അപേക്ഷിക്കാൻ മികച്ച സമയമെന്ന് ഹൈക്കമ്മീഷണർ, എന്നാൽ വിസകളിൽ 37% കുറവ്; മാറ്റങ്ങളറിയാം

#Education desk
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും കാനഡയുടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ക്രിസ്റ്റഫർ കൂട്ടറും| Photo: PTI
ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങും കാനഡയുടെ ഇന്ത്യൻ ഹൈക്കമ്മീഷണർ ക്രിസ്റ്റഫർ കൂട്ടറും| Photo: PTI

ഉപരിപഠനത്തിന് കാനഡയിലേക്ക് അപേക്ഷിക്കാൻ ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർ ക്രിസ് കൂട്ടർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കാനഡ നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര വിദ്യാർഥികളുടെ പരിധിപോലും രാജ്യം ഇതുവരെ തൊട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, കാനഡയുടെ ഔദ്യോഗിക എമിഗ്രേഷൻ വിഭാഗമായ IRCC-യുടെ കണക്കുകൾ പരിശോധിക്കുമ്പോൾ വിദ്യാർത്ഥികളുടെ വരവിൽ വൻകുറവാണ് രേഖപ്പെടുത്തുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

2026 ജനുവരിയിലെ കണക്കനുസരിച്ച് 7,040 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാത്രമാണ് കാനഡയിലെത്തിയത്. ഇത് മുൻവർഷത്തെ ജനുവരിയെ അപേക്ഷിച്ച് 37 ശതമാനം കുറവാണ്.

  • പീക്ക് സീസണിലെ കുറവ്: സാധാരണയായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ എത്തുന്ന ഓഗസ്റ്റ് മാസത്തിൽ, മുൻവർഷങ്ങളിൽ 79,725 വരെ എത്തിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ വർഷം അത് വെറും 45,010 ആയി ചുരുങ്ങി.

  • ഇമിഗ്രേഷൻ ലെവൽ പ്ലാൻ(2026-28) പുതിയ നയമനുസരിച്ച് 2026-ൽ കാനഡ ലക്ഷ്യമിടുന്നത് 1,55,000 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളെ മാത്രമാണ്. ഇത് മുൻവർഷത്തെ ലക്ഷ്യത്തേക്കാൾ 49 ശതമാനം കുറവാണ്.

എന്തുകൊണ്ടാണ് ഈ മാറ്റങ്ങൾ?

വീട്ടുവാടകയിലുണ്ടായ വർദ്ധന, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഗുണനിലവാരമില്ലാത്ത ചില സ്വകാര്യ കോളേജുകളുടെ കടന്നുവരവ് എന്നിവ തടയാനാണ് കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായും വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ കാനഡ ശ്രമിക്കുന്നതായും ഹൈക്കമ്മീഷണർ അറിയിച്ചിരുന്നു. 

മാസ്റ്റേഴ്സ്, ഡോക്ടറൽ കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് പ്രവിശ്യകളുടെ സാക്ഷ്യപത്ര നിയമങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. ഹെൽത്ത് കെയർ, സാങ്കേതിക മേഖലകൾ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർക്ക് കാനഡ ഇപ്പോഴും മുൻഗണന നൽകുന്നുണ്ട്.

Content Highlights: Official IRCC data reveals a 37% year-on-year drop in new international student arrivals to Canada in early 2026, contrasting the Canadian High Commissioner's reassurance that it is the best time to apply.