CMAT 2026; രജിസ്‌ട്രേഷന്‍ തീയതി നീട്ടി, വിശദവിവരങ്ങള്‍ അറിയാം

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (CMAT) 2026- ലേക്കുള്ള രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടി. മുന്‍ നിശ്ചയിച്ച പ്രകാരം നവംബര്‍ 17-ന് അവസാനിക്കുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ നവംബര്‍ 24 (രാത്രി 11: 50) വരെയാണ് നീട്ടിയത്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic.in വഴി അപേക്ഷിക്കാം.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഫീസ് അടയ്ക്കാനുള്ള സൗകര്യം നവംബര്‍ 25 വരെയുണ്ട്. നവംബര്‍ 26- നും 28- നും ഇടയ്ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താം. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ദേശീയതലത്തില്‍ നടത്തുന്ന പരീക്ഷയാണ് സിമാറ്റ്.
അപേക്ഷ
- ഔദ്യോഗിക വെബ്‌സൈറ്റായ cmat.nta.nic.in സന്ദര്‍ശിക്കുക.
- ഹോംപേജിലെ 'Candidate Activity' എന്ന ഓപ്ഷനിലെ 'Registration for CMAT 2026' തിരഞ്ഞെടുക്കുക.
- New Registation എന്നതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
അപേക്ഷാ ഫീസ്
ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് 2,500 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകള്‍ക്കും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും (ഇഡബ്ല്യുഎസ്, എസ്‌സി, എസ്ടി, ഒബിസി- എന്‍സിഎല്‍, പിഡബ്ല്യുഡി/ പിഡബ്ല്യുബിഡി, ട്രാന്‍സ്‌ജെന്‍ഡര്‍) ഫീസായി 1250 രൂപ അടച്ചാല്‍ മതി.
കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടാണ് പരീക്ഷ നടത്തുക. ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഡാറ്റാ ഇന്റര്‍പ്രെട്ടേഷന്‍, ലോജിക്കല്‍ റീസണിംഗ്, ലാംഗ്വേജ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവെയര്‍നസ്, ഇന്നൊവേഷന്‍ & ഓന്റ്രപ്രണര്‍ഷിപ്പ് എന്നീ വിഷയങ്ങളിലെ കഴിവുകള്‍ വിലയിരുത്തുന്നതിനാണ് പരീക്ഷ നടത്തുന്നത്.
അപേക്ഷയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് എന്‍ടിഎ ഹെല്‍പ്‌ലൈന്‍ നമ്പറായ 011-40759000-ല്‍ ബന്ധപ്പെടുകയോ cmat@nta.ac.in എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ ചെയ്യാം. വിശദമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: CMAT 2026 registration deadline extended to November 24. Apply now for MBA admissions via the official NTA website.