‘മാമാ...എനിക്ക് ഫുൾ എ പ്ലസ്’; മിന്നൽ മുരളിയിലെ ‘ജോസ് മോൻ’, സിനിമാ തിരക്കിലും വസിഷ്ഠിന് മിന്നുംജയം

വസിഷ്ഠ്, വസിഷ്ഠ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച എസ്.എസ്.എൽ.സി. ഫലം|ഫോട്ടോ: പി.പി. രതീഷ്, Instagram.com/vasisht.umesh/
വസിഷ്ഠ്, വസിഷ്ഠ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച എസ്.എസ്.എൽ.സി. ഫലം|ഫോട്ടോ: പി.പി. രതീഷ്, Instagram.com/vasisht.umesh/

ചളവറ(പാലക്കാട്): “മാമാ...എനിക്ക് ഫുൾ എ പ്ലസ്”- സിനിമയിലായിരുന്നെങ്കിൽ ‘ജോസ്‌മോൻ’ മിന്നൽ മുരളിയായ ജെയ്‌സണോട് ഇങ്ങനെ പറഞ്ഞേനെ. സിനിമയുടെ തിരക്കൊന്നും ‘ജോസ് മോൻ’ എന്ന വസിഷ്ഠിനെ ബാധിച്ചില്ല. എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ബാലതാരം വസിഷ്ഠ്.

ചെന്നൈയിൽ തമിഴ്‌ സിനിമയായ ‘സൂപ്പർഹീറോ’യുടെ ചിത്രീകരണത്തിനിടയിലാണ് വസിഷ്ഠ് എസ്.എസ്.എൽ.സി. ഫലം അറിയുന്നത്. പ്രധാനവേഷത്തിൽ അഭിനയിക്കുന്ന വസിഷ്ഠ് മൂന്നുമാസത്തോളമായി ഈ സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതാൻ ചിത്രീകരണം നിർത്തിവെച്ച് സിനിമയുടെ സംഘാടകർ സമയം നൽകുകയായിരുന്നു. മോഡൽപരീക്ഷപോലും എഴുതാനായിട്ടില്ല.

വാണിയംകുളം ടി.ആർ.കെ. ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗം അധ്യാപകനാണ് അച്ഛൻ ചളവറ കയിലിയാട് ശ്രേണികയിൽ ഉമേഷ്. അതേ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം അധ്യാപികയാണ് അമ്മ ജ്യോതി. ഇരുവരുടെയും പരിശീലനംകൂടി ആയതോടെയാണ് വസിഷ്ഠിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായത്. പുതിയ സ്‌കൂളിൽ പ്ലസ് വൺ പഠനം തുടങ്ങുന്നതിനൊപ്പം സെപ്റ്റംബറിൽ തന്റെ പുതിയ തമിഴ് സിനിമയും പുറത്തിറങ്ങുമെന്ന സന്തോഷത്തിലാണ് വസിഷ്ഠ്.

Content Highlights: Child actor Vashisht secures full A+ in 2026 SSLC exams., Managed academic preparation while filming for a Tamil superhero movie., Support from teacher parents played a crucial role in his academic success., Upcoming Tamil film release scheduled for September 2026.