CLAT 2026; പ്രൊവിഷണല്‍ ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിക്കും, പരാതി സമര്‍പ്പിക്കാനും അവസരം

#Education Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

നിയമസര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഡിസംബര്‍ പത്ത് വൈകുന്നേരം അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും. പരീക്ഷയ്ക്ക് ഹാജരായ വിദ്യാര്‍ഥികള്‍ക്ക് ക്ലാറ്റ് ഒദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി ഡൗണ്‍ലോഡ് ചെയ്യാം. ഉത്തരസൂചിക സംബന്ധിച്ച് പരാതി ഉള്ളവര്‍ക്ക് അതിനായി രൂപീകരിച്ച പോര്‍ട്ടല്‍ വഴി പരാതി ഉന്നയിക്കാവുന്നതാണ്.

ഉത്തരങ്ങള്‍, ചോദ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരാതി സമര്‍പ്പിക്കാനുള്ള പോര്‍ട്ടല്‍ ഡിസംബര്‍ പത്തിന് വൈകുന്നേരം ആരംഭിച്ച്‌ 2025 ഡിസംബര്‍ 12- ന് വെകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. ഡിസംബര്‍ ഏഴിന് 25 സംസ്ഥാനങ്ങളിലെയും 93 നഗരങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 156 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 92,344 ഉദ്യോഗാര്‍ഥികളായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതില്‍ 75,009 ഉദ്യോഗാര്‍ഥികള്‍ യുജി പ്രോഗ്രാമിനും 17,335 ഉദ്യോഗാര്‍ത്ഥികള്‍ പിജി പ്രോഗ്രാമിനും അപേക്ഷിച്ചു. യുജി  അപേക്ഷകരില്‍ 96.83 ശതമാനവും ബിരുദാനന്തര ബിരുദ അപേക്ഷകരില്‍ 92.45 ശതമാനവും പരീക്ഷയ്ക്ക് ഹാജരായി.

CLAT 2026 താല്‍ക്കാലിക ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതികള്‍ എങ്ങനെ സമര്‍പ്പിക്കാം

  • consortiumofnlus.ac.in എന്നതില്‍ നിങ്ങളുടെ CLAT അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക, 'Submit Objections' ക്ലിക്ക് ചെയ്യുക.
  • 'Submit Objection' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  • Question Booklet set, 'Type of Objection' അതായത് 'About the Answer Key' അല്ലെങ്കില്‍ 'About the Question' എന്നിവയില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക.
  • ചോദ്യ നമ്പര്‍ തിരഞ്ഞെടുക്കുക, നിങ്ങളുടെ പരാതികളുടെ വിശദാംശങ്ങള്‍ നല്‍കുക, 'Submit Objection' ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ എല്ലാ പരാതികളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, പണം അടയ്ക്കാന്‍ 'Make Payment' ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഓരോ പരാതിക്കും 1,000 രൂപ ഫീസ് നല്‍കേണ്ടതാണ്.

Content Highlights: CLAT 2026 provisional answer key will be released today. Download from consortiumofnlus.ac.in. Raise objections from Dec 10th to 12th. Get key details here!