകലാശാലയുടെ മറുപടി
വെള്ളിയാഴ്ച വൈകിട്ട് എക്സിലൂടെയായിരുന്നു സർവകലാശാല ആരോപണങ്ങളെ ശക്തമായി നിഷേധിച്ചത്.
പ്രവേശന മാനദണ്ഡം: ഭൂരിഭാഗം ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കും പ്രവേശനം നൽകുന്നത് സിയുഇടി സ്കോറുകൾ അടിസ്ഥാനമാക്കിയാണെന്നും മിക്ക കോഴ്‌സുകൾക്കും അഭിമുഖങ്ങൾ നിർബന്ധമല്ലെന്നും സർവകലാശാല വ്യക്തമാക്കി.
അധ്യാപക നിയമനം: രാഹുൽ ഗാന്ധി ഉദ്ദേശിച്ചത് അധ്യാപക നിയമനത്തെക്കുറിച്ചാണെങ്കിൽ, സമീപകാലത്തായി എല്ലാ വിഭാഗങ്ങളിൽ നിന്നുമായി (SC, ST, OBC, General) ആയിരക്കണക്കിന് അധ്യാപകരെ സർവകലാശാല നിയമിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വസ്തുതകൾ പരിശോധിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് സർവകലാശാലയിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
സർവകലാശാലയുടെ വിശദീകരണം നിലനിൽക്കുമ്പോഴും, ഇന്ത്യൻ നാഷണൽ ടീച്ചേഴ്സ് കോൺഗ്രസും (INTEC) ചില സർവകലാശാലാ പ്രൊഫസർമാരും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള വിവരങ്ങൾ പുറത്തുവിട്ടു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത പല തസ്തികകളിലും അഭിമുഖത്തിന് ശേഷം യോഗ്യരായ ഉദ്യോഗാർത്ഥികളെ അനുയോജ്യരായവരെ കണ്ടെത്തിയില്ല എന്ന് രേഖപ്പെടുത്തി ഒഴിവാക്കിയതായി പൊതുരേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
Content Highlights: Rahul Gandhi accused Delhi University of using interviews to discriminate against SC, ST, and OBC candidates.