വനിതാ ഗവേഷകർക്ക് 60 ലക്ഷം വരെ രൂപ ഫണ്ടിങ്; കേന്ദ്ര സർക്കാരിന്റെ BioCARe ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ബയോടെക്നോളജി വകുപ്പ്, വനിതാ ഗവേഷകർക്കായി ബയോകെയർ (Biotechnology Career Advancement and Re-orientation) പ്രോഗ്രാമിന് കീഴിൽ ഗവേഷണ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി മേഖലയിൽ വനിതാ ശാസ്ത്രജ്ഞരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയും അവരുടെ കരിയർ വികസനത്തിന് പിന്തുണ നൽകുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗവേഷണ പ്രോജക്റ്റുകൾ നടത്തുന്നതിനായുള്ള നോൺ-റിക്കറിങ്, റിക്കറിങ് ചെലവുകൾ അടങ്ങിയ ഒരു ഫെല്ലോഷിപ്പും ഗ്രാൻ്റും ലഭ്യമാകും. മൂന്ന് വർഷമാണ് പദ്ധതിയുടെ കാലാവധി.
അപേക്ഷിക്കാനുള്ള യോഗ്യതകൾ:
- ഇന്ത്യയിൽ താമസിക്കുന്ന, അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിൽ സ്ഥിരമായ ജോലിയില്ലാത്ത ഇന്ത്യൻ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പരമാവധി 55 വയസ്സ് വരെയാണ് പ്രായപരിധി.
- ഇതിന് മുന്പ് ഗവേഷണത്തിന് ഏതെങ്കിലും രീതിയിൽ സർക്കാർ സഹായധനം കിട്ടിയിട്ടുള്ളവരും വനിതകൾക്കുള്ള ഏതെങ്കിലും സർക്കാർ പദ്ധതിയിൽ സഹായം നേടിയിട്ടുള്ളവരും അർഹരായിക്കില്ല.
ഗവേഷണ വിഷയങ്ങൾ
1. അനിമൽ ആൻഡ് മറൈൻ ബയോടെക്നോളജി
2. ബയോഎൻജിനീയറിങ് ആൻഡ് ബയോമെറ്റീരിയൽസ്
3. മെഡിക്കൽ ബയോടെക്നോളജി
4. എൻവയൺമെന്റൽ ബയോടെക്നോളജി
5. പ്ലാന്റ് ആൻഡ് അഗ്രികൾചറൽ ബയോടെക്നോളജി (ഓരോ വിഷയത്തിലെയും ബന്ധപ്പെട്ട മേഖലകളും പരിഗണിക്കും)
രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി അപേക്ഷിക്കാം:
- കാറ്റഗറി-I: ലൈഫ് സയൻസസ്/ബയോടെക്നോളജി അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ പിഎച്ച്.ഡി പൂർത്തിയാക്കിയവർ, അല്ലെങ്കിൽ MD/MDS/M.V.Sc ബിരുദമുള്ളവർക്ക് ഈ വിഭാഗത്തിൽ അപേക്ഷിക്കാം.
- റിസർച്ച് ഗ്രാന്റ്റ്; പരമാവധി 60 ലക്ഷം രൂപ. ഇതിൽ 75,000 രൂപ പ്രതിമാസ ഫെലോഷിപ്പും ഉൾപ്പെടും.
- കാറ്റഗറി-II: ബയോടെക്നോളജി/അനുബന്ധ മേഖലകളിൽ എം.ടെക് (M.Tech) പൂർത്തിയാക്കിയവർ അല്ലെങ്കിൽ M.Pharma/തത്തുല്യ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. (ശ്രദ്ധിക്കുക: നിലവിൽ പിഎച്ച്.ഡിയിലോ മറ്റ് ഉന്നത പഠനത്തിലോ ചേർന്ന് പഠിക്കുന്നവർക്കോ, മറ്റേതെങ്കിലും തരത്തിലുള്ള ഫെല്ലോഷിപ്പുകൾ കൈപ്പറ്റുന്നവർക്കോ അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കില്ല).
- റിസർച്ച് ഗ്രാന്റ്- പരമാവധി 40 ലക്ഷം രൂപ. ഇതിൽ 58,000 രൂപ പ്രതിമാസ ഫെലോഷിപ്പുമുണ്ട്.
പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:
| വിവരങ്ങൾ | വിശദാംശങ്ങൾ |
|---|---|
| അവസാന തീയതി | 2026 സെപ്റ്റംബർ 23 |
| അപേക്ഷിക്കേണ്ട പോർട്ടൽ | https://fellowships.gov.in |
| വിശദവിവരങ്ങൾ ലഭ്യമാകുന്ന വെബ്സൈറ്റ് | https://dbt.gov.in |
അപേക്ഷിക്കേണ്ട വിധം:
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കോമൺ ഫെല്ലോഷിപ്പ് പോർട്ടൽ (https://fellowships.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
Content Highlights: Department of Biotechnology offering a 3-year research fellowship and financial grant under the BioCARe program to support unemployed Indian women scientists aged up to 55 years in the field of biotechnology and life sciences.