ഗൾഫ് മേഖലയിലെ CBSE വിദ്യാർത്ഥികൾക്ക് ആശ്വാസം; പരീക്ഷയ്ക്ക് പകരം ബദൽ മാർഗ്ഗം

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലത്തെ സാഹചര്യം കണക്കിലെടുത്ത്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സി.ബി.എസ്.ഇ. ബദൽ മൂല്യനിർണ്ണയ രീതി പ്രഖ്യാപിച്ചു. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ബോർഡ് റദ്ദാക്കി.
വിദ്യാർത്ഥികളുടെ ഉന്നതപഠനത്തെയും കരിയറിനെയും ബാധിക്കാത്ത വിധം സുതാര്യമായ ഫലപ്രഖ്യാപനം ഉറപ്പാക്കാനാണ് നടപടിയെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
മൂല്യനിർണ്ണയം എങ്ങനെ
വിദ്യാർത്ഥികളുടെ ഫലം നിശ്ചയിക്കുന്നത് പ്രധാനമായും താഴെ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും:
പരീക്ഷ പൂർത്തിയാക്കിയവർ: എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് അവരുടെ യഥാർത്ഥ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ഫലം പ്രഖ്യാപിക്കുക.
പരീക്ഷ എഴുതാൻ കഴിയാത്തവർ: പരീക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക്, സ്കൂളുകളിൽ നടന്ന ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ മാർക്ക് മാനദണ്ഡമാക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ: നേരത്തെ രേഖപ്പെടുത്തിയ പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളിൽ മാറ്റമുണ്ടാകില്ല.
മാർക്ക് അപ്‌ലോഡിങ്: ഏപ്രിൽ 6 മുതൽ 13 വരെ സ്കൂളുകൾ വിദ്യാർത്ഥികളുടെ മാർക്കുകൾ സിബിഎസ്ഇ. പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരിക്കൽ സമർപ്പിച്ച മാർക്കുകളിൽ പിന്നീട് മാറ്റം അനുവദിക്കില്ല.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ
കംപാർട്ട്മെന്റ് പരീക്ഷ: മുൻ വർഷങ്ങളിൽ കംപാർട്ട്മെന്റ് ലഭിച്ചവർക്കും മറ്റും 2026 ജൂലൈയിൽ പരീക്ഷാ സൗകര്യം ഒരുക്കും.
പുനഃപരീക്ഷ: ബദൽ മൂല്യനിർണ്ണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുന്നത് ബോർഡ് പരിഗണിക്കും.
സുരക്ഷ: മൂല്യനിർണ്ണയത്തിന് ആധാരമായ ഉത്തരക്കടലാസുകളും മറ്റ് രേഖകളും സ്കൂൾ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായി സൂക്ഷിക്കണം. ഇവ ഏത് സമയത്തും ബോർഡിന് പരിശോധിക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കാനാണ് മുൻഗണന നൽകുന്നതെന്ന് സിബിഎസ്ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.
Content Highlights: Cancellation of CBSE exams in West Asian countries due to regional instability. Evaluation based on internal assessments, quarterly, and pre-board marks. Mandatory mark uploading on the CBSE portal between April 6 and 13.