നാലുവര്‍ഷ ബിരുദം: ആദ്യപരീക്ഷയെത്തി, എന്തെഴുതുമെന്ന് കുട്ടികള്‍

Representational Image| Photo: canva.com
Representational Image| Photo: canva.com

തൃശ്ശൂര്‍: നാലുവര്‍ഷ ബിരുദകോഴ്സിന്റെ ഒന്നാംസെമസ്റ്റര്‍ പരീക്ഷാതീയതി പ്രഖ്യാപിച്ചിരിക്കേ, മതിയായ അധ്യയനദിവസങ്ങള്‍ കിട്ടാതെ കുട്ടികള്‍ ആശങ്കയില്‍. നവംബര്‍ രണ്ടാംവാരത്തോടെയാണ് വിവിധ സര്‍വകലാശാലകള്‍ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.

ജൂലായ് ഒന്നിന് സംസ്ഥാനതലത്തില്‍ കോളേജ് പ്രവേശനോത്സവം നടന്നിരുന്നുവെങ്കിലും കുട്ടികള്‍ പേരിനുമാത്രമായിരുന്നു. കുട്ടികള്‍ കുറവായതിനാല്‍ ആദ്യയാഴ്ചകളില്‍ പുതിയ സംവിധാനം പരിചയപ്പെടുത്തുന്ന ക്ലാസുകളായിരുന്നു കൂടുതലും.

ഒന്നും രണ്ടും അലോട്മെന്റുകള്‍ കഴിഞ്ഞിട്ടും പകുതിയോളം കുട്ടികള്‍ മാത്രമായിരുന്നു പല കോളേജുകളിലും പ്രവേശനം നേടിയത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സെപ്റ്റംബര്‍ നാലിനാണ് പ്രവേശനം പൂര്‍ത്തിയായത്. ഓഗസ്റ്റ് 20 വരെ കേരളയിലും പ്രവേശനം തുടര്‍ന്നു. മറ്റുസര്‍വകലാശാലകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

പൊതുഅവധികള്‍, ഓണാവധി, മഴ, അധ്യാപകരുടെ മൂല്യനിര്‍ണയക്യാമ്പ് എന്നിങ്ങനെയും അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ടു. സെമസ്റ്ററിന് 75 അധ്യയനദിവസങ്ങള്‍ വേണമെന്നിരിക്കേ, സാങ്കേതികമായിപ്പോലും ആ അക്കത്തിലെത്തിയിട്ടില്ലെന്നാണ് കുട്ടികള്‍ പറയുന്നത്. വൈകി പ്രവേശനം നേടിയ കുട്ടികള്‍ക്ക് പകുതിപോലും അധ്യയനദിവസങ്ങള്‍ കിട്ടിയിട്ടില്ല.

ആദ്യസെമസ്റ്റര്‍ എന്ന നിലയില്‍ മൈനര്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കുട്ടികള്‍ ആശയക്കുഴപ്പത്തിലായിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞദിവസങ്ങളില്‍വരെ കോഴ്സുകള്‍ മാറാനുള്ള അവസരവും സര്‍വകലാശാലകള്‍ നല്‍കി.

അടിമുടി പരിഷ്‌കരിക്കപ്പെട്ട സിലബസിന്റെ മൊഡ്യൂളുകളിലും അവസാനഘട്ടത്തില്‍ മാറ്റങ്ങളുണ്ടായി. പല വിഷയങ്ങളുടെയും പാഠപുസ്തകങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ മാത്രമാണ് കുട്ടികളുടെ കൈകളിലെത്തിയത്. സയന്‍സ് വിഷയങ്ങളില്‍ എഴുത്തുപരീക്ഷയ്ക്ക് മുന്നോടിയായാണ് പ്രാക്ടിക്കല്‍ പരീക്ഷ നടത്തേണ്ടത്. എന്നാല്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടന്നിട്ടില്ല. നാലുവര്‍ഷ ബിരുദത്തിന്റെ ഭാഗമായുള്ള സിലബസ്, പരീക്ഷാ പരിഷ്‌കരണത്തിന്റെ നേട്ടങ്ങള്‍ കുട്ടികളിലെത്താതെ പോവുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് അധ്യാപകരും പറയുന്നു.

ആഭ്യന്തര വിലയിരുത്തലിനായുള്ള പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുപോലും മതിയായ സമയം കിട്ടിയിട്ടില്ല. പല കോഴ്സുകളിലെയും കുട്ടികളെ പരിചയപ്പെട്ടുവരുന്നേയുള്ളൂവെന്നും അധ്യാപകര്‍ പറയുന്നു.


 

Content Highlights: tudents are worried about upcoming first-semester exams for their 4-year degree courses.