പുതിയ സ്‌കൂളുകളിൽ ACയും ലിഫ്റ്റും നിർബന്ധമാക്കും; അധ്യാപകർ സമ്മാനം വാങ്ങുന്ന രീതി ഒഴിവാക്കും

#സ്വന്തം ലേഖകന്‍
AI Generated Image
AI Generated Image

തിരുവനന്തപുരം:പുതുതായി നിർമിക്കുന്ന സ്‌കൂൾ കെട്ടിടങ്ങളിൽ എ.സി.യും ലിഫ്റ്റും നിർബന്ധമാക്കാൻ വ്യവസ്ഥ വരുന്നു. ഭിന്നശേഷി കുട്ടികളുടെ സൗകര്യത്തിനായി റാമ്പും നിർബന്ധമാക്കും. ആഘോഷവേളകളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്നും സ്‌കൂളുകൾക്കു നിർദേശം നൽകും. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സ്‌കൂളുകളിലെ ഭൗതികസാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനം.

പുതിയ കെട്ടിടങ്ങളുടെ പ്ലാൻ തയ്യാറാക്കുമ്പോൾ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളിൽ എ.സി.യും നിർബന്ധമായും ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യം നിർബന്ധമാക്കും. കൂടാതെ, പിൻബെഞ്ച് ഒഴിവാക്കിയുള്ള ഇരിപ്പിടത്തിനും ക്ലാസ് മുറിയിൽ ക്രമീകരണം ഉറപ്പാക്കും.

കുട്ടികൾക്ക് കൂടുതൽ സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കാനാണ് സ്വന്തം ജന്മദിനങ്ങളിലും ആഘോഷവേളകളിലും യൂണിഫോം ഒഴിവാക്കി ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അനുമതി. സ്‌കൂൾ വിനോദയാത്രകളിൽ സാമ്പത്തികപ്രയാസംമൂലം ഒരു കുട്ടിയും വിട്ടുപോകുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ല. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ സ്‌പെഷ്യൽ അസംബ്ലികളിൽ വായിക്കണം. സ്‌പെഷ്യൽക്ലാസുപോലെ മറ്റു തടസ്സങ്ങളില്ലാതെ അവധിക്കാലം ആഘോഷിക്കാനുള്ള അവസരം ഉറപ്പാക്കും. അധ്യാപകർ കുട്ടികളിൽനിന്ന് സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണമായി ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.

പഠനനിലവാരം ഉയർത്തുന്നതിനുള്ള മിനിമം മാർക്ക് പദ്ധതി തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാതലത്തിൽ പരിശോധിച്ച് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പി.ടി.എ., എസ്.എം.സി., പൂർവവിദ്യാർഥി സംഘടന എന്നിവയ്ക്ക് പ്രത്യേക ബൈലോയും സബ്ജില്ല മുതൽ സംസ്ഥാനതലംവരെ ഭാരവാഹികളും ഉടൻ നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: ac and lift will be mandatory in new schools