പെൺകുട്ടികളുടെ പഠനത്തിന് ഒരു ലക്ഷം രൂപ സഹായം; ‘ലഖ്പതി ബിതിയ യോജന’യുമായി ഡൽഹി സർക്കാർ

ന്യൂഡൽഹി: പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി പുതിയ സാമ്പത്തിക സഹായ പദ്ധതി അവതരിപ്പിച്ച് ഡൽഹി സർക്കാർ. 2008-ൽ ആരംഭിച്ച 'ലാഡ്ലി' പദ്ധതി പരിഷ്കരിച്ചാണ് മുഖ്യമന്ത്രി രേഖാ ഗുപ്ത, ലഖ്പതി ബിതിയ യോജന എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചത്. 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
പദ്ധതിയിലൂടെ അർഹരായ പെൺകുട്ടികൾക്ക് വിവിധ ഘട്ടങ്ങളിലായി ആകെ 56,000 രൂപ സർക്കാർ നിക്ഷേപിക്കും. ഈ തുക പലിശ സഹിതം പെൺകുട്ടിക്ക് 21 വയസ്സാകുമ്പോൾ ഒരു ലക്ഷം രൂപയിലധികം ആയി ബാങ്ക് അക്കൗണ്ടിലെത്തും.
തുക ലഭിക്കുന്ന ഘട്ടങ്ങൾ
ജനനസമയത്ത്: 11,000 രൂപ
ഒന്നാം ക്ലാസ് പ്രവേശനത്തിന്: 5,000 രൂപ
ആറാം ക്ലാസ് പ്രവേശനത്തിന്: 5,000 രൂപ
ഒൻപതാം ക്ലാസ് പ്രവേശനത്തിന്: 5,000 രൂപ
പത്താം ക്ലാസ് വിജയിക്കുമ്പോൾ: 5,000 രൂപ
പന്ത്രണ്ടാം ക്ലാസ് പ്രവേശനത്തിന്: 5,000 രൂപ
ബിരുദം/ഡിപ്ലോമ കാലയളവിൽ: 20,000 രൂപ (വിവിധ ഘട്ടങ്ങളിലായി)
പ്രധാന നിബന്ധനകൾ
താമസം: പെൺകുട്ടി ഡൽഹിയിൽ ജനിച്ചയാളാകണം. കുടുംബം കഴിഞ്ഞ മൂന്ന് വർഷമായി ഡൽഹിയിൽ താമസിക്കുന്നവരാകണം.
വരുമാന പരിധി: കുടുംബത്തിന്റെ വാർഷിക വരുമാനം 1.20 ലക്ഷം രൂപയിൽ താഴെയായിരിക്കണം.
വിവാഹം: 18 വയസ്സിന് മുൻപ് വിവാഹിതരാകുന്ന പെൺകുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
രജിസ്ട്രേഷൻ: ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസം: അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കണം. ബിരുദ പഠനം ഇന്ത്യയിലെവിടെയുള്ള യുജിസി (UGC) അംഗീകൃത കോളേജുകളിലായാലും ആനുകൂല്യം ലഭിക്കും.
പിൻവലിക്കൽ രീതി
പന്ത്രണ്ടാം ക്ലാസ് വിജയിച്ച് 18 വയസ്സ് പൂർത്തിയാകുമ്പോഴോ, ബിരുദ പഠനം പൂർത്തിയാക്കി 21 വയസ്സ് തികയുമ്പോഴോ പലിശ സഹിതമുള്ള തുക പിൻവലിക്കാം. എന്നാൽ 21 വയസ്സിനുള്ളിൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചില്ലെങ്കിൽ ഈ തുക സർക്കാരിലേക്ക് തിരികെ പോകും.
പദ്ധതിയുടെ എല്ലാ നടപടികളും ഓൺലൈൻ വഴിയായിരിക്കുമെന്നും അപേക്ഷകർ സർക്കാർ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: Delhi government introduces Lakhpati Bitiya Yojana to boost girls` higher education