മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ്: സിബിഎസ്ഇക്കെതിരെ വിദ്യാർഥി സുപ്രീം കോടതിയിലേക്ക്

#Education desk
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)
ഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനം (ഫയൽ ചിത്രം/മാതൃഭൂമി)

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റ് ലഭിച്ച വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചു. സൗദിയിൽ പരീക്ഷ എഴുതിയ ഇന്ത്യൻ വിദ്യാർഥിക്കാണ് മാർക്കില്ലാത്ത മാർക്ക് ലിസ്റ്റ് കിട്ടിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു

പരീക്ഷാ ഫലം വന്നിട്ടും വിഷയങ്ങൾക്കൊന്നും മാർക്ക് രേഖപ്പെടുത്താത്ത മാർക്ക് ലിസ്റ്റാണ് തനിക്ക് ലഭിച്ചതെന്ന് വിദ്യാർത്ഥി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഹർജി ഇന്ന് തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും.

വിദേശത്ത് പഠിക്കുന്ന നിരവധി സിബിഎസ്ഇ പ്രൈവറ്റ് വിദ്യാർത്ഥികൾ സമാനമായ രീതിയിൽ ഫലപ്രഖ്യാപനത്തിലെ അപാകതകൾ നേരിടുന്നുണ്ടെന്ന് വിദ്യാർത്ഥിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് വിനീത് ജിൻഡാൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. ചിലരുടെ ഫലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

ഡൽഹിയിലും സമാന പരാതി

സമാനമായ രീതിയിൽ ഡൽഹിയിലെ ഒരു വിദ്യാർത്ഥിയും സിബിഎസ്ഇക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തനിഷ്ക് വാട്സ് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് 81 ശതമാനം മാർക്ക് ഉണ്ടായിരുന്നിട്ടും ആദ്യം ലഭിച്ച മാർക്ക് ലിസ്റ്റിൽ മാർക്കുകൾ രേഖപ്പെടുത്തിയിരുന്നില്ല. മാർക്ക് ലിസ്റ്റിൽ വിഷയാടിസ്ഥാനത്തിലുള്ള കോഡുകളും ഗ്രേഡുകളും മാത്രം നൽകി റിസൾട്ട് ലേറ്റർ (RL) എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

തുടർന്ന് സ്കൂളിലും സിബിഎസ്ഇ ഓഫീസിലും നിരന്തരം കയറിയിറങ്ങിയ ശേഷമാണ് തിരുത്തിയ മാർക്ക് ലിസ്റ്റ് ലഭിച്ചതെന്ന് വിദ്യാർത്ഥിയുടെ പിതാവ് സച്ചിൻ വാട്സ് പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ റീ-വാല്യൂവേഷന് അപേക്ഷിച്ചപ്പോൾ ബയോളജി പരീക്ഷയുടെ ഉത്തരക്കടലാസ് ബോർഡ് കാണിച്ചില്ലെന്നും ഇവർ ആരോപിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ബയോളജി ഉത്തരക്കടലാസ് വിദ്യാർത്ഥിക്ക് കൈമാറിയതായും പ്രശ്നം പരിഹരിച്ചതായും സിബിഎസ്ഇ അധികൃതർ പിന്നീട് വ്യക്തമാക്കി.

Content Highlights: An Indian CBSE Class 12 private student from Saudi Arabia has approached the Supreme Court after receiving a mark sheet with no marks recorded, highlighting a widespread glitch affecting several NRI and domestic students.