സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു: എങ്ങനെ പരിശോധിക്കാം?

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സ്കോർ മെച്ചപ്പെടുത്തുന്നതിനായി ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡിജിലോക്കർ വഴിയും ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നിവയിലൂടെയും മാർക്ക് ലിസ്റ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ വർഷം മുതൽ രണ്ട് ബോർഡ് പരീക്ഷാ സമ്പ്രദായം അവതരിപ്പിച്ചത്. ഇതിൽ ആദ്യത്തെ പരീക്ഷ നിർബന്ധിതമായിരുന്നു. എന്നാൽ രണ്ടാമത്തെ പരീക്ഷ വിദ്യാർത്ഥികൾക്ക് മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഓപ്ഷനൽ അവസരമായിരുന്നു. രണ്ട് പരീക്ഷകളിൽ ഏതിലാണോ ഉയർന്ന മാർക്ക് ലഭിച്ചത്, അതായിരിക്കും അന്തിമ മാർക്ക്ഷീറ്റിൽ ഉൾപ്പെടുത്തുക.

ഡിജിലോക്കർ  വഴി ഫലം പരിശോധിക്കുന്നത് എങ്ങനെ?

വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ ഡിജിറ്റൽ മാർക്ക്ഷീറ്റ് സ്വന്തമാക്കാം:

  • സ്റ്റെപ്പ് 1: ഡിജിലോക്കർ വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി പരിശോധിക്കാം. 

  • സ്റ്റെപ്പ് 2: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ ആധാർ വിവരങ്ങളോ ഉപയോഗിച്ച് സൈൻ-ഇൻ ചെയ്യുക. 

  • സ്റ്റെപ്പ് 3: 'Issued Documents' എന്ന വിഭാഗത്തിൽ പോയി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ തിരഞ്ഞെടുക്കുക.

  • സ്റ്റെപ്പ് 4: 'Class 10 Marksheet/Passing Certificate 2026' എന്നത് തിരഞ്ഞെടുക്കുക.

  • സ്റ്റെപ്പ് 5: സിബിഎസ്ഇ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ആവശ്യപ്പെടുന്ന പക്ഷം നൽകുക.

  • സ്റ്റെപ്പ് 6: വിവരങ്ങൾ സമർപ്പിച്ച ശേഷം ഡിജിറ്റൽ മാർക്ക്ഷീറ്റ് കാണാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ശ്രദ്ധിക്കുക: മാർക്ക്ഷീറ്റിലെ പേര്, റോൾ നമ്പർ, സബ്‌ജക്ട് മാർക്കുകൾ, ക്വാളിഫയിങ് സ്റ്റാറ്റസ് എന്നിവ കൃത്യമാണെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തണം. എന്തെങ്കിലും തെറ്റുകളുണ്ടെങ്കിൽ ബന്ധപ്പെട്ട സ്കൂളിലോ സിബിഎസ്ഇയിലോ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

വിജയിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ബോർഡ് നിശ്ചയിച്ചിട്ടുള്ള കുറഞ്ഞത് 33 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. മിനിമം യോഗ്യത നേടാനാകാത്തവർ സിബിഎസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കമ്പാർട്ടുമെന്റ് പരീക്ഷയ്ക്ക് ഹാജരാകേണ്ടി വരും.

ആദ്യ ബോർഡ് പരീക്ഷയിൽ 93.70 ശതമാനമായിരുന്നു സിബിഎസ്ഇ പത്താം ക്ലാസിലെ ആകെ വിജയശതമാനം. മാർക്ക് മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനത്തിന് കീഴിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് രണ്ടാം ബോർഡ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്.

Content Highlights: The Central Board of Secondary Education (CBSE) has declared the results for the Class 10 second (improvement) board exam conducted under the National Education Policy, allowing over five lakh registered students to download their updated marksheets via DigiLocker and official websites.