പഠനത്തിന് പ്രായമില്ല; 89-ാം വയസ്സില്‍ മലയാളം പഠിച്ച് പരീക്ഷയെഴുതി കൃഷ്ണന്‍

#സ്വന്തം ലേഖകന്‍
മദിരാശി കേരളസമാജത്തിൽ നടന്ന മലയാളം മിഷൻ പഠനോത്സവത്തിൽ പരീക്ഷയെഴുതുന്ന എം. കൃഷ്ണൻ.|ഫോട്ടോ: മാതൃഭൂമി
മദിരാശി കേരളസമാജത്തിൽ നടന്ന മലയാളം മിഷൻ പഠനോത്സവത്തിൽ പരീക്ഷയെഴുതുന്ന എം. കൃഷ്ണൻ.|ഫോട്ടോ: മാതൃഭൂമി

മലയാളം പഠിക്കാനും പരീക്ഷയെഴുതാനും പ്രായം ഒരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് ചെന്നൈ അഡയാര്‍ സ്വദേശിയായ എം. കൃഷ്ണന്‍. ആടിയും പാടിയും കഥപറഞ്ഞും ചെന്നൈ മലയാളം മിഷന്‍ പഠനോത്സവത്തില്‍ ഞായറാഴ്ച പരീക്ഷയെഴുതാനെത്തിയ കുട്ടികള്‍ക്കൊപ്പം ആവേശംചോരാതെ ഈ 89-കാരനും ചേര്‍ന്നു.

തമിഴ്നാട്ടുകാരനായ കൃഷ്ണന്‍ മദ്രാസ് ഐഐടിയില്‍നിന്ന് സൂപ്രണ്ടായി വിരമിച്ചയാളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് വിരമിച്ച ഭാര്യ സരസ്വതി കേരളത്തിലെ ഗുരുവായൂര്‍ സ്വദേശിയാണ്. മലയാളത്തിനോടുള്ള താത്പര്യം ജനിക്കുന്നതും അതുവഴിയാണ്. മലയാളം എഴുതാനും വായിക്കാനും പഠിക്കണമെന്നുമാത്രമല്ല, പരീക്ഷ പാസാകുകകൂടി വേണം എന്നു തോന്നിയപ്പോഴാണ് മറുനാട്ടിലുള്ളവര്‍ക്കുവേണ്ടിയുള്ള മലയാളം മിഷന്‍ ക്ലാസിലെത്തുന്നത്.

തിരുവാണ്‍മിയൂരില്‍ കേരളസമാജത്തിലെ മലയാളം മിഷന്‍ പഠനകേന്ദ്രത്തില്‍ 2021-ലാണ് കൃഷ്ണന്‍ ചേര്‍ന്നത്. പ്രാഥമിക പഠനത്തിനുശേഷം കണിക്കൊന്ന പരീക്ഷ പാസായി. പഠനം തുടര്‍ന്ന് തയ്യാറെടുപ്പുകളോടെയാണ് സൂര്യകാന്തി പരീക്ഷയ്‌ക്കെത്തിയത്. പരീക്ഷ വളരെനന്നായി എഴുതിയതായി അദ്ദേഹം പറഞ്ഞു. അടുത്തത് ആമ്പല്‍ പരീക്ഷയാണ്. കേരളസര്‍ക്കാര്‍ അംഗീകൃത ഭാഷാ തുല്യതാപരീക്ഷയായ നീലക്കുറിഞ്ഞിയാണ് അവസാന കടമ്പ.

ചെന്നൈയിലെ പരീക്ഷാകേന്ദ്രത്തില്‍ കൃഷ്ണനെക്കൂടാതെ മുതിര്‍ന്ന പൗരര്‍ വേറെയുമുണ്ടായിരുന്നു. നീന ഗോപാലകൃഷ്ണന്‍(67), ഉഷ(54), ഷൈലജ മോഹന്‍ദാസ് (66) എന്നിവരും ഞായറാഴ്ച സൂര്യകാന്തി പരീക്ഷ എഴുതിയവരില്‍ ഉള്‍പ്പെടും.

Content Highlights: Discover the inspiring story of M. Krishnan, an 89-year-old who learned Malayalam and successfully wrote the exam.